Monday
18 Dec 2017

കാലി വളർത്തൽ സംസ്‌കാരം തിരിച്ചുപിടിക്കണം-മന്ത്രി രാജു

By: Web Desk | Saturday 7 October 2017 6:51 PM IST

പൂതാടി : ഒരു വീട്ടില്‍ കുറഞ്ഞത് ഒരു പശു അല്ലെങ്കില്‍ ഒന്നോ രണ്ടോ ആട്, അഞ്ചുകോഴി എന്നിങ്ങനെ ശീലമായിരുന്ന മലയാളി അക്കാലത്തേക്ക് തിരിച്ചുപോകേണ്ടത് അനിവാര്യമായിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് പൂതാടി പഞ്ചായത്തില്‍ ഇരുളം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച മൃഗസംരക്ഷണ പ്രദര്‍ശന വിപണന മേള ‘ഗോപായനം- 2017’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌കൂള്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയായ എന്റെ കുഞ്ഞാട് ,പൗള്‍ട്രി ക്ലബ്ബ് അറ്റ് സ്‌കൂള്‍ എന്നിവയുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പാലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. ഒരു വര്‍ഷം കൊണ്ട് 17 ശതമാനം വര്‍ധന നേടാന്‍ നമുക്കായി. ഈ രീതിയില്‍ ശ്രമിച്ചാല്‍ ഒരു വര്‍ഷത്തിനകം പാലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടാന്‍ സംസ്ഥാനത്തിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയിലെ മുഴുവന്‍ മൃഗ ഡോക്ടര്‍മാരുടെയും നിലവിലുള്ള ഒഴിവ് നികത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 95 ബ്ലോക്കുകളില്‍ ഈ വര്‍ഷം 24 മണിക്കൂറും  മൃഗഡോക്ടറുടെ സേവനം ഉറപ്പാക്കി. അടുത്തവര്‍ഷത്തോടെ ഇത് എല്ലാ ബ്ലോക്കുകളിലും ആകും. കുടുംബശ്രീയുമായി സഹകരിച്ച് ഇറച്ചിക്കോഴികളെ വളര്‍ത്തുന്നതിനുള്ള പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയിലാണ്. മികച്ചയിനം കന്നുകുട്ടികളെ പരിചയപ്പെടാനും അപൂര്‍വ്വയിനം നാടന്‍ പശുക്കളെയും വിവിധ ജനുസ്സുകളില്‍ പെട്ട ആടുകളെയും കാണാന്‍ അവസരം ഒരുക്കുകയാണ് ഗോപായനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഗോട്ട് സാറ്റലൈറ്റ് പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യ വിതരണം, പാലുല്‍പ്പാദന ബോണസ് വിതരണം, പിഗ് ഫാര്‍മേഴ്‌സ് ലോഗോ പ്രകാശനം എന്നിവയും യോഗത്തില്‍ നടന്നു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍, പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ സാബു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍.എന്‍  ശശി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.ആര്‍ ഗീത, വര്‍ഗീസ് മുരിയന്‍ കാവില്‍, ഡോ.വി ഗോപകുമാര്‍, ഡോ.കെ.എസ്പ്രേ മന്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.