Friday
19 Oct 2018

ചരിത്രത്തിലേക്ക് മുഴങ്ങി ഉമേഷിന്റെ പൂജാമണി

By: Web Desk | Wednesday 1 November 2017 6:44 PM IST

ഷിബിന ജോബ്

ഇരിങ്ങാലക്കുട: ശ്രീകോവിലിലേക്കു കയറും മുന്‍പ് ഉമേഷ് മുഴക്കിയത് മാറ്റത്തിന്റെ മണിനാദമായിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നിയമനം ലഭിച്ച ദളിത് വിഭാഗത്തില്‍ നിന്നുമുള്ള ആദ്യത്തെ പൂജാരി ഉമേഷിന് ക്ഷേത്രത്തില്‍ ചുമതലയേല്‍ക്കാന്‍ എത്തിയപ്പോള്‍ വെള്ളൂർ പൊഞ്ഞനം ദേവസ്വം കീഴേഡം ഞാലികുളം മഹാദേവക്ഷേത്ര വിശ്വാസികള്‍ നല്‍കിയത് ഉജ്വല വരവേല്‍പ്.

രാവിലെ എട്ടുമണിയോടെ ക്ഷേത്രത്തിലെത്തിയ ഉമേഷിനെ ദേവസ്വം ഓഫീസറും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ചാര്‍ജ് എടുത്ത ശേഷം ശ്രീകോവിലില്‍ കയറിയ ഉമേഷ് സ്ഥലം എംഎല്‍എ അടക്കമുള്ളവര്‍ക്ക് തീര്‍ഥവും പ്രസാദവും നല്‍കി.
ദേഹശുദ്ധി വരുത്തി ശ്രീകോവിലില്‍ കയറിയ ഉമേഷിന് നിലവിലെ ശാന്തി ക്ഷേത്ര മൂലമന്ത്രം ചെവിയില്‍ ചൊല്ലിക്കൊടുത്തു. ശേഷം, ക്ഷേത്രത്തിലെ പൂജ ആവശ്യങ്ങള്‍ക്കുള്ള പാത്രങ്ങളുടെയും മറ്റും കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസര്‍ക്ക് നിയമന ഉത്തരവു കൈമാറിയാണു ഉമേഷ് ഹാജര്‍ ബുക്കില്‍ ഒപ്പു വച്ചത്.
എല്ലാം ഗുരുനാഥന്റെയും കാരണവന്മാരുടെയും ദൈവത്തിന്റെയും അനുഗ്രഹമാണ്. ചരിത്രനിയോഗത്തിന്റെ ഭാഗമായത് സുകൃതമായി കാണുന്നു. എല്ലാ അംഗീകരാവും ഗുരുക്കന്മാരുടെ പാദത്തില്‍ സമര്‍പ്പിക്കുന്നതായി ഉമേഷ് പറഞ്ഞു.


എം എല്‍ എ അരുണന്‍ ,ദേവസ്വം ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ ഈ ചരിത്ര നിമിഷത്തിന് സാക്ഷികളാവന്‍ എത്തിയിരുന്നു. മതിലകം സ്വദേശി കുഴുപ്പുള്ളി ഉണ്ണികൃഷ്ണന്റെയും ഓമനയുടെയും മകനായ ഉമേഷ് കൃഷ്ണന്‍ എസ് എന്‍ പുരം പൂവ്വത്തുംകടവ് പ്രദേശത്ത് താമസിക്കുന്ന മണക്കാട്ട് കണ്ണന്‍ ശാന്തിയില്‍ നിന്നും പൂജാവിധികള്‍ പഠിക്കാനാരംഭിച്ചു പിന്നീട് കണ്ണൂര്‍ ഇളയാവൂര്‍ തന്ത്രി പ്രകാശ് ശര്‍മ്മയുടെയും ശിക്ഷണത്തിലായിരുന്നു പഠനം ഭാര്യ അശ്വതി. മക്കള്‍ അതുല്‍ കൃഷ്ണ, അറ്റ്‌ലീ കൃഷ്ണ എന്നിവരോടപ്പം കഴിയുന്ന ഉമേഷ് കഴിഞ്ഞ 12 വര്‍ഷത്തോളമായി ശാന്തിയായി ജോലി ചെയ്ത് വരികയാണ്.