Tuesday
16 Oct 2018

കോടികള്‍ കൊടുത്ത് ദിലീപ് രക്ഷപ്പെടും!

By: Web Desk | Saturday 6 October 2018 10:00 AM IST

പല്ലിശേരി

ഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ മാസത്തിലാണ് നടന്‍ ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കുമെന്നതിനാല്‍ വിചാരണ കഴിയുംവരെ ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും തെളിവെടുപ്പും സാക്ഷികളുടെ ചോദ്യംചെയ്യലും പൂര്‍ത്തിയായതായി കോടതി നിരീക്ഷിച്ചു.

ഗുരുതരമായ ആരോപണമാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായി 85 ദിവസം ജയിലില്‍ കിടന്ന ദിലീപിന് നേരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചതെങ്കിലും പ്രതിക്ക് ഏതെങ്കിലും തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളിയല്ലെന്നും ഇരയും സാക്ഷികളും വിചാരണവേളയില്‍ കൂറുമാറുമെന്ന് കോടതി കരുതുന്നില്ലെന്നും അതുകൊണ്ട് കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
അങ്ങനെ 85-ാമത്തെ ദിവസം ദിലീപ് സ്വതന്ത്രനായി.

ജാമ്യവ്യവസ്ഥകള്‍ എന്തൊക്കെ?

– ആക്രമിക്കപ്പെട്ട നടിയെയൊ സാക്ഷികളെയൊ സ്വാധീനിക്കരുത്.
– ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും.
– പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് മുമ്പാകെ സമര്‍പ്പിക്കണം.
– അനേ്വഷണ ഉദേ്യാഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.
– കേസ് നടപടികളുമായി സഹകരിക്കണം.
– അന്തിമറിപ്പോര്‍ട്ട് നല്‍കുന്നതിനിടെ അനേ്വഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്.
– വാക്കായോ, അച്ചടി, ദൃശ്യ, ഇലക്ട്രിക് മാധ്യമങ്ങളിലൂടെയോ സ്വാധീന, ഭീഷണിശ്രമങ്ങള്‍ പാടില്ല.

