Tuesday
17 Jul 2018

നോട്ട് നിരോധനവും തകര്‍ന്ന സമ്പദ്‌വ്യവസ്ഥയും

By: Web Desk | Wednesday 8 November 2017 1:32 AM IST

കാനം രാജേന്ദ്രന്‍

2016 നവംബര്‍ എട്ടാംതീയതി രാത്രി യാതൊരു മുന്നറിയിപ്പുമില്ലാതെ, രാജ്യത്ത് പ്രചാരത്തിലുള്ള 500, 1000 ഡിനോമിനേഷനുകളിലുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസ്താവനയില്‍ ഈ നടപടിയിലൂടെ രാജ്യത്തെ കള്ളപ്പണം മുഴുവന്‍ പിടിച്ചെടുക്കാനും, തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിക്കുവാനും സാധിക്കുമെന്നായിരുന്നു. കൂടാതെ അമ്പത് ദിവസത്തിനുള്ളില്‍ ഈ നടപടിയുടെ ഗുണഫലങ്ങള്‍ രാജ്യത്ത് അനുഭവവേദ്യമാവുമെന്നും മോഡി പറഞ്ഞുവെച്ചു.
എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്യത്തെ സാധാരണ ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ വിവരണാതീതമായിരുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനാവാതെയും, ഒഴിഞ്ഞ എടിഎമ്മുകള്‍ക്കു മുന്നില്‍ ക്യൂ നിന്നും ജനം വലഞ്ഞു. നൂറിലധികം പേര്‍ നോട്ടു നിരോധനത്തിന്റെ ഫലമായി ക്യൂവില്‍ നിന്നും ചികിത്സയ്ക്ക് പണം ലഭിക്കാതെയും മറ്റും മരണമടഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷം, മരിച്ചവര്‍ക്ക് സര്‍ക്കാര്‍ ആദരാഞ്ജലി അര്‍പ്പിക്കണം എന്ന് ആവശ്യപ്പെട്ടതുപോലും നിരസിക്കപ്പെട്ടു. ഈ കണക്കുകളില്‍ ലഭ്യമല്ലാത്ത അനേകം പേര്‍ വേറെയുമുണ്ടാകും. നിര്‍മ്മാണ മേഖല, കാര്‍ഷിക മേഖല, ചെറുകിട വ്യവസായങ്ങള്‍ ഇവയെല്ലാം കൂപ്പുകുത്തി. അസംഘടിത തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ചെറുകിട കച്ചവട മേഖലയില്‍ കനത്ത ആഘാതമുണ്ടായി.
കേരളത്തിലെ സഹകരണ മേഖല പൂര്‍ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ ബാങ്കുകളുടേയും സംഘങ്ങളുടേയും സാമ്പത്തിക ഇടപാടുകള്‍ തടഞ്ഞു. കേരളത്തിലെ ഗ്രാമീണ മേഖല ഇന്നും ഈ ആഘാതത്തില്‍ നിന്നും തികച്ചും മോചിതരായിട്ടില്ല. മോഡി പറഞ്ഞ അമ്പത് ദിവസങ്ങള്‍ കഴിഞ്ഞു. നോട്ട് നിരോധനംകൊണ്ട് കള്ളപ്പണം വെളിച്ചത്തു വന്നില്ല. തീവ്രവാദം കുറഞ്ഞില്ല.
ഉടനെ അടുത്ത പ്രഖ്യാപനം മോഡിയുടെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നുണ്ടായി. നോട്ട് നിരോധനത്തിന്റെ യഥാര്‍ഥ ലക്ഷ്യം ഒരു ഡിജിറ്റല്‍ ഇന്ത്യയാണ്. നോട്ട് രഹിത സമ്പദ്‌വ്യവസ്ഥയാണ് നോട്ട് നിരോധനത്തിലൂടെ ഉദ്ദേശിച്ചത്. ഇന്ത്യയിലെ എണ്‍പത് ശതമാനം ഗ്രാമീണര്‍ക്കും ബാങ്ക് അക്കൗണ്ടുപോലും ഇല്ല എന്ന യാഥാര്‍ത്ഥ്യം പോലും ശ്രദ്ധിക്കാതെ അലക്ഷ്യമായിട്ടാണ് ഇന്ത്യയുടെ ധനകാര്യ മന്ത്രി ഈ പ്രസ്താവന നടത്തിയത്. ഇതിനിടെ, ഡോ. അമര്‍ത്യാ സെന്‍ അടക്കമുള്ള സാമ്പത്തിക വിദഗ്ധര്‍ ഈ വിഡ്ഡിത്തത്തിനെതിരെ രംഗത്തു വന്നു. ലോകത്തിലെ പ്രമുഖ ധനകാര്യ മാസികയായ ‘എക്കണോമിസ്റ്റ്’ അതിരൂക്ഷമായി ഈ നയത്തെ വിമര്‍ശിച്ചു.
ഇന്ത്യയില്‍ 2011 മുതല്‍ മാന്ദ്യം രേഖപ്പെടുത്തിയ അനൗപചാരിക തൊഴില്‍ മേഖല പൂര്‍ണമായും തകര്‍ന്നു. ഒരു വര്‍ഷം ഒരു കോടി പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന മോഡി മൂന്നു വര്‍ഷംകൊണ്ട് ഒരുലക്ഷം തൊഴില്‍ അവസരങ്ങള്‍ പോലും സൃഷ്ടിക്കുകയുണ്ടായില്ല എന്ന കാര്യംകൂടി ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.
ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകള്‍ പണലഭ്യത ഇല്ലാതായതോടെ പൂട്ടേണ്ടതായിവന്നു. വിപണിയില്‍ പണം വരാതായതോടെ കൃഷിയിലും വ്യാവസായിക ഉല്‍പ്പാദനത്തിലും ഇടിവ് വന്നു. രാജ്യത്തിന്റെ ഉപഭോക്തൃ സൂചിക 4.2 ശതമാനത്തിലെത്തി. ഇന്ത്യയിലെ തുണിമില്‍ വ്യവസായത്തിന്റെ തലസ്ഥാനമായ, മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ സൂറത്തില്‍ ഏഴര ലക്ഷം പവര്‍ലൂമുകളുള്ളതില്‍ ഒന്നര ലക്ഷവും പൂട്ടിക്കഴിഞ്ഞു. വര്‍ഷം നാന്നൂറ് കോടിയിലധികം വിറ്റുവരവ് ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 200 കോടിപോലും ഇല്ല. നിലവിലുള്ള യൂണിറ്റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
ജി എസ് ടിയുടെ വരവോടെ മുഴുവന്‍ കൈത്തറി യൂണിറ്റുകളും നഷ്ടത്തിലാണ്. ഇതുതന്നെയാണ് തമിഴ്‌നാട്ടിലെ തുണി മില്ലുകളുടെ കേന്ദ്രമായ തിരുപ്പൂരിനും പറയാനുള്ളത്. ചെറുകിട വസ്ത്ര നിര്‍മാണ യൂണിറ്റുകള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അടച്ചു പൂട്ടുന്നു. പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ ജിഎസ്ടികൂടി വന്നതോടെ ചെറുകിട നെയ്ത്ത് ശാലകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ആവാതെയായി.
ഇന്ത്യയിലാകെ പ്രചാരത്തിലുണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപയില്‍ 15.28 ലക്ഷം കോടി, അതായത് പിന്‍വലിച്ച നോട്ടുകളുടെ 99 ശതമാനം ബാങ്കുകളില്‍ തിരിച്ചെത്തി. ഇതില്‍ കള്ളപ്പണമോ കള്ളനോട്ടുകളോ ഉണ്ടായിരുന്നോ എന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയില്ല. വര്‍ഷമൊന്ന് കഴിയാറായിട്ടും നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ലത്രെ.
നിരോധിച്ച നോട്ടുകള്‍ക്കു പകരം വലിയ പ്രചാര കോലാഹലങ്ങളോടെ ഇറക്കിയ പുതിയ രണ്ടായിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകളാവട്ടെ അച്ചടിപ്പിശക് അടക്കം ഉള്ളവയായിരുന്നു. ഈ നോട്ടുകള്‍ സാധാരണ ജനങ്ങളില്‍ എത്തുന്നതിനു മുമ്പുതന്നെ ബിജെപി നേതാക്കളുടെ ബന്ധുക്കള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും തീവ്രവാദികള്‍ക്കും കള്ളപ്പണക്കാര്‍ക്കും ലഭിക്കുകയും ചെയ്തു. ഇവര്‍ക്കെല്ലാം കള്ളപ്പണം വെളുപ്പിക്കാന്‍ സാധിച്ചു എന്നതാണോ നോട്ടു നിരോധനം വഴി സംഭവിച്ചത് എന്ന സംശയം തികച്ചും ന്യായം മാത്രമാണ്. നോട്ട് നിരോധനത്തിന്റെ ബാക്കിപത്രം ഇന്ത്യയുടെ ജി ഡി പിയുടെ 58 ശതമാനം നൂറില്‍ താഴെയുള്ള ശതകോടീശ്വരന്മാരുടെ കൈകളിലെത്തി എന്നതാണ്. ഇതില്‍ പത്തുപേരുടെ കൈവശമാണ് ജിഡിപിയുടെ 42 ശതമാനം.
ഈ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ വായ്പ കിട്ടാക്കടമായി മാറി. പൊതുമേഖലാ ബാങ്കുകള്‍ കടക്കെണിയിലായി. ഈ കടക്കെണി മറികടക്കാന്‍ ബാങ്കുകള്‍ക്ക് 2.11 ലക്ഷം കോടി നല്‍കുമെന്നാണ് ഇപ്പോള്‍ മോഡി പറയുന്നത്. എവിടെ നിന്നാണ് ഈ പണം? സാധാരണക്കാരില്‍നിന്ന് ഇന്ധന വിലയായും, സബ്‌സിഡികള്‍ വെട്ടിക്കുറച്ചും കൊള്ളയടിച്ച പണമാണ് ശതകോടീശ്വരന്മാര്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വെട്ടിച്ച പണത്തിന് പകരമായി നല്‍കാന്‍ പോവുന്നത്. നോട്ട് നിരോധനത്തിനു ശേഷമുള്ള ഒരു വര്‍ഷത്തെ ചിത്രം ഇപ്രകാരമാണ്.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് നവംബര്‍ എട്ടാം തീയതി രാജ്യവ്യാപകമായി കരി ദിനം ആചരിക്കുവാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തും റിസര്‍വ് ബാങ്ക് ഓഫീസുകള്‍ക്ക് മുന്നിലും മറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ നടത്തുകയാണ്. ഈ പരിപാടികളില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കേണ്ടത് അത്യന്താപേക്ഷിതമാണ്.