Thursday
18 Oct 2018

നോട്ടുനിരോധനം; ഒരു പൗരന്റെ ആത്മകഥ

By: Web Desk | Wednesday 8 November 2017 8:03 PM IST

ജിതാജോമോന്‍

രു ദിവസം രാത്രി പുലിമുരുകന്‍ സിനിമയില്‍ പൊലീസിനെ പറ്റിച്ച് ചന്ദനത്തടിയും കടത്തി 500 രൂപയും കൊണ്ട് കടക്കുന്ന രംഗം കണ്ട് ഇറങ്ങി നല്ല പൊറോട്ടയും ചിക്കനും തട്ടാന്‍ തട്ടുകടേല്‍ കേറിയപ്പോള്‍ തട്ടുകടക്കാരനാണ് പറഞ്ഞത് 1000ത്തിന്റെയും 500ന്റയും നോട്ടെല്ലാം നിരോധിച്ചെന്ന്. അക്ഷരാര്‍ത്ഥത്തില്‍ ചിരിയാണ് വന്നത്. കാരണം ഇങ്ങനെ ഒരു മണ്ടത്തരം ഈ 20 വര്‍ഷത്തിനിടയില്‍ ഞാന്‍ കേട്ടിട്ടെ ഇല്ല. ഓരോരുത്തന്മാര്‍ ഓരോരോ കള്ളക്കഥകള്‍ പറഞ്ഞുണ്ടാക്കും ഇവരെല്ലാം അതെല്ലാം ഇവര്‍ വിശ്വസിക്കും. പിറ്റേ ദിവസം ബിസില്‍ കയറിയപ്പേള്‍ മിക്കവരുടെയും കൈയ്യില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കണ്ടക്ടര്‍ അതൊന്നും വാങ്ങുന്നില്ല. അപ്പോഴാണ് ചെറിയ ഒരു പ്രശ്‌നം മണത്ത് തുടങ്ങിയത് എന്നാലും അത്രക്കങ്ങോട്ട് വിശ്വസിക്കാന്‍ പറ്റിയില്ല. കോളജില്‍ ചെന്നപ്പോഴും എല്ലാവരും ഇതിനെപ്പറ്റിത്തന്നെ സംസാരിക്കുന്നു.
എന്നിട്ടും അത്ര വിശ്വാസം വന്നില്ല വീട്ടില്‍ ചെന്ന് പത്രം എടുത്തുനോക്കിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് ശരിക്കും മനസിലായത്. ശരിക്കും ആ സത്യം എന്നില്‍ ഒരു ഞെട്ടലാണ് ഉണ്ടാക്കിയത്. കാരണം 10 ദിവസത്തിനുള്ളില്‍ എന്റെ കല്യാണമാണ്. ഒന്നുമായിട്ടില്ല. മെഡിക്കല്‍ സ്റ്റോറുകളിലും ആശുപത്രികളിലും മറ്റും മാത്രമേ നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കൂ. കിട്ടിയ കിട്ടിയ1000ത്തിന്റെ 2 നോട്ടുകള്‍ പുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളൂ. എന്റെ കല്യാണം പോലും മാറ്റി വെച്ചാലോ എന്ന് ചിന്തിക്കേണ്ടി വന്നു.
ശരിക്കും പുസ്തകങ്ങളില്‍ മാത്രം വായിച്ചറിഞ്ഞിട്ടുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഒരു പ്രതീതിയായിരുന്നു നാട്ടിലെങ്ങും. നമ്മുടെ നാട്ടില്‍ ഇത്രയൊക്കെ ആളുകള്‍ ഉണ്ടോ എന്ന് തോന്നിപ്പോയത് ബാങ്കിലും എടിഎംമ്മിലുമൊക്കെ പോയപ്പോഴായിരുന്നു.
പല സ്ഥലത്തെയും ക്യൂ കണ്ടപ്പോള്‍ പുതിയ എതെങ്കിലും ബിവറേജസ് തുടങ്ങിയോയെന്ന് സംശയം തോന്നിപ്പോയി അത്രക്കുണ്ടായിരുന്നു നീണ്ടവരി.
ആ ദിവസങ്ങളില്‍ ബാങ്കില്‍ പോവുകയായിരുന്നു എന്റെ പ്രധാന ജോലി. കല്യാണ സ്വപ്നങ്ങള്‍ കാണേണ്ട എന്റെ സ്വപ്നങ്ങളില്‍ കരി നിഴലായിനിന്നത് നോട്ടു നിരോധനം എന്ന വിപത്തായിരുന്നു. എടിഎമ്മുകള്‍ക്ക് മുമ്പിലെ വല്യ ക്യൂവുകള്‍ക്ക് വിരാമമിട്ടുകൊണ്ട് എടിഎമ്മുകള്‍ അടച്ചുപൂട്ടി. 100 കണക്കിനാളുകള്‍ ക്യൂവില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ചു. എല്ലായിടുത്തും ഒരു വീര്‍പ്പുമുട്ടലായിരുന്നു.
ഇന്ന് ആ വല്യ ദുരന്തത്തിന്റ ഒന്നാം വാര്‍ഷികമാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഒരു ഉത്സവമായി കൊണ്ടാടുമ്പോള്‍ ഇന്ത്യയിലെ ഓരോ പൗരനും ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.
എന്തിനു വേണ്ടിയായിരുന്നു നോട്ടു നിരോധനം എന്ന ദുരന്തം ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചത്?
ഇതുകൊണ്ട് ആര്‍ക്ക് എന്തു നേട്ടമാണുണ്ടായത്?
ആര്‍ക്കാണ് ഇതിലൂടെ നേട്ടമുണ്ടായത്?
ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ വരിനിന്ന നൂറില്‍പരം പേര്‍ കുഴഞ്ഞുവീണ് മരിച്ചു. ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക?
കണക്കുകള്‍ പ്രകാരം 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് അസാധുവാക്കിയത്. ഇതിനു ശേഷം 15.28 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ തിരിച്ച് ബാങ്കിലേക്ക് എത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്. അതായത് തിരിച്ചു ബാങ്കുകളിലേക്ക് വരാത്തത് 16,000 കോടി രൂപ മാത്രം.
അസാധുവാക്കിയ 1000 രൂപ നോട്ടുകള്‍ ഏറെക്കുറെ പൂര്‍ണമായും തിരിച്ചെത്തിയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇതോടൊപ്പം കള്ളനോട്ട് കാര്യമായി പിടിക്കാനായിട്ടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 7,62,072 എണ്ണം കള്ളനോട്ടുകളാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളില്‍ എത്തിയത്. എന്നാല്‍ എത്ര രൂപയുടെ കള്ളനോട്ടാണ് കണ്ടെത്താനായത് എന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും റിസര്‍വ് ബാങ്കിന് വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല.
പുതിയ 2000, 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ മാത്രം 8000 കോടി രൂപ ചിലവാക്കിയിട്ടുണ്ട്. വെറും 16000 കോടി രൂപയുടെ കള്ളപ്പണം പിടിക്കാനാണ് നോട്ട് അസാധുവാക്കലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചത്?
ഇത് എന്റെ മാത്രം കാര്യമല്ല. ഓരോ ഇന്ത്യക്കാരനെയും നോട്ടു നിരോധനം വളരെ മോശമായ രീതിയിലാണ് ബാധിച്ചത്. ഇന്നും നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
ചിന്തിക്കണം ചെയ്തതെല്ലാം തെറ്റായിപ്പോയി എന്ന തിരിച്ചറിവ് ഇനിയെങ്കിലും കാണിക്കണം ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍.