Monday
17 Dec 2018

ചുഴലിക്കാറ്റ് ജാഗ്രതാനിര്‍ദ്ദേശം; സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ ആശങ്കയില്‍

By: Web Desk | Friday 5 October 2018 8:40 PM IST

ഡാലിയ ജേക്കബ്ബ്

ആലപ്പുഴ: ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും സംബന്ധിച്ച ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങള്‍ ആശങ്കയില്‍. ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച ദിവസങ്ങളില്‍ തിരമാലകള്‍ക്ക് ശക്തി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. മാത്രമല്ല അമാവാസിയോട് അടുപ്പിച്ചാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതെന്നും അതിനാല്‍ ജാഗ്രതവേണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഒമ്പതിനാണ്നാ അമാവാസി.

അമാവാസിക്ക് മുന്‍പ് തന്നെ കടല്‍ ശക്തമാകുന്നതിനും തിരമാലകള്‍ക്ക് തീവ്രത ഉണ്ടാകാനും സാധ്യതയുണ്ട്. ഓഖി ദുരന്തത്തിന്റെ ഭീതിയില്‍ നിന്നും തീരപ്രദേശങ്ങള്‍ മുക്തരാകുന്നതേയുള്ളു. ഓഖിക്ക് സമാനമായി ഇപ്പോള്‍ അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമാകുമെന്നും തീരപ്രദേശങ്ങള്‍ ജാഗ്രതപാലിക്കണമെന്നും സര്‍ക്കാര്‍ രണ്ടു ദിവസമായി കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ സംസ്ഥാനത്ത് മത്സ്യബന്ധനയാനങ്ങള്‍ കടലില്‍ പോകുന്നില്ല. ദൂരമേഖലകളില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ള യാനങ്ങള്‍ ഉടന്‍ മടങ്ങിയെത്തണമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്.

വയര്‍ലെസ്, മൊബൈല്‍ഫോണ്‍ എന്നിവ ഉപയോഗിച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇപ്പോഴും മത്സ്യബന്ധനത്തിന് പോയിരിക്കുന്ന 20 ശതമാനം യാനങ്ങളും കടലില്‍ നിന്ന് തിരിച്ചെത്തിയിട്ടില്ല. പ്രളയത്തിന് ശേഷം കടല്‍ ശാന്തമായിരുന്നു. ആലപ്പുഴ, കൊല്ലം, നീണ്ടകരയില്‍ എന്നിവിടങ്ങളില്‍നിന്നുപോയ നൂറോളം മത്സ്യബന്ധനബോട്ടുകള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പത്ത് ദിവസം മുന്‍പ് പോയ മത്സ്യത്തൊഴിലാളികളാണ് ഇവര്‍. ലക്ഷദ്വീപ് മുതല്‍ ഗുജറാത്ത് വരെയുള്ള തീരങ്ങളിലാണ് ഇവര്‍ മത്സ്യബന്ധനം നടത്തുന്നത്. ഇവര്‍ക്ക് കാലാവസ്താ നിരീക്ഷണ വകുപ്പിന്റെ വിവരം ലഭിച്ചിട്ടുണ്ട്.ചൂണ്ട വള്ളങ്ങള്‍, ട്യൂണ മത്സ്യം പിടിക്കാന്‍ ഒമാന്‍ തീരം വരെ പോകുന്ന മത്സ്യത്തൊഴിലാളികള്‍, 200 നോട്ടിക്കല്‍ മൈല്‍ പുറത്തേക്ക് മത്സ്യബന്ധനത്തിന് പോയവരുമാണ് ഇനിയും തിരിച്ചെത്താനായിട്ടുള്ളത്. ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട് തീരദേശജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.

Related News