Thursday
24 Jan 2019

പതിനഞ്ചുവര്‍ഷം, പതിനൊന്ന് ന്യൂസ്‌റൂം സമകാലിക വാര്‍ത്താനിര്‍മിതിയുടെ പാഠങ്ങള്‍

By: Web Desk | Friday 10 August 2018 10:07 PM IST

Unmesh Sivaraman janayugom

ഉന്മേഷ് ശിവരാമന്‍

‘നിങ്ങള്‍ക്ക് മുന്‍വിധിയുണ്ട്. തന്നെയുമല്ല, നിങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ വാര്‍ത്താസമ്മേളനം പിണറായി വിജയന്‍ നടത്തണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുമുണ്ട്. ആ ആഗ്രഹം.. പിണങ്ങൂല്ലല്ലോ… പള്ളീല്‍ പോയി പറഞ്ഞാല്‍ മതി’. വാര്‍ത്താ ചാനലിന്റെ പ്രൈംടൈം ചര്‍ച്ചയ്ക്കിടെ, എം സ്വരാജ് എംഎല്‍എ അവതാരകനോട് ഇങ്ങനെ പറഞ്ഞത് അടുത്തിടെയാണ്. മലയാളത്തില്‍ മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ ആരംഭിച്ചിട്ട് പതിനഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ ഒന്നുമാത്രമാണ് സൂചിപ്പിച്ചത്. വാര്‍ത്ത സംവദിക്കേണ്ട ഇടമാണെന്നും. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രമല്ല, നിങ്ങളുടെ അജണ്ട നന്നായി അറിയാമെന്നുകൂടി ന്യൂസ്‌റൂമില്‍ വന്നിരുന്ന് പറയുകയാണ് ഇക്കാലത്തെ അതിഥികള്‍. കാഴ്ചക്കാരും വാര്‍ത്താ ചാനലുകളുടെ അജണ്ട സ്ഥാപിക്കല്‍ കൃത്യമായി മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.
മലയാളത്തില്‍ പത്രങ്ങള്‍ക്ക് നല്ല പ്രചാരമുള്ള കാലത്തു (രണ്ടായിരത്തിന്റെ തുടക്കം) തന്നെയാണ് ആദ്യ മുഴുവന്‍ സമയ വാര്‍ത്താചാനലിന്റെ വരവും. തത്സമയ വാര്‍ത്തകളും സംഭവങ്ങളുടെ തത്സമയ കാഴ്ചകളും ടെലിവിഷന് മുന്നില്‍ പ്രേക്ഷകരെ പിടിച്ചിരുത്തി. വാര്‍ത്തയോട് താദാത്മ്യം പ്രാപിച്ച് പുഞ്ചിരിക്കുകയും, വേദനിക്കുകയും ചെയ്യുന്ന( മുഖഭാവം) അവതാരകരുണ്ടായി. രാത്രി ചര്‍ച്ചയില്‍ അവതാരകനായ എം വി നികേഷ്‌കുമാറിന്റെ കയ്യനക്കവും ചെരിഞ്ഞുള്ള ഇരിപ്പും എന്തിന്, നെറ്റി ചുളിച്ചുള്ള ഒരു നോട്ടം പോലും വാര്‍ത്തയുടെ നിര്‍വ്വചനങ്ങള്‍ മാറ്റിയെഴുതി. അവതാരകന്റെ ശരീരഭാഷ എങ്ങനെയാണ് വാര്‍ത്തയില്‍ ഇടപെടുന്നതെന്നുകൂടി മലയാളി കാണുകയായിരുന്നു.
വായിച്ചറിഞ്ഞിരുന്ന വാര്‍ത്തയെ കണ്ടറിയുന്ന വാര്‍ത്തയാക്കിയത് വാര്‍ത്താചാനലുകളാണ്. ഭൂതകാലസ്വഭാവമുള്ള വാര്‍ത്തകള്‍ വര്‍ത്തമാനരൂപത്തിലേക്ക് മാറി. പത്രങ്ങളിലെ മാനകഭാഷാ വഴക്കങ്ങള്‍ വിട്ട് വാമൊഴിയിലേക്ക് തത്സമയ റിപ്പോര്‍ട്ടിംഗുകള്‍ മാറിയത് വാര്‍ത്തയ്ക്ക് കൂടുതല്‍ ജൈവികത പകര്‍ന്നു. പ്രാദേശികവഴക്കങ്ങളും ഭാഷാഭേദങ്ങളും തത്സമയ റിപ്പോര്‍ട്ടിംഗിലും സംവാദങ്ങളിലും ഉപയോഗിക്കപ്പെട്ടതോടെ വാര്‍ത്തയുടെ അനുഭവതലം മാറി.
