Friday
14 Dec 2018

റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തല്‍; റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് കരാറില്‍ നിര്‍ബന്ധിത വ്യവസ്ഥ

By: Web Desk | Thursday 11 October 2018 9:05 AM IST

റഫാല്‍ ഇടപാടില്‍ കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍; റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് കരാറില്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്ന്  ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട്  ആണ് വെളിപ്പെടുത്തിയത്. റഫാല്‍ നിര്‍മ്മാതാക്കളായ ദ സോള്‍ട്ട് ഏവിയേഷന്‍റെ രേഖകള്‍ ഇത് വ്യക്തമാക്കുന്നതായി ഫ്രഞ്ച് മാധ്യമം വെളിപ്പെടുത്തുന്നു.കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനെത്തുന്നതിന്​ തൊട്ടുതലേന്നാണ്​ പ്രതിപക്ഷ വാദങ്ങള്‍ക്ക്​ കൂടുതല്‍ കരുത്തുപകരുന്ന വെളിപ്പെടുത്തല്‍. മാത്രമല്ല റഫാൽ വിവരങ്ങൾ കോടതി ആരായുന്നനിലയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പ്രതിരോധത്തിലേക്കു നീങ്ങിയിരിക്കയാണ്.

‘കരാര്‍ നടപ്പാകണമെങ്കില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സ്​ ഡിഫന്‍സിനെ പരി​ഗണിച്ചേതീരൂ എന്ന്​ ദസോ ഏവിയേഷന്‍ കണക്കാക്കിയ​തി​​​ന്റെ രേഖ തങ്ങളുടെ വശമുണ്ടെന്ന്​ ‘മീഡിയ പാര്‍ട്ട്​’ അന്വേഷണ റിപ്പോര്‍ട്ട്​ പറയുന്നു.

കരാര്‍ കിട്ടാന്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥ ഇന്ത്യന്‍ വിപണി പിടിക്കാനുള്ള വഴിയായതിനാല്‍ ഫ്രഞ്ച്​ ആയുധ നിര്‍മാണ കമ്പനി വഴങ്ങുകയായിരുന്നു.

ഇന്ത്യയില്‍ ആരെ പങ്കാളിയാക്കണമെന്ന കാര്യത്തില്‍ ദസോ എയ്​റോനോട്ടിക്​സിന്​ അഭിപ്രായ സ്വാതന്ത്ര്യമില്ലായിരുന്നുവെന്ന്​ മുന്‍ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഫ്രാങ്​സ്വ ഒാലന്‍ഡും​ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതോടെ, സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട്​ പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയില്ല. ഇതിനു പിന്നാലെയാണ്​ ദസോ രേഖകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്​. പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച്‌​ ദസോ ഏവിയേഷന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന എം എല്‍ ശര്‍മയുടെ പരാതിയില്‍ സുപ്രീംകോടതിയില്‍ ഇന്നലെ വാദം തുടങ്ങി. റഫാല്‍ വിവരങ്ങള്‍ കോടതിക്ക് നല്‍കികൂടെ എന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. എന്നാല്‍ കേസില്‍ എതിര്‍ കക്ഷി പ്രധാനമന്ത്രിയായത് കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക്  നേരിട്ട് നോട്ടീസ് നൽകുന്നത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമായി ഉപയോഗിക്കാനാണെന്നും  കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. റഫാല്‍ ഇടപാടിലേക്ക് എത്തിയ തീരുമാനത്തിന്‍റെ വിവരങ്ങള്‍ കേന്ദ്രം കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

Related News