Thursday
24 Jan 2019

പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ആശ്വാസമായി ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ സര്‍ജറി

By: Web Desk | Wednesday 11 April 2018 7:07 PM IST

കൊച്ചി:

പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ന്യൂറോളജി വിദഗ്ധര്‍. ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തോടനുബന്ധിച്ചാണ് ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) സര്‍ജറി പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ സഹായകരമാകുമെന്ന ന്യൂറോളജി വിദഗ്ധരുടെ വെളിപ്പെടുത്തല്‍.

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതര്‍ക്കായി സഹായ ഗ്രൂപ്പും ആശുപത്രിയില്‍ രൂപീകരിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ. ജയശ്രീ ബെന്‍ മേത്ത ഉദ്ഘാടനം നിര്‍വഹിച്ചു. അമൃത ആശുപത്രിയിലെ അഞ്ഞൂറ് പാര്‍ക്കിന്‍സണ്‍സ് രോഗബാധിതരെ ചേര്‍ത്താണ് സഹായ ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നതെന്നും എന്നാല്‍ രാജ്യത്തെ ഏത് പാര്‍ക്കിന്‍സണ്‍സ് രോഗബാധിതര്‍ക്കും ഇതില്‍ അംഗമാകാമെന്നും അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ന്യൂറോളജി വിഭാഗം മേധാവി ഡോ. അനന്ദ്കുമാര്‍ പറഞ്ഞു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഇവര്‍ക്ക് കൗണ്‍സലിങ്ങും ആവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തോടനുബന്ധിച്ച് നിരവധി ബോധവത്കരണ പരിപാടികളും ആധുനിക ചികിത്സാ രീതികളും പരിചയപ്പെടുത്തി. ഡോ. ജയശ്രീ ബെന്‍ മേത്ത, മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, അമൃത ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. കേണല്‍ വിശാല്‍ മര്‍വഹ, ന്യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ. റാണി നായര്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു.

ഡി ബി എസ് സര്‍ജറി ഇപ്പോള്‍ കേരളത്തില്‍ ലഭ്യമാണെന്നും ബ്രെയിന്‍ പേസ്‌മേക്കര്‍ എന്നറിയപ്പെടുന്ന ന്യൂറോ സ്റ്റിമുലേറ്റര്‍ രോഗിയുടെ ശരീരത്തില്‍ ഉറപ്പിക്കുന്ന രീതിയാണിതെന്ന് അമൃതയില്‍ ന്യൂറോളജി വിഭാഗം ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. അശോക് പിള്ള വ്യക്തമാക്കി. വയറുകള്‍ മുഖേന ഇത് തലയുമായി ബന്ധിപ്പിക്കുകയും തലച്ചോറില്‍ നിന്ന് സന്ദേശങ്ങള്‍ കൃത്യമായി വിനിമയം ചെയ്യാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു. മരുന്ന് കൊണ്ട് സാധ്യമാകാത്ത ഇത്തരം കാര്യങ്ങള്‍ ഡി ബി എസിലൂടെ സാധ്യമാകും. ആധുനിക റോബോട്ടിക് സാങ്കേതിക വിദ്യയായ റോസാ എന്ന രീതിയുപയോഗിച്ചാണ് ഈ സര്‍ജറി നടത്തുന്നത്. ചികിത്സകളോട് കാര്യമായി പ്രതികരിക്കാത്തവരും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്തവരുമായ എഴുപത് വയസ് വരെ പ്രായമുള്ള പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ ബി ബി എസ് സര്‍ജറി നടത്താന്‍ കഴിയും. അഞ്ച് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നവരില്‍ ഈ ചികിത്സാ രീതി പരീക്ഷിക്കാവുന്നതാണ്. നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് ഈ സര്‍ജറിക്കായി വേണ്ടി വരുന്നത്. റോബോട്ടിക് ഫ്രെയിംലെസ്സ് സര്‍ജറി ആയതിനാല്‍ രോഗിക്ക് മറ്റു തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയുമില്ല.

ഡി ബി എസിലൂടെ പൂര്‍ണമായും രോഗമുക്തി ലഭിക്കില്ല, എന്നാല്‍ രോഗിയുടെ ജീവിത രീതിയില്‍ ഗുണപരമായ മാറ്റം വരുത്താന്‍ ഇതിന് കഴിയുമെന്ന് ന്യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ. ആര്‍. സുരേഷ്‌കുമാര്‍ പറഞ്ഞു. ഡി ബി എസ് ചികിത്സ നിലവില്‍ രാജ്യത്ത് ഇരുപതില്‍ താഴെ കേന്ദ്രങ്ങളില്‍ മാത്രമാണ് ലഭ്യമാകുന്നത്. കേരളത്തില്‍ മൂന്ന് ആശുപത്രികളില്‍ മാത്രമാണ് ഡി ബി എസ് ചികിത്സ ലഭിക്കുന്നത്. രാജ്യത്ത് ലക്ഷത്തില്‍ 33 മുതല്‍ 41 വരെ ആളുകള്‍ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതരാണെന്നിരിക്കെ നിലവിലെ സൗകര്യങ്ങള്‍ പര്യാപ്തമല്ല. ഡി ബി എസിന് അല്‍പം ചെലവ് കൂടുതലാണ്, മാത്രമല്ല ഈ രീതിയെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതിനാല്‍ ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു ഘട്ടങ്ങളിലായാണ് ഡി ബി എസ് സര്‍ജറി നടത്തുന്നത്. എവേക്ക് സ്‌റ്റേജ് എന്നതാണ് ആദ്യഘട്ടം. രോഗി ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ തലയില്‍ ഇലക്ട്രോഡ് ഉറപ്പിക്കുന്നു. ഈ സമയം ന്യൂറോളജിസ്റ്റ് കൃത്യമായ വിവരങ്ങള്‍ പരിശോധനയിലൂടെ ശേഖരിക്കും. രണ്ടാം ഘട്ടത്തില്‍ അനസ്‌തേഷ്യ നല്‍കിയ ശേഷം നെഞ്ചിലെ മസിലുകളില്‍ ന്യൂറോ സ്റ്റിമുലേറ്റര്‍ ഘടിപ്പിക്കും. കഴുത്തിലെ കോശങ്ങളിലൂടെ വയറുകള്‍ മുഖേന തലയുമായി ഇത് ബന്ധപ്പെടുത്തും.

കഴിഞ്ഞ വര്‍ഷം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ റോബോട്ടിക് സഹായത്തോടെ ഏഷ്യയിലെ ആദ്യ ഡി ബി എസ് ഘടിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഓട്ടോറിക്ഷ െ്രെഡവറായ 45 കാരനായ ഗുരുവായൂര്‍ സ്വദേശി സുബൈര്‍ ആണ് ശസ്ത്രക്രിയക്ക് വിധേയനായത്. ഇദ്ദേഹം ഇന്ന് ജോലി ചെയ്ത് സാധാരണ ജീവിതം നയിക്കുന്നു.

Related News