നവോത്ഥാന ആധുനികതയുടെ സാംസ്‌കാരിക മൂല്യങ്ങളെ മലയാള പത്രങ്ങള്‍ ഏറെക്കാലം കാത്തുസൂക്ഷിച്ചപോലെ ആദ്യ ചാനലായ ഇന്ത്യാവിഷനും അതുചെയ്തു. വാര്‍ത്താ സമീപനത്തിലും രാഷ്ട്രീയ നിലപാടിലും ആധുനികതാമൂല്യങ്ങള്‍ നിലനിര്‍ത്താനും ശ്രമിച്ചു. അതിനുശേഷം ചാനല്‍ മത്സരകാലമായി. പതിനഞ്ചുവര്‍ഷംകൊണ്ട് പതിനൊന്ന് ന്യൂസ് റൂമുകളായി. പന്ത്രണ്ടാമത്തെ ഫ്‌ളവേഴ്‌സിന്റെ വാര്‍ത്താചാനല്‍ അണിയറയില്‍ ഒരുങ്ങുന്നു. വിപണിസമവാക്യങ്ങളും റേറ്റിങും നിലനില്‍പ്പിന്റെ പ്രശ്‌നമായി. ‘ജനപ്രിയമാവുക, അല്ലെങ്കില്‍ തിരോഭവിക്കുക’ എന്നതിലേക്ക് ചാനല്‍ മത്സരം വളര്‍ന്നു. അത് വാര്‍ത്താ നിര്‍മ്മിതിയിലും പ്രതിഫലിച്ചു തുടങ്ങി.
പ്രണയവിവാഹത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കോട്ടയത്തെ കെവിന്റെ വാര്‍ത്തകള്‍ പാടെ മറഞ്ഞിട്ടില്ല. കെവിന്റെ മരണത്തോടെ ഒറ്റയ്ക്കായ ആ പെണ്‍കുട്ടിയുടെ കരച്ചിലിനു മുന്നില്‍ കേരളം വിറങ്ങലിച്ചപ്പോള്‍ രണ്ടുതരത്തിലുള്ള മാധ്യമ വേട്ടയാടലുകള്‍ ഉണ്ടായി. ഹൃദയം തകര്‍ന്ന് വിലപിക്കുന്ന നീനുവിന്റെ അടുത്തേക്ക് ക്യാമറനീട്ടി ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തക ഒന്നാംതരം വേട്ടക്കാരിയല്ലാതെ മറ്റാരാണ്. ഒരുദിവസം മുഴുവന്‍ നീനുവിന്റെ കരച്ചില്‍ ഒപ്പിയെടുത്ത വാര്‍ത്താചാനലുകള്‍ ആ പാവം പെണ്‍കുട്ടിയുടെ കണ്ണീരുവിറ്റ് കാശാക്കുകയല്ലേ ചെയ്തതെന്നാണ് ഉയരുന്ന ചോദ്യം. തീര്‍ന്നില്ല, മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ പോയതു കൊണ്ടാണ് കെവിനെ കാണാതായില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കാതിരുന്നത് എന്ന ആരോപണത്തെ മുഖ്യമന്ത്രിയുടെ കുഴപ്പമായി വ്യാഖ്യാനിച്ചു. ഫലമോ, വാര്‍ത്തയുടെ കാതല്‍ നഷ്ടമായി. പ്രണയവിവാഹം കൊല ചെയ്യപ്പെടേണ്ട കുറ്റമാണെന്ന ഒരുകൂട്ടമാളുകളുടെ ബോധത്തെ സാമൂഹികതയോട് ചേര്‍ത്തുവച്ച് വിശകലനം ചെയ്യാതെ വെറും വിവാദങ്ങള്‍ മാത്രമായി അതവസാനിച്ചു. വിപണിയില്‍ ഒന്നാമതാകാന്‍ വാര്‍ത്തയുടെ ജനപ്രിയവത്കരണമാണ് വാര്‍ത്താചാനലുകള്‍ ഇപ്പോള്‍ നിര്‍വ്വഹിക്കുന്നത്.
