Wednesday
19 Sep 2018

ദളിത് ഹര്‍ത്താല്‍: കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും

By: Web Desk | Sunday 8 April 2018 1:40 PM IST

തിരുവനന്തപുരം: ദളിത് സംഘടനകള്‍ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെ എസ്‌ആര്‍ടിസി എംഡി നിര്‍ദ്ദേശം നല്‍കി.

എല്ലാ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്നും ജോലിക്കെത്തിയ ജീവനക്കാരുടെയും നടത്തിയ സർവീസുകളുടെയും വിശദമായ റിപ്പോർട്ട് രാവിലെയും ഉച്ചയ്ക്കും അയയ്ക്കണമെന്നും നിർദ്ദേശിച്ചു.

ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പൊലീസ് സംരക്ഷണം തേടാനും  ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ബസുകളും നാളെ സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ കടകൾ തുറന്നു പ്രവർത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കി.

ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹർത്താലിനു ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നടക്കുന്ന ഹർത്താലിൽനിന്ന് പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.