Wednesday
22 Aug 2018

അദാനിക്കുള്‍പ്പെടെ 92,000 ഹെക്ടര്‍ വനം വെട്ടിവെളുപ്പിക്കാന്‍ കേന്ദ്രാനുമതി

By: Web Desk | Tuesday 10 October 2017 8:49 PM IST

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ ഉറ്റ സുഹൃത്ത് ഗൗതം അദാനിക്കുള്‍പ്പെടെ 92,000 ഹെക്ടര്‍ വനഭൂമി വെട്ടിവെളുപ്പിക്കാന്‍ കേന്ദ്ര വനം ഉപദേശക സമിതി (എഫ്എസി) അനുമതി നല്‍കി. എട്ടുമാസത്തിനിടെയാണ് വനം – പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള എഫ്എസി 70 പദ്ധതികള്‍ക്കായി 91,798 ഹെക്ടര്‍ (918 സ്‌ക്വയര്‍ കിലോമീറ്റര്‍) വനഭൂമി തരം മാറ്റുന്നതിനുള്ള  ഈ അനുമതികളത്രയും നല്‍കിയിരിക്കുന്നത്.
ആഗോളതാപനത്തിന് വനമാണ് പരിഹാരമെന്നതിനാല്‍ കൂടുതല്‍ വനവല്‍ക്കരണത്തിനുള്ള വിപുലമായ ക്യാമ്പെയിനുകള്‍ ലോകവ്യാപകമായി നടന്നുകൊണ്ടിരിക്കേയാണ് അതിന് വേണ്ടി നിലകൊള്ളേണ്ട കേന്ദ്ര സമിതി ഇത്തരത്തില്‍ വ്യാപകമായി വനം വെട്ടിവെളുപ്പിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്.
മെയ് മാസത്തില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ വച്ച് 61,728 ഹെക്ടര്‍ വനഭൂമി തരംമാറ്റുന്നതിനുള്ള അനുമതിയാണ് സമിതി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ മൂന്ന് തവണ യോഗം ചേര്‍ന്നാണ് 15,027 ഹെക്ടര്‍ തരം മാറ്റുന്നതിന് അനുമതി നല്‍കിയത്. 134 നിര്‍ദ്ദേശങ്ങളാണ് ഈ കാലയളവില്‍ സമിതിയുടെ പരിഗണനയ്ക്ക് വന്നത്. എന്നാല്‍ രണ്ടെണ്ണം മാത്രമാണ് നിരാകരിച്ചത്. 70 എണ്ണം മറ്റു പരിശോധനകളൊന്നുമില്ലാതെ അംഗീകരിക്കുകയും ബാക്കിയുള്ളവ കൂടുതല്‍ പരിശോധനയ്ക്കായി മാറ്റി വയ്ക്കുകയും ചെയ്തു. 40 ഹെക്ടര്‍ വരെ വനം തരം മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക സമിതികള്‍ക്ക് പരിഗണിക്കാവുന്നതാണ്. എന്നിരിക്കേ പ്രാദേശിക സമിതികള്‍ക്ക് പരിഗണിക്കാവുന്ന നിര്‍ദ്ദേശങ്ങളും സമിതി പരിശോധിച്ചുവെന്നതാണ് വിചിത്രമായ കാര്യം.
മഹാരാഷ്ട്രയിലെ ഗോണ്ഡിയ ജില്ലയില്‍ തിരോഡയില്‍ 1421 ഹെക്ടര്‍ വനംഭൂമി വെട്ടിവെളുപ്പിക്കുന്നതിനാണ് ഗൗതം അദാനിയുടെ കമ്പനിക്ക് അനുമതി നല്‍കിയിട്ടുള്ളത്. കാഞ്ച്വാണി ആഷ് പാര്‍ക്ക് എന്ന പേരിലുള്ള സ്ഥാപനം  ഭീമമായ തോതില്‍ ചാരം സംഭരിക്കുന്നതിനാല്‍ നിലവിലുള്ള വനം ഇല്ലാതാകുക മാത്രമല്ല സമീപ പ്രദേശത്തെ മരങ്ങള്‍ നശിക്കുന്നതിനും കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
മധ്യപ്രദേശിലെ ടിക്കംഗര്‍, പന്ന എന്നിവയ്ക്കു സമീപത്ത് ഛാത്തര്‍പൂരില്‍ ദേശീയ ജല വികസന അതോറിറ്റിക്കുവേണ്ടി 6,017 ഹെക്ടര്‍ വനം തരം മാറ്റുന്നതിന് അനുമതി നല്‍കിയതാണ് ഇവയില്‍ പ്രധാനപ്പെട്ടത്. പന്ന കടുവ സങ്കേതത്തിന്റെ നിലനില്‍പിനെ പൂര്‍ണമായും ദോഷകരമായി ബാധിക്കുന്ന പദ്ധതിയാണിത്. കെന്‍ വേട്‌വ എന്ന ഈ പദ്ധതിയുടെ ദോഷഫലങ്ങള്‍ ഒന്നും തന്നെ പരിഗണിക്കാതെയും എതിരായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അവഗണിച്ചുമാണ് പദ്ധതിക്ക് എഫ്എസി അനുമതി നല്‍കിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെതന്നെ  ചന്ദ്രപൂര്‍ ജില്ലയിലെ ഷെഡ്‌വായ്യില്‍ ചുണ്ണാമ്പുകല്ല് ഖനനത്തിനായി 695.72 ഹെക്ടര്‍ വനഭൂമിയാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. എന്നാല്‍, തഡോബ – കവാല്‍ കടുവ സംരക്ഷണ മേഖലയില്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നതിനാല്‍ നിയമപരമായ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവച്ചിരിക്കുകയാണ്.
വനം തരം മാറ്റുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ ധൃതിയാണ് സമിതിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് റിസോഴ്‌സ് ആന്‍ഡ് റെസ്‌പോണ്‍സ് സെന്റര്‍ (ഇആര്‍സി) എന്ന സംഘടന കുറ്റപ്പെടുത്തി. പരിസ്ഥിതി നിയമങ്ങളോ വനം വന്യജീവി നിയമങ്ങളോ പരിഗണിക്കാതെയാണ് കേന്ദ്ര സമിതി തീരുമാനമെടുത്തതെന്ന് ഇആര്‍സി പ്രതിനിധി ടെറന്‍സ് ജോര്‍ജ്ജ് പറഞ്ഞു. മധ്യപ്രദേശിലെ ഛാത്തര്‍പൂരില്‍ അനുമതി നല്‍കിയ കെന്‍ വേട്‌വ എന്ന പദ്ധതി  വന്യജീവി സംരക്ഷണ നിയമത്തിന്റെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്നും വനം വന്യജീവി നാശത്തിന് ഇടയാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Related News