Monday
25 Jun 2018

  ഒരുകോടി ആറു ലക്ഷം രൂപയുടെ ലാഭം നേടി ടെൽക്ക്

By: Web Desk | Friday 4 May 2018 4:39 PM IST

കൊച്ചി : സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 186 കോടിയുടെ വിറ്റു വരവും 6 കോടിയുടെ ലാഭവും നേടി. 2014-15, 15-16 എന്നീ  സാമ്പത്തികവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നഷ്ടത്തിലാകുകയും, സഞ്ചിത നഷ്ടം 48 കോടി രൂപയായി ഉയര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ നിലയില്‍ നിന്നുമാണ് 2016- 17 സാമ്പത്തിക വര്‍ഷത്തെ അവസാന പാദ പ്രവര്‍ത്തന മികവില്‍  ഒരുകോടി ആറു ലക്ഷം രൂപയുടെ ലാഭം കൈവരിച്ച് തിരിച്ചുവരവ് നടത്തിയത്. 
 
2008-09-ല്‍ 218 കോടി ഉണ്ടായിരുന്ന വിറ്റുവരവ് 2014-15- ല്‍ 132 കോടിയായി കുറയുകയും കമ്പനി 33 കോടി രൂപ നഷ്ടത്തിലാവുകയും ചെയ്തു. 2015-16 ല്‍ 155 കോടി രൂപയുടെ വിറ്റുവരവോടെ കമ്പനിയുടെ നഷ്ടം 15 കോടിയായി കുറയാക്കാനായി. 48 കോടി രൂപയുടെ സഞ്ചിത നഷ്ടം നികത്തിയാണ്   2016- 17 സാമ്പത്തിക വര്‍ഷത്തെ അവസാന പാദ പ്രവര്‍ത്തന മികവില്‍ ഒരു കോടി ആറു ലക്ഷം രൂപയുടെ ലാഭം കൈവരിച്ച്  തിരിച്ചുവരവ് നടത്തിയത്. 
 
2016 സെപ്റ്റംബറില്‍ 56 കോടി രൂപയായിരുന്ന ഓര്‍ഡര്‍ പൊസിഷന്‍ ഇപ്പോള്‍ 256 കോടി രൂപയാണെന്നും ഇത് 300 കോടിയിലെത്തിക്കാനാണ് ശ്രമമെന്നും കമ്പനി ചെയര്‍മാന്‍ അഡ്വ. എന്‍.സി. മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷം 240 കോടി രൂപയുടെ  വിറ്റുവരവും 18 കോടി ലാഭവുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ടെല്‍ക്കിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രാരംഭ ഘട്ടമായി  തൊഴിലാളികള്‍ക്കായി അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. കൂടാതെ 200 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതികളും തയാറാക്കുന്നുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി പ്രയത്‌നിച്ച ഓഫീസര്‍മാരെയും തൊഴിലാളികളെയും ചെയര്‍മാന്‍ അഭിനന്ദിച്ചു. ടെല്‍ക്കിനെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനമാക്കുക എന്ന ലക്ഷ്യത്തിനു കേരള സര്‍ക്കാര്‍ നല്‍കി വരുന്ന പിന്തുണ തുടര്‍ന്നും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
 
വാര്‍ത്താ സമ്മേളനത്തില്‍ ടെല്‍ക്ക്  മാനേജിംഗ് ഡയറക്ടര്‍ ബി പ്രസാദ്,  ജോയിന്റ് ജനറല്‍ മാനേജര്‍ ഡോ. ജോഫി ജോര്‍ജ്ജ്,  ഡി.ജി.എം. (പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസൈന്‍) റെജി ജോണ്‍, ഡി.ജി.എം.  (ഫിനാന്‍സ്) കെ.കെ നായക്, മെറ്റീരിയല്‍ ആന്‍ഡ് പര്‍ച്ചേസ് വിഭാഗം മേധാവി എല്‍. ലത എന്നിവരും പങ്കെടുത്തു.
Related News