Wednesday
19 Sep 2018

മയക്കുമരുന്ന് കടത്തിന് വധശിക്ഷ നടപ്പിലാക്കാന്‍ ശ്രീലങ്ക

By: Web Desk | Wednesday 11 July 2018 11:02 PM IST

കൊളംബോ: മയക്കുമരുന്ന് കടത്തുകാരെ തൂക്കിലേറ്റുമെന്ന് ശ്രീലങ്ക. അരനൂറ്റാണ്ടായി രാജ്യത്ത വധശിക്ഷ നിര്‍ത്തലാക്കിയിട്ട്. എന്നാല്‍ മയക്കുമരുന്ന് കടത്തിന് അറുതി വരുത്താന്‍ ഇത്തരമൊരു ശിക്ഷ കൊണ്ടുവന്നേ പറ്റു എന്നുള്ളതിനാലാണ് ഈ തീരുമാനം.
ഫിലിപ്പൈന്‍സ് മാതൃക സ്വീകരിച്ച് മയക്കുമരുന്ന് കടത്തിന് കടുത്ത ശിക്ഷ തന്നെ കൊണ്ടുവരിക വഴി രാജ്യത്തെ മയക്കുമരുന്നില്‍ നിന്നും മോചിപ്പിക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേലാണ് ഈ തീരുമാനം. മയക്കുമരുന്ന് കേസില്‍ പലതവണ പിടിക്കപ്പെടുന്ന കുറ്റവാളികളെ തൂക്കിലേറ്റാനുള്ള നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചതായി സര്‍ക്കാര്‍ വക്താവ് രജിത സെനരത്‌നെ അറിയിച്ചു.
വധശിക്ഷയെ ജീവപര്യന്തം തടവ് ശിക്ഷയാക്കി ലഘൂകരിച്ചുകൊണ്ട് 1976 ല്‍ ആണ് ശ്രീലങ്കയില്‍ നിയമം പാസാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട 19 കുറ്റവാളികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി ജീവപര്യന്തത്തിന് വിധിച്ചിരുന്നു. വര്‍ദ്ധിച്ച് വരുന്ന മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ നേരിടാന്‍ കടുത്ത നടപടികള്‍ ആവശ്യമാണെന്ന് അധികൃതര്‍ പറയുന്നു.
ഈ ആഴ്ച മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിന് വധശിക്ഷയില്‍ നിന്ന് ജീവപര്യന്തമായി ശിക്ഷ ഇളവുചെയ്ത ഒരാള്‍ ജയിനുള്ളിലിരുന്നുകൊണ്ട് 100 കിലോഗ്രാം ഹെറോയിന്‍ തരപ്പെടുത്തിക്കൊടുത്തുവെന്ന് സേനരത്‌ന പറഞ്ഞു. പട്ടാളത്തെ ഉപയോഗിച്ച് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ വിജയിച്ചു. അവരുടെ വിജയം ആവര്‍ത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും സേനരത്‌ന കൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുള്‍പ്പെടെ ആയിരക്കണക്കിനാളുകളെയാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ട് വധിച്ചത്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട 4,200 പേരെ തങ്ങള്‍ വധിച്ചതായാണ് ഫിലിപ്പീന്‍സ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിന്റെ മൂന്നിരട്ടി വരുമെന്നും ഇത് മാനവികതക്കെതിരെയുള്ള കുറ്റകകൃത്യമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.