കുറ്റപത്രത്തിലെ പ്രസക്തഭാഗങ്ങള്‍

– ദിലീപിന് കാവ്യാമാധവനുമായി ബന്ധമുണ്ടായിരുന്നതിന്റെ തെളിവ് അതിക്രമത്തിനു ഇരയായ നടി മഞ്ജുവാര്യര്‍ക്കു നല്‍കിയത് വൈരാഗ്യത്തിന് കാരണമായി.
– ‘ഹണി ബി ടു’ ചിത്രത്തിന്റെ ഗോവയിലെ സെറ്റില്‍ വച്ചും നടിയെ ആക്രമിക്കാന്‍ പദ്ധതി ഇട്ടു.
– 2015 നവംബര്‍ രണ്ടിന് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ദിലീപ് ഒരു ലക്ഷം നല്‍കി.
– 2013 ഏപ്രില്‍ മാസം താരനിശയുടെ റിഹേഴ്‌സല്‍ ക്യാമ്പിലുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി ദിലീപ് സിനിമാ മേഖലയിലെ സ്വാധീനമുപയോഗിച്ച് നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ശ്രമിച്ചു.
– ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തി അത് നടിക്കെതിരെ പലതരത്തിലും ഉപയോഗിക്കാന്‍ പള്‍സര്‍ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തി.
– നടിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഡ്രൈവറായി ജോലി ചെയ്തുവന്ന പള്‍സര്‍ സുനിയെ ദിലീപ് എറണാകുളം എം ജി റോഡിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു.
– ഗൂഢാലോചന നടത്താന്‍ തൃശൂരില്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും വീണ്ടും കൂടിക്കാഴ്ച നടത്തി. അവിടെവച്ച് 10,000 രൂപ നല്‍കി. തുടര്‍ന്ന് പിറ്റേദിവസം ഒരു ലക്ഷം രൂപയും നല്‍കി.
– തുടര്‍ന്ന് തൊടുപുഴയിലെത്തി 30,000 രൂപ കൈപ്പറ്റുകയും കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ പണം നെറ്റ് ബാങ്കിങ് വഴി കൈമാറാന്‍ ഒന്നാംപ്രതി ശ്രമിക്കുകയും ചെയ്തു.
– തോപ്പുംപടി പാലത്തിനു സമീപം, തൃശൂര്‍ പുഴക്കല്‍ കിണറ്റിങ്കല്‍ ടെന്നീസ് ക്ലബ്, തൊടുപുഴയിലെ കോളജ് എന്നിവിടങ്ങളില്‍ വച്ചും ദിലീപും പള്‍സര്‍ സുനിയും നേരില്‍ കണ്ടു. നടി വിവാഹിതയായി സിനിമാരംഗം വിടാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ കൃത്യം നടത്തണമെന്ന് ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടു.
– ഗോവയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് കൃത്യം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നടി എറണാകുളത്ത് വരുമെന്നറിഞ്ഞ് തമ്മനത്തെ വാടകവീട്ടിലെത്തി പള്‍സര്‍ സുനിയും കൂട്ടാളികളും ഗൂഢാലോചന നടത്തി പദ്ധതി ആവിഷ്‌കരിച്ചു.
– തൃശൂരില്‍ നിന്നും പനമ്പിള്ളി നഗറിലേക്ക് വരികയായിരുന്ന നടിയുടെ വാഹനത്തെ കറുകുറ്റിയില്‍ നിന്ന് ടെമ്പോ ട്രാവലറില്‍ പിന്തുടര്‍ന്ന് അക്രമം നടത്തി.
– 2017 ഫെബ്രുവരി 22ന് പള്‍സര്‍ സുനിയും കൂട്ടാളിയും കാവ്യാമാധവന്റെ സ്ഥാപനമായ ‘ലക്ഷ്യ’യില്‍ എത്തി ദിലീപിനെക്കുറിച്ച് അനേ്വഷിച്ചു.
– ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ 11-ാം തീയതി അഡ്വ. പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചു. എന്നാല്‍ പ്രതിഷ് ചാക്കോ രേഖകള്‍ മനഃപൂര്‍വം കേസിന്റെ തെളിവിലേക്ക് ഹാജരാക്കിയില്ല. സഹപ്രവര്‍ത്തകനായ 12-ാം പ്രതി അഡ്വ. രാജു ജോസഫിനെ ഏല്‍പ്പിച്ചു. ഇയാള്‍ നാലരമാസത്തോളം മെമ്മറി കാര്‍ഡ് ഒളിപ്പിച്ചുവച്ചു. ഇരുവരും ചേര്‍ന്ന് തെളിവ് നശിപ്പിച്ചു.

എന്തൊക്കെയാണ് കുറ്റങ്ങള്‍?

– ക്രിമിനല്‍ ഗൂഢാലോചന
– കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍
– അന്യായമായി തടങ്കലില്‍ വയ്ക്കല്‍
– തട്ടിക്കൊണ്ടുപോകല്‍
– സ്ത്രീകള്‍ക്കെതിരായ ആക്രമം
– തടങ്കലില്‍ വയ്ക്കാനായി ബലാത്സംഗം
– കൂട്ടബലാല്‍സംഗം
– ഭീഷണിപ്പെടുത്തല്‍
– തെളിവ് നശിപ്പിക്കല്‍
– കുറ്റവാളിയെ സംരക്ഷിക്കല്‍
– പ്രകൃതിവിരുദ്ധ പീഡനം
– ബലമായി തടഞ്ഞുവയ്ക്കല്‍
മുഖ്യസാക്ഷിപ്പട്ടികയില്‍ മഞ്ജുവാര്യര്‍
– 650 പേജുള്ള കുറ്റപത്രം
– മുഖ്യസാക്ഷിപ്പട്ടികയില്‍ മഞ്ജുവാര്യര്‍
– 450 രേഖകള്‍
– 355 സാക്ഷികള്‍
– സിനിമാമേഖലയില്‍ നിന്നും 50 സാക്ഷികള്‍
– 22 പേരുടെ രഹസ്യമൊഴി
– ദിലീപിനെതിരെ കൂട്ടബലാല്‍സംഗം  തുടങ്ങി 13 കുറ്റകൃത്യങ്ങള്‍
– നടിയോടുള്ള വ്യക്തിവൈരാഗ്യത്തിനും ആക്രമണത്തിനും എട്ട് കാരണങ്ങള്‍
കുറ്റാരോപിതന് പാലഭിഷേകവും പുഷ്പാഭിഷേകവും
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റാരോപിതനാണ് ദിലീപ്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും ഇത്തരമൊരു സംഭവം ആദ്യമാണെന്നും കോടതി സൂചിപ്പിച്ചിരുന്നു.
ജാമ്യം ലഭിച്ചു പുറത്തുവന്ന ദിലീപിനെ ഒരു സംഘം സ്വീകരിച്ചത് പാലഭിഷേകവും പുഷ്പാഭിഷേകവും നടത്തിയാണ്. മണിക്കൂറുകളോളം ആലുവയില്‍ ഗതാഗത തടസമുണ്ടാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടാണ് ജാമ്യലംഘനത്തിന് തുടക്കമിട്ടത്.

ജാമ്യലംഘനം തുടര്‍ച്ചയാക്കി?

ജാമ്യം കിട്ടി പുറത്തുവന്ന ദിലീപ് കേസില്‍ നിന്നും വേഗത്തില്‍ രക്ഷപ്പെടാനും താന്‍ നിരപരാധിയാണെന്നു തെളിയിക്കാനും വേണ്ടി കോടികളാണ് ചെലവിട്ടുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ സ്വാധീനിക്കാന്‍ പറ്റുന്ന മിക്കതിനേയും സ്വാധീനിച്ചു. ഇതിനകം പലരുടെയും കൈകളിലേക്ക് കോടികള്‍ എത്തിച്ചിട്ടുണ്ടെന്നാണ് സിനിമാരംഗത്തെ അടക്കിപ്പിടിച്ച വര്‍ത്തമാനം. ജാമ്യലംഘനം തുടര്‍ച്ചയാക്കി മാറ്റിയ ദിലീപിന് ഒന്നിലും പേടിയില്ല. എന്തു വിലകൊടുത്തും രക്ഷപ്പെടുന്നതിനുള്ള തീവ്രശ്രമത്തിലാണ്.
രക്ഷപ്പെടാന്‍ കോടികള്‍ എത്ര വേണമെങ്കിലും ചെലവഴിക്കാന്‍ ദിലീപിന് മടിയില്ല. ജാമ്യം കിട്ടി പുറത്തുവന്നതുമുതല്‍ പ്രതികാരം ചെയ്യേണ്ടവരോട് ആ രീതിയിലും പണം കൊടുത്തു വശത്താക്കേണ്ടവരെ അത്തരത്തിലും സ്വാധീനിച്ചുകഴിഞ്ഞു. എത്രയും വേഗം വിചാരണ തുടങ്ങുമെന്നു പറഞ്ഞിരുന്നെങ്കിലും വിചാരണ തുടങ്ങാതിരിക്കുന്നതിന് ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു.
കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്തിനിത്ര ഭയമെന്ന ചോദ്യത്തിന് മറുപടി മാത്രം ഉണ്ടായില്ല.
ഇപ്പോള്‍ രണ്ട് സിനിമയുടെ ചിത്രീകരണത്തിലാണ് ദിലീപ്. അറസ്റ്റിനു മുമ്പ് തുടക്കമിട്ട രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരെണ്ണം. സംവിധായകനും സിപിഎം നേതാവുമായ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് രണ്ടാമത്തേത്. ഉണ്ണികൃഷ്ണന്റെ സിനിമയില്‍ നായകനായതോടെയാണ് കേസ് കൂടുതല്‍ അട്ടിമറിക്കപ്പെടും എന്ന സംശയം ജനിച്ചത്.

നടിക്ക് നീതി ലഭിക്കില്ല
എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ മനസിലാകുന്ന ചിത്രം ശോചനീയമാണ്. പണമുണ്ടെങ്കില്‍ ആര്‍ക്കും ഏത് കേസില്‍ നിന്നും സുഖമായി രക്ഷപ്പെടാം.