Thursday
18 Oct 2018

രാജ്യമിപ്പോഴും നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍: കോടിയേരി

By: Web Desk | Wednesday 8 November 2017 9:03 PM IST

നോട്ട് നിരോധനം: എല്‍ ഡി എഫ് എസ് ബി ഐയ്ക്ക് മുമ്പിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതത്തിലാണ് രാജ്യമിപ്പോഴുമുള്ളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നോട്ട് നിരോധനം നടപ്പാക്കിയിട്ട് ഒരു വര്‍ഷമായെങ്കിലും ജനങ്ങളുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. രാജ്യത്തിന്റെ സമ്പദ് ഘടന വലിയ തകര്‍ച്ചയാണ് നോട്ട് നിരോധനം കാരണം നേരിട്ടത്. നോട്ട് നിരോധനത്തിന്റെ വാര്‍ഷികത്തിലാണ് കേന്ദ്ര മന്ത്രിമാരുള്‍പ്പെട്ട കള്ളപ്പണ വിദേശ നിക്ഷേപകരുടെ പേരുകള്‍ അടങ്ങിയ പാരഡൈസ് പേപ്പര്‍ പുറത്തു വന്നത്. കള്ളപ്പണം തടയാനാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് അവകാശപ്പെടുന്ന കേന്ദ്ര മന്ത്രി സഭയിലെ മന്ത്രിമാരുള്‍പ്പെടെയുള്ള പേരുകളാണ് ഇതിലുള്ളത്. ബി ജെ പി നേതാക്കള്‍ക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളുടെയും പേരുകള്‍ ഇതിലുണ്ട്. എന്നാല്‍ ഇടതുപക്ഷത്തിലെ ഒരു നേതാവിന്റെ പേരു പോലും ഇതിലില്ല. അതുകൊണ്ട് തന്നെ കള്ളപ്പണത്തിനെതിരെ ശബ്ദിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമെ അവകാശമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മോഡി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ എല്‍ ഡി എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് ബി ഐക്ക് മുന്നിലേക്ക് നടന്ന ബഹുജന മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ സാമ്പത്തിക അസ്ഥിരതയിലേക്ക് നയിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപനം ഉള്‍പ്പെടെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു. ഇത്തരം നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവരെ മുഴുവന്‍ രാജ്യദ്രോഹികള്‍ എന്നു വിളിച്ചു. നോട്ട് നിരോധനത്തെ എതിര്‍ത്ത എം ടി വാസുദേവന്‍ നായര്‍ക്കെതിരെയും ജി എസ് ടിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ മെര്‍സല്‍ എന്ന സിനിമയ്‌ക്കെതിരെയും അതിലെ നായകനായ വിജയ്‌ക്കെതിരെയും ബി ജെ പി രംഗത്ത് വന്നു. തങ്ങളുടെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ മുഴുവന്‍ രാജ്യദ്രോഹികളായി ചിത്രീകരിച്ച് വേട്ടയാടുകയാണ് ബി ജെ പിയും കേന്ദ്ര സര്‍ക്കാറും ചെയ്യുന്നത്. കള്ളപ്പണത്തിന്റെ പേരില്‍ സഹകരണ ബാങ്കുകളെ തകര്‍ക്കാനായിരുന്നു ശ്രമം. സഹകരണ ബാങ്കുകളിലെ നിക്ഷേപം മുഴുവന്‍ കള്ളപ്പണമാണെന്ന് പ്രചരിപ്പിച്ചു. എല്‍ ഡി എഫ് സര്‍ക്കാറിന്റെ നടപടികളാണ് സഹകരണ മേഖലയെ രക്ഷിച്ചത്. തെറ്റായ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ കൂടുതല്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരണമെന്നും അദ്ദേഹം പ റഞ്ഞു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മേലുള്ള മിന്നലാക്രമണമായിരുന്നു നോട്ട് നിരോധനമെന്ന് സി പി ഐ ദേശിയ കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍ പറഞ്ഞു. കള്ളപ്പണത്തിന്റെ പങ്ക് പറ്റുന്നവരാണ് കള്ളപ്പണം തടയാനെന്ന് പറഞ്ഞ് രംഗത്ത് വന്നത്. നോട്ട് നിരോധനത്തോടെ സമ്പദ് ഘടന തകരുകയും ജനങ്ങളുടെ ജീവിതം ദുരിത പൂര്‍ണ്ണമാവുകയും ചെയ്തു. നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടതിന്റെ ഭാഗമായി നിരവധി പേരാണ് രാജ്യത്ത് മരിച്ചത്. നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ക്യൂവില്‍ നിന്ന് തളര്‍ന്നു വീണും പണം ലഭിക്കാതെ ചികിത്സ ഉള്‍പ്പെടെ വൈകിയും പലരും മരണത്തിന്റെ പിടിയിലകപ്പെട്ടു. പാവപ്പെട്ട ജനങ്ങള്‍ ഇപ്പോഴും നോട്ട് നിരോധനം കാരണമുണ്ടായ ദുരിതത്തിന്റെ പിടിയില്‍ നിന്ന് മോചിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു. മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു. പി മോഹനന്‍, എ പ്രദീപ് കുമാര്‍ എം എല്‍ എ, കെ ലോഹ്യ, എം ആലിക്കോയ, സി സത്യചന്ദ്രന്‍, പി ടി മാത്യു സക്കറിയ എളേറ്റില്‍, നാസര്‍ കോയ തങ്ങള്‍ സംസാരിച്ചു. എം മോഹനന്‍ നന്ദി പറഞ്ഞു.

Related News