വാര്‍ത്താ ബുള്ളറ്റിനുകളുടെ റണ്‍ഡൗണ്‍ പരിശോധിച്ചാല്‍ അറുപത് ശതമാനത്തിലേറെയും നെഗറ്റീവ് വാര്‍ത്തകളാവും. ക്രമക്കേടുകള്‍, അധികൃതരുടെ അവഗണനകള്‍, വാഗ്ദാനലംഘനങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെയുള്ള വാര്‍ത്താവിന്യാസമാണ് കൂടുതല്‍ വാര്‍ത്താചാനലുകളും പിന്‍പറ്റുന്നത്. രാജ്യമോ സംസ്ഥാനമോ കൈവരിക്കുന്ന ശ്രദ്ധേയമായ നേട്ടങ്ങള്‍, സാമൂഹിക ക്ഷേമപദ്ധതികള്‍, സാധാരണക്കാരന് ഗുണകരമാകുന്ന മന്ത്രിസഭാ തീരുമാനങ്ങള്‍ ഇവയൊക്കെ റണ്‍ഡൗണില്‍ ഏറ്റവും താഴെയാകും. പലപ്പോഴും ഒഴിവാക്കപ്പെടുകയും ചെയ്യും.
പരസ്യവാചകങ്ങള്‍ കൊണ്ട് ഓരോ മണിക്കൂറിലും ആധികാരികത സൃഷ്ടിച്ചാണ് വാര്‍ത്താചാനലുകള്‍ മുന്നോട്ടുപോകുന്നത്. വെളിപ്പെടുത്തല്‍ വാര്‍ത്തകളുടെ കൂടി കാലമാണിത്. പ്രധാനപ്പെട്ട ചില സംഭവങ്ങളുടെ തുടര്‍വാര്‍ത്തകളില്‍ ‘വെളിപ്പെടുത്തല്‍’ എന്ന വാക്കുപയോഗിച്ചാണ് വാര്‍ത്താചാനലുകള്‍ ആധിപത്യമുറപ്പിക്കുന്നത്. വെളിപ്പെടുത്തുന്നയാള്‍ ആരുമാകാം. കൊലക്കേസ് പ്രതിയോ, കവര്‍ച്ചക്കാരനോ, അക്രമിയോ എന്ന ഭേദമില്ലാതെ. അവര്‍ക്ക് പറയാനുള്ളതും കേള്‍ക്കേണ്ടത് തന്നെയാണ്. പക്ഷേ, ആധികാരികതയോ, സാമാന്യയുക്തിയോ പോലും പരിശോധിക്കാതെ ഒന്നാമതെത്താനുള്ള വ്യഗ്രതയില്‍ ഇത്തരം ‘വെളിപ്പെടുത്തലുകള്‍’ നല്‍കുന്നത് വിമര്‍ശിക്കപ്പെടേണ്ടതുമാണ്.
ജനകീയ വിഷയങ്ങളേക്കാള്‍ വിവാദവിഷയങ്ങളിലാണ് പ്രൈം ടൈം ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നത്. മൂന്നാര്‍ ഒഴിപ്പിക്കലുകള്‍, ലാവലിന്‍ കേസ്, സോളാര്‍ സംഭവം, പെമ്പിളൈ ഒരുമൈ, കലാഭവന്‍ മണിയുടെ മരണം, നടിയെ ആക്രമിച്ച സംഭവം, ഹാദിയ കേസ്, ഓഖി ദുരന്തം, ശ്രീജിത്തിന്റെ കസ്റ്റഡി മരണം, നിപ്പാഭീതി, കെവിന്‍വധം, എടത്തല മര്‍ദ്ദനം ഇവയൊക്കെ എത്രയോ തവണ പ്രൈംടൈം ചര്‍ച്ചയ്ക്ക് വിഷയമായി. ചില വിഷയങ്ങള്‍ മൂന്നാഴ്ചയിലേറെ തുടര്‍ചര്‍ച്ചകളായി. അവതാരകന്റെ സമയാപഹരണമാണ് പ്രൈംടൈം ചര്‍ച്ചകളിലെ പതിവുകാഴ്ച. വാര്‍ത്താ ചാനലുകളിലെ പങ്കാളിത്ത ജനാധിപത്യം കുറയുകയാണെന്ന് സാരം.
