Wednesday
24 Oct 2018

ഇ പി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം

By: Web Desk | Friday 10 August 2018 10:15 PM IST

തിരുവനന്തപുരം: സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ സംസ്ഥാന മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. 13 ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. വ്യവസായം, വാണിജ്യം, കായികം, യുവജനക്ഷേമം എന്നി വകുപ്പുകളുടെ ചുമുതലയാണ് ഇ പി ജയരാജന് നല്‍കുകയെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇ പി ജയരാജന്‍ കൂടി മന്ത്രിയാകുന്നതോടെ സിപിഐ എമ്മിന് 12 മന്ത്രിമാരെന്നത് 13 ആയി മാറും.
ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് എന്നീ വകുപ്പുകള്‍ക്ക് പുറമേ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതലകൂടി മന്ത്രി കെ ടി ജലീലിന് നല്‍കും. തദ്ദേശസ്വയംഭരണം, ഗ്രാമ വികസനം, കിലാ എന്നീ വകുപ്പുകളുടെ ചുമതല ഇപ്പോഴത്തെ വ്യവസായ മന്ത്രി എ സി മൊയ്തീന് നല്‍കും. മന്ത്രിസഭയിലെ ഒരു അംഗത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ യാതൊരു അതൃപ്തിയും പാര്‍ട്ടി സംസ്ഥാന കമ്മറ്റിക്ക് ഇല്ലെന്നും അങ്ങനെയുണ്ടെങ്കില്‍ വകുപ്പല്ല, മന്ത്രിസ്ഥാനം ഒഴിവാക്കുകയാണ് സിപിഐ (എം) ചെയ്യുകയെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ തീയതി മുന്നണി യോഗത്തിനുശേഷം മുഖ്യമന്ത്രിയും ഗവര്‍ണറും ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
സിപിഐക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കുന്നതിന് സിപിഐ എമ്മിന് എതിരഭിപ്രായം ഇല്ലെന്നും കോടിയേരി പ്രതികരിച്ചു. നിലവില്‍ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സിപിഐ എമ്മിനുമാണ്. ക്യാബിനറ്റ് റാങ്കുള്ള ചീഫ്‌വിപ്പ് സ്ഥാനം നല്‍കണമോയെന്ന കാര്യം ഇടതുമുന്നണിയോഗത്തില്‍ തീരുമാനിക്കും. കേരളം കണ്ട ഏറ്റവും മികച്ച സ്പീക്കര്‍ മാരില്‍ ഒരാളാണ് പി ശ്രീരാമകൃഷ്ണന്‍. അദ്ദേഹത്തെ മാറ്റേണ്ട കാര്യമില്ല.
ഇടത് ജനാധിപത്യ മുന്നണി മന്ത്രിസഭയില്‍ രണ്ടാം വട്ടമാണ് ഇ പി ജയരാജന്‍ മന്ത്രിയാകുന്നത്. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 14ന് മന്ത്രിസഭയില്‍ നിന്ന് ജയരാജന്‍ രാജിവച്ചിരുന്നു. തുടര്‍ന്ന് നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ ജയരാജനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് വിജിലന്‍സ് കണ്ടെത്തുകയും കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.
മുന്‍പെങ്ങും ഇല്ലാത്ത തരത്തിലുള്ള കാലവര്‍ഷ കെടുതിയാണ് കേരളത്തിലുണ്ടായതെന്ന് കോടിയേരി പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങള്‍ക്കും ജനപ്രതിധിനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടും കോടിയേരി അഭ്യര്‍ത്ഥിച്ചു.