Monday
23 Apr 2018

യുപിയില്‍ വീണ്ടും ദളിതനുനേരെ ആക്രമണം

By: Web Desk | Tuesday 16 January 2018 7:11 PM IST

മുസ്സാഫര്‍നഗര്‍: യുപിയില്‍ വീണ്ടും ദളിതനു നേരെ ആക്രമണം. മുസ്സാഫര്‍നഗര്‍ സ്വദേശിയായ വിപിന്‍ കുമാര്‍ എന്നയാളെയാണ് ആളുകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്.
സാരമായി പരിക്കേറ്റ വിപിന്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്തതായും കുറ്റവാളികളെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുള്ളതായും പൊലീസ് പറഞ്ഞു.
കുറേയേറെ പേര്‍ ഒരാളെ കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍  വീഡിയോകളില്‍ ഉപദ്രവിക്കുന്ന ആളുകളുടെ മുഖം ദൃശ്യമല്ലാത്തത് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

മോട്ടോര്‍സൈക്കിളില്‍ കടയില്‍ നിന്ന് തിരികെവരുമ്പോഴായിരുന്നു ഒരുകൂട്ടം ആളുകളെ വിപിന്‍ കുമാറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. വടികൊണ്ടും മറ്റും ഉപദ്രവിക്കുന്നതിനിടെ ദൈവങ്ങളുടെ പേരുകള്‍ ചൊല്ലാന്‍ ഇയാളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്.
കഴിഞ്ഞയാഴ്ച യുപിയില്‍ ഒരു കൂട്ടം ദളിത് യുവാക്കള്‍ ദളിതരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവിടെയുണ്ടായിരുന്ന ദൈവങ്ങളുടെ പടങ്ങള്‍ എടുത്തു മാറ്റിക്കുകയും പകരം ബി ആര്‍ അംബേദ്കറിന്റെ ചിത്രം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടായിരിക്കാം ദളിതനായ മറ്റൊരാളുടെ നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ദളിത് സംഘടനയായ ഭീം ആര്‍മിയുടെ അംഗമാണ് വിപിന്‍ കുമാര്‍. ദൈവങ്ങളുടെ ഫോട്ടോ നശിപ്പിച്ച പരാതിയിന്മേല്‍ കഴിഞ്ഞയാഴ്ച ചിലര്‍ വിപിനും മറ്റു ചിലര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് അറസ്റ്റിലായിരുന്ന വിപിന്‍ കുമാറിനെ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം പുറത്തിറക്കുകയും ചെയ്തിരുന്നു.

Photo Courtesy: NDTV