എഡിറ്റോറിയല്‍ സ്വഭാവമുള്ള പ്രൈംടൈം ചര്‍ച്ചകള്‍ പലതും ഇപ്പോള്‍ ആരംഭിക്കുന്നത് പ്രസ്താവനകളിലൂടെയാണ്. അതിലൂടെ പലപ്പോഴും സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ തിരസ്‌കരിക്കപ്പെടുകയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ എന്ന നിലയ്ക്ക് തങ്ങളുടെ അജണ്ടകളുടെ വിളംബരമാണ് അവര്‍ നടത്തുന്നത്. ചുരുക്കത്തില്‍, മതം, ജാതി, ലൈംഗികത എന്നിങ്ങനെയുള്ള സെന്‍സേഷണല്‍ വിഷയങ്ങളിലേക്ക് പ്രൈംടൈം ചര്‍ച്ചകളെ ചുരുക്കുകയും പലപ്പോഴും ജനകീയ വിഷയങ്ങളെ പടിക്കുപുറത്തു നിര്‍ത്തുകയും ചെയ്യുന്നു. എല്ലാ വിഷയങ്ങളും പ്രൈംടൈം സംവാദത്തില്‍ ഉള്‍പ്പെടുത്തി തീരുമാനമുണ്ടാക്കേണ്ടവയാണ് എന്ന ബോധത്തിലേക്ക് വാര്‍ത്താ ചാനലുകള്‍ പരിണമിച്ചു കഴിഞ്ഞു. തങ്ങള്‍ ഒരു വാര്‍ത്ത നല്‍കിയിട്ട് എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്നാണ് പല അവതാരകരും ചോദിക്കുന്നത്.
ലൈംഗികത വാര്‍ത്താചാനലുകളുടെ പ്രിയപ്പെട്ട ‘വിഭവ’ങ്ങളില്‍ ഒന്നാണ്. ഐസ്‌ക്രീം വാണിഭം മുതല്‍ അതു പ്രകടമാണ്. സൂര്യനെല്ലി, വിതുര, കിളിരൂര്‍, പറവൂര്‍, കോതമംഗലം പെണ്‍വാണിഭങ്ങള്‍ ഒരുപാട് ആഘോഷിക്കപ്പെട്ടു. എന്നാല്‍, പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടെന്ന വാര്‍ത്ത വന്നപ്പോള്‍ മുഖ്യധാരാ വാര്‍ത്താ ചാനലുകള്‍ ആദ്യമൊന്നും കണ്ടഭാവം നടിച്ചില്ല. അതേ സമയം, നടി ആക്രമിക്കപ്പെട്ടെന്ന വാര്‍ത്തയ്ക്കും തുടര്‍ സംഭവങ്ങള്‍ക്കും വലിയ പ്രാധാന്യം ലഭിച്ചു. ആ നടിയുടെ പേരുവരെ വെളിപ്പെടുത്തിയാണ് ചര്‍ച്ചകള്‍ നടന്നത്. കനാല്‍ പുറമ്പോക്കിലെ കൂരയില്‍വച്ച് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടിക്കും ആക്രമണത്തിന് ഇരയായ നടിക്കും കുറേക്കാലത്തേങ്കിലും ഒരേ നീതിയല്ല വാര്‍ത്താചാനലുകള്‍ നല്‍കിയത്. പെമ്പിളൈ ഒരുമൈയുടെ സമരം ആഘോഷമാക്കിയത് വ്യവസ്ഥാപിത ട്രേഡ് യൂണിയനുകള്‍ക്ക് എതിരായ സമരമെന്ന നിലയിലാണ്. ഹാദിയയുടെ ചലനങ്ങള്‍ ക്യാമറക്കണ്ണുകള്‍ പലപ്പോഴും ഒപ്പിയെടുത്തത് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു പെണ്‍കുട്ടിയെന്ന നിലയ്ക്കല്ല. അതിലെ സൂക്ഷ്മമായ മതരാഷ്ട്രീയം കൂടി പരിഗണിച്ചായിരുന്നു.
