Tuesday
21 Aug 2018

കാണാതായ മൂന്നുവയസ്സുകാരിക്ക് കാവലാളായത് വളര്‍ത്തുനായ

By: Web Desk | Thursday 17 May 2018 4:44 PM IST

കാണാതായ മൂന്നുവയസ്സുകാരിക്ക് കാവലാളയത് വളര്‍ത്തുനായ. കേള്‍വി ശക്തി പൂര്‍ണ്ണമായും കാഴ്ച ശക്തി ഭാഗികമായും നഷ്ടപ്പെട്ട നായയാണ് 17 വയസുകാരനായ മാക്‌സ്. ഓസ്‌ട്രേലിയയില്‍ ക്വീന്‍സ്‌ലന്‍ഡിലാണ് മൂന്നു വയസുകാരി അറോറയുടെ സംരക്ഷകനായി മാക്‌സ് മാറിയത്. കഴിഞ്ഞയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അറോറയെ കാണാതായത്.

കുട്ടി വീടിനു പുറത്തിറങ്ങിയത് വീട്ടുകാര്‍ കണ്ടില്ല. ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സമീപപ്രദേശത്തെല്ലാം പൊലീസും കുടുംബാംഗങ്ങളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ എട്ടു മണിയോടെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് മാക്‌സിനൊപ്പം സുരക്ഷിതയായ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. തലേന്നത്തെ ചാറ്റല്‍ മഴയിലും തണുപ്പിലും മാക്‌സ് കുട്ടിക്കൊപ്പം നില്‍ക്കുകയായിരുന്നു. വീട്ടുകാര്‍ ആദ്യം കണ്ടത് മാക്‌സിനെയായിരുന്നു. മാക്‌സാണ് അറോറയുടെ അടുത്തേക്ക് ഇവരെ എത്തിച്ചത്. 15 മണിക്കൂറോളം അറോറ മാക്‌സിന്റെ സംരക്ഷണത്തിലായിരുന്നു. ഒരു പോറല്‍ പോലുമേല്‍ക്കാതെ കുട്ടിയെ കണ്ടെത്തിയ സന്തോഷത്തിലാണ് വീട്ടുകാര്‍. പ്രായത്തിന്റെ അവശത അവഗണിച്ച് കുട്ടിയെ സംരക്ഷിച്ച മാക്‌സിന് പൊലീസ് നായ എന്ന പദവിയും നിരവധി സമ്മനാങ്ങളും നല്‍കിയാണ് ക്വീന്‍സ്‌ലന്‍ഡ് പൊലീസ് ആദരിച്ചത്.