Wednesday
22 Aug 2018

അബ്രാഹ്മണ പൗരോഹിത്യം ചരിത്രം വഴിമാറുന്നു

By: Web Desk | Thursday 12 October 2017 11:03 PM IST

കേരളം സാമൂഹ്യ പരിഷ്‌കരണത്തിന്റെ പുതിയ ചരിത്രം നിര്‍വഹിക്കുകയാണ്. രാജഭരണകാലത്ത് ബ്രാഹ്മണര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ട പൗരോഹിത്യത്തിലുള്ള അധികാരങ്ങളുടേയും അവകാശങ്ങളുടേയും കുത്തക അബ്രാഹ്മണ ജാതി വിഭാഗങ്ങള്‍ക്കും പങ്കുവയ്ക്കപ്പെട്ടിരിക്കുന്നു. അബ്രാഹ്മണ ജനതയ്ക്ക്‌മേല്‍ നൂറ്റാണ്ടുകളായി അടിച്ചേല്‍പ്പിക്കപ്പെട്ട അയിത്തകല്‍പനകളുടേയും ശ്രീകോവില്‍പ്രവേശനനിഷേധത്തിന്റെയും ചരിത്രം വഴിമാറുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ ആറ് പട്ടികവിഭാഗക്കാര്‍ ഉള്‍പ്പെടെ 36 അബ്രാഹ്മണജാതിക്കാരെ ശാന്തിക്കാരായി നിയമിക്കുന്നതിന് കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തീരുമാനിച്ചിരിക്കുന്നു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് യോഗ്യതാ പരീക്ഷ നടത്തി സംവരണ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ യോഗ്യതാ പട്ടിക തയാറാക്കിയാണ് പട്ടിക വിഭാഗക്കാരും അബ്രാഹ്മണ ജാതിക്കാരുമായ ശാന്തിക്കാരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇന്ത്യയില്‍ വ്യാപകമായി പട്ടിക-പിന്നാക്ക ജാതി വിഭാഗക്കാര്‍ സവര്‍ണ ഫാസിസ്റ്റുകളാല്‍ നിരന്തരം വേട്ടയാടപ്പെടുന്ന കാലത്ത്, അബ്രാഹ്മണ ജനവിഭാഗങ്ങള്‍ക്ക് ശ്രീകോവില്‍ പ്രവേശനം അനുവദിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നിയമന നടപടി അഭിനന്ദനാര്‍ഹമാണ്. സര്‍ക്കാരിന്റെ വിപ്ലവകരമായ ഈ നടപടി സമൂഹത്തില്‍ ദൂരവ്യാപകമായ സദ്ഫലങ്ങള്‍ ഉളവാക്കുമെന്നതില്‍ സംശയമില്ല.
വര്‍ണാശ്രമ വ്യവസ്ഥ കൊടുകുത്തി വാഴുന്ന ഇന്ത്യയുടെ സാമൂഹ്യ ചരിത്രത്തില്‍ ബ്രാഹ്മണര്‍ മാത്രം ഇതഃപര്യന്തമായി പൂജ നടത്തി വന്ന ഒരു ക്ഷേത്രത്തില്‍ ആദ്യമായി ഒരു പട്ടികജാതിക്കാരന്‍ ശാന്തിയായി പൗരോഹിത്യ വൃത്തി ചെയ്യാന്‍ ആരംഭിക്കുന്നത് കേരളത്തിലാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പെരുമ്പാവൂര്‍ അറക്കപ്പടി ശിവക്ഷേത്രത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച കാലത്ത് പട്ടികജാതിക്കാരനായ മനോജ് പൂജ ചെയ്യാന്‍ ആരംഭിച്ചത് നമ്മുടെ സാമൂഹ്യചരിത്രത്തിലെ അനര്‍ഘ നിമിഷമാണ്. തിരുവല്ലയിലെ മണപ്പുറം മഹാദേവക്ഷേത്രത്തില്‍ ദളിത് യുവാവായ യദുകൃഷ്ണനും പൂജ ചെയ്യാനാരംഭിച്ചു. കേരളത്തിന്റെ മതനിരപേക്ഷ ജീവിതത്തെ തകര്‍ക്കാന്‍ സംഘപരിവാരശക്തികള്‍ സംസ്ഥാനത്തും ദേശവ്യാപകമായും സംഘടിത പ്രചരണം നടത്തുമ്പോഴാണ്, കാലത്തേയും ചരിത്രത്തേയും മറികടന്ന് സാമൂഹ്യനീതിയുടെ ദീപശിഖ ഉയര്‍ത്തി കേരളം രാജ്യത്തിന് മാതൃകയാവുന്നത്.
വര്‍ണവ്യവസ്ഥയുടേയും മനുസ്മൃതിയുടെയും വക്താക്കളാണ് സംഘപരിവാര്‍. മാസങ്ങള്‍ക്ക് മുമ്പാണ് ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അബ്രാഹ്മണനായ സുധികുമാറിനെ കീഴ്ശാന്തിയായി നിയമിച്ച് ഉത്തരവായത്. സംഘപരിവാര്‍ സംഘടനാ ഭാരവാഹികള്‍ നയിക്കുന്ന ശ്രീദേവി വിലാസം ഹിന്ദു മഹാ കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ അബ്രാഹ്മണ ശാന്തി നിയമനത്തെ എതിര്‍ത്ത് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അബ്രാഹ്മണന്‍ പൂജ ചെയ്താല്‍ ദേവി കോപിക്കുമെന്നാണ് അവര്‍ കോടതിയില്‍ കാരണം ബോധിപ്പിച്ചത്. സംഘപരിവാര്‍ ന്യായങ്ങള്‍ കോടതി അംഗീകരിച്ചില്ലെങ്കിലും താല്‍ക്കാലിക സ്റ്റേ നല്‍കി. കാലാവധി തീര്‍ന്ന മുറയ്ക്ക് എല്‍ഡിഎഫ് മന്ത്രിസഭ കൈക്കൊണ്ട ധീരമായ തീരുമാനത്തെ തുടര്‍ന്ന് ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ പൂജാരിയായി ഈഴവനായ സുധികുമാര്‍ ജോലിയില്‍ പ്രവേശിച്ചു. അബ്രാഹ്മണ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുവാന്‍ ഇപ്പോഴും അണിയറയില്‍ സംഘപരിവാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. ദേവസ്വം ബോര്‍ഡില്‍ ഇപ്പോള്‍ ശാന്തിക്കാരായി നിയമിതരായവരുടെ ഇതുവരെയുള്ള ശാന്തിജീവിതാനുഭവങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. അബ്രാഹ്മണനായതുകൊണ്ട് എത്രയോ ക്ഷേത്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ അനുഭവങ്ങള്‍ മനോജിനും സുധികുമാറിനും പറയാനുണ്ട്. അതിന്റെയെല്ലാം പിറകിലെ നിഗൂഢശക്തികള്‍ സംഘപരിവാര്‍ ആണ് എന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കടുത്തുരുത്തി മാന്നാര്‍ അപ്പാഞ്ചിറ എളമാക്കുടി മഹാദേവ ക്ഷേത്രത്തില്‍ പിന്നാക്കവിഭാഗക്കാരനായ ശാന്തിക്കാരന്‍ മാസങ്ങളായി ക്ഷേത്രത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണ്. അവര്‍ണ ശാന്തിക്കാരനെ തുരത്താന്‍ താമസസ്ഥലത്തെ വൈദ്യുതി വിഛേദിക്കുക, ക്ഷേത്രത്തില്‍ ഉണ്ടാക്കിവച്ച പായസം ശാന്തിക്കാരനറിയാതെ എടുത്ത് ഭക്തര്‍ക്ക് വിതരണം ചെയ്യുക, ക്ഷേത്രം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുക തുടങ്ങിയ വേലത്തരങ്ങള്‍ സവര്‍ണരെ മുന്നില്‍ നിര്‍ത്തി ചെയ്യിക്കുന്നത് കാക്കിഭക്തന്മാരാണെന്ന് നാട്ടില്‍ പാട്ടാണ്. ചെര്‍പ്പുളശേരിയില്‍ പിന്നാക്കക്കാരനായ ബിജു നാരായണശര്‍മ എന്ന ശാന്തിക്കാരനെ ക്രൂരമായി മര്‍ദിച്ചതും ഇതേ ശക്തികളാണെന്ന് നാട്ടില്‍ പ്രചരണമുണ്ട്. അബ്രാഹ്മണ ശാന്തി നിയമനത്തെ പ്രത്യക്ഷത്തില്‍ എതിര്‍ക്കാതെ പിന്നില്‍ നിന്ന് പാരപണിയുന്ന രീതിയാണ് സംഘപരിവാര്‍ അനുവര്‍ത്തിക്കുന്നത്. സവര്‍ണ മതരാഷ്ട്രീയത്തിന്റെ ഇത്തരം ബഹുമുഖ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടേ വരുംനാളുകളില്‍ അബ്രാഹ്മണ ശാന്തിക്കാര്‍ക്ക് തങ്ങളുടെ പ്രവൃത്തി നിര്‍വഹിക്കാന്‍ കഴിയൂ എന്ന് അവര്‍ തിരിച്ചറിഞ്ഞേ മതിയാകൂ. ജനാധിപത്യ കേരളത്തിന്റെ പിന്‍തുണയും അവര്‍ക്കാവശ്യമാണ്.
കേരളത്തില്‍ ദേവസ്വം നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന അഞ്ച് ദേവസ്വം ബോര്‍ഡുകളാണ് നിലവിലുള്ളത്. അതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മാത്രമാണ് അബ്രാഹ്മണര്‍ക്ക് പൗരോഹിത്യ അവകാശം അനുവദിക്കപ്പെട്ടിട്ടുള്ളത്. കൊച്ചി, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളുടെ ക്ഷേത്രങ്ങളില്‍ ഇതുവരെ അബ്രാഹ്മണര്‍ക്ക് ശാന്തിനിയമനം നല്‍കിയിട്ടില്ല. പ്രസ്തുത ബോര്‍ഡുവക ക്ഷേത്രങ്ങളില്‍ കൂടി തിരുവിതാംകൂര്‍ മാതൃകയില്‍ അബ്രാഹ്മണ ശാന്തി നിയമനം നടത്താന്‍ ഏകീകൃതമായ ഒരു നിയമം കൊണ്ടുവരാന്‍ അടിയന്തരമായി കേരള സര്‍ക്കാര്‍ നിയമനിര്‍മാണ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സത്വരനടപടികള്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.