മധു കൊല ചെയ്യപ്പെട്ടതു പോലെയുള്ള ചില സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ആദിവാസികളെപ്പറ്റി പല ചാനലുകളും ഓര്‍ക്കുക. കേരളത്തിലെ പട്ടികജാതി/ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട 20 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ടെലിവിഷന്‍ ഉള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്. മുന്നാക്ക പിന്നാക്ക ജാതികളില്‍പ്പെട്ട 90 ശതമാനം പേര്‍ക്കും ടെലിവിഷനുണ്ട്. ഈ മധ്യവര്‍ഗ്ഗത്തെ പിടിച്ചിരുത്തുന്ന വാര്‍ത്തകളാണ് വാര്‍ത്താചാനലുകള്‍ക്ക് വേണ്ടത്.
പല ചാനല്‍ ചര്‍ച്ചകളിലൂടെയും താര്‍ക്കിക യുക്തി പഠിക്കുകയായിരുന്നു മലയാളി. മുന്‍പ് പറഞ്ഞ ഒന്നിനെ നിഷേധിക്കാന്‍ കഴിയാത്തവിധം ദൃശ്യങ്ങള്‍ ശേഖരിക്കപ്പെടുക വഴി പൊതു ഇടങ്ങളിലെ ഇടപെടലുകളില്‍ ജാഗ്രത വേണ്ടി വന്നു; വാര്‍ത്ത നല്‍കിയതിന് ശേഷം അതുമായി ബന്ധപ്പെട്ടയാളുടെ ടെലിഫോണ്‍ പ്രതികരണത്തിലൂടെ തുടര്‍വാര്‍ത്തകളും സൃഷ്ടിക്കപ്പെട്ടു. അങ്ങനെ വാര്‍ത്തയുടെ സജീവതയെ അടയാളപ്പെടുത്താന്‍ വാര്‍ത്താചാനലുകള്‍ക്ക് കഴിഞ്ഞു. ഇത്തരം മാറ്റങ്ങള്‍ മലയാളി സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. മാധ്യമ അജണ്ടകള്‍ തിരിച്ചറിയാന്‍ മലയാളിയെ പഠിപ്പിച്ചതും വാര്‍ത്താ ചാനലുകള്‍ തന്നെയാണ്.
എഴുപത് ശതമാനത്തില്‍ അധികം മലയാളികള്‍ ടെലിവിഷന്‍ കാണുന്നവരാണെന്ന് കണക്കുകള്‍ പറയുന്നു. വാര്‍ത്താ ചാനലുകള്‍ കാണുന്നവര്‍ കുറവായിരിക്കാം. പക്ഷേ, മലയാള വാര്‍ത്താ ചാനലുകള്‍ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം ഗുണപരവും പുരോഗമനപരവും ജനാധിപത്യപരവുമാണോ എന്നത് പ്രധാനപ്പെട്ടത് തന്നെ. നവോത്ഥാന ആധുനികതാ മൂല്യങ്ങളെ കുറേക്കാലം താങ്ങിനിര്‍ത്തിയത് മലയാള പത്രങ്ങള്‍ കൂടിയാണ്. മത,ജാതി വര്‍ഗ്ഗീയതകള്‍ ഊതിക്കത്തിക്കുന്ന സമീപകാല വാര്‍ത്താ ചാനല്‍ ചര്‍ച്ചകള്‍ അത്തരം നേട്ടങ്ങളെ പിന്നോട്ടടിക്കുന്നതാണ്. കച്ചവട താത്പര്യങ്ങള്‍ക്കായി, കേരളത്തെ വേറിട്ടതാക്കുന്ന നവോത്ഥാനമൂല്യങ്ങളെ ബലി കൊടുക്കേണ്ടതുണ്ടോയെന്ന് വാര്‍ത്താ ചാനലുകള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.