Monday
23 Jul 2018

ഡോ. റിച്ചാര്‍ഡ്‌സിനെ കാത്തിരുന്നത് പിതാവിന്റെ മരണവാര്‍ത്ത

By: Web Desk | Wednesday 11 July 2018 11:04 PM IST

ബാങ്കോക്ക്: തായ് ഗുഹയിലെ രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കിയ ഡോ. റിച്ചാര്‍ഡ് ഹാരിസിന്റെ ആഹ്ലാദം ഏറെനേരം നീണ്ടുനിന്നില്ല. ദൗത്യം പൂര്‍ത്തിയാക്കി ഗുഹയ്ക്കുള്ളില്‍നിന്നു പുറത്തിറങ്ങിയ അദ്ദേഹത്തെ തേടിയെത്തിയതു പിതാവിന്റെ മരണവാര്‍ത്തയാണ്. ഗുഹയിലകപ്പെട്ട 12 കുട്ടികളെയും പരിശീലകനെയും ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ പുറത്തെത്തിച്ച ശേഷം അവസാനം പുറത്തിറങ്ങിയത് ഡോ. റിച്ചാര്‍ഡായിരുന്നു. കുട്ടികളും പരിശീലകനും പുറത്തെത്തി മണിക്കൂറുകള്‍ക്കു ശേഷമാണു ഡോ. റിച്ചാര്‍ഡ് പുറത്തെത്തിയത്. എന്നാല്‍ ദൗത്യം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനു മുന്‍പു തന്നെ റിച്ചാര്‍ഡിനെ തേടി പിതാവിന്റെ മരണവാര്‍ത്ത എത്തുകയായിരുന്നു.
ദക്ഷിണ ഓസ്‌ട്രേലിയയില്‍നിന്നുള്ള അനസ്‌ത്യേഷ വിദഗ്ധനായ ഡോ. റിച്ചാര്‍ഡ് ഹാരിസ്, ടാങ്ക് ഗുഹയില്‍ കുടുങ്ങി മരിച്ച സാഹസിക ഡൈവര്‍ മിലൗക്കയുടെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചതോടെയാണു ശ്രദ്ധേയനായത്. തായ് രക്ഷാദൗത്യത്തിനെത്തിയ ബ്രിട്ടിഷ് സംഘമാണ് റിച്ചാര്‍ഡിന്റെ സേവനം ആവശ്യപ്പെട്ടത്. അവധി ആഘോഷം വേണ്ടെന്നുവച്ചു ചിയാങ് റായിലെത്തിയ റിച്ചാര്‍ഡ്, ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ച് ഓരോ കുട്ടിയുടെയും ആരോഗ്യനില പരിശോധിച്ച ശേഷമാണ് രക്ഷസംഘം തുടര്‍നടപടികള്‍ സ്വീകരിച്ചത്. ഓരോരുത്തരെയും പുറത്തിറക്കാനുള്ള ക്രമം നിശ്ചയിച്ചതും അദ്ദേഹമായിരുന്നു.
ഗുഹാദൗത്യത്തില്‍ ഡോ.റിച്ചാര്‍ഡിന്റെ സേവനങ്ങള്‍ അഭിമാനകരമാണെന്നു ദക്ഷിണ ഓസ്‌ട്രേലിയന്‍ ആംബുലന്‍സ് സര്‍വീസ് വൃത്തങ്ങള്‍ പറഞ്ഞു. റിച്ചാര്‍ഡിന്റെ സേവനങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തിനും സംഘത്തിനും ആദരമൊരുക്കുമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് അറിയിച്ചു.

Related News