Saturday
23 Jun 2018

ആരുടെ ജനാധിപത്യം; നിങ്ങള്‍ എന്തിന് സംവാദങ്ങളെ ഭയക്കുന്നു

By: Web Desk | Friday 8 September 2017 1:07 AM IST

പി കെ സബിത്ത്

ര്‍ക്കുവേണ്ടിയാണ് ജനാധിപത്യ സംവിധാനം എന്ന ചോദ്യം പ്രസക്തമാകുന്ന വിധം സമൂഹമനസ്സാക്ഷിയെ നടുക്കുന്ന സംഭവങ്ങള്‍ ഒരു തുടര്‍ച്ചയായിമാറുന്നു. അധികാര വര്‍ഗത്തിനെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ പാടില്ലാത്തവിധം ജനാധിപത്യ ധ്വംസനം ഇന്ത്യന്‍ ദേശീയതയായി അവതരിപ്പിക്കുകയാണ്. നിലവില്‍ നമ്മുടെ ഇന്ത്യയെ ഭരിക്കുന്നതിനുവേണ്ടി ജനാധിപത്യത്തിലൂടെ നാം തെരഞ്ഞെടുത്ത ഭരണകര്‍ത്താക്കള്‍ ഉണ്ട് എന്നത് ഓരോ ഇന്ത്യക്കാരന്റെയും അയാഥാര്‍ഥ്യമായ ഒരു അനുഭവം മാത്രമാണ്. തികച്ചും സാങ്കല്‍പികമാണത്. ഇവിടെ ‘ഒരു ഭരണകൂടം ഉണ്ട്’ എന്ന കാര്യത്തെ രാഷ്ട്രീയമായി അപഗ്രഥിച്ചാല്‍ കിട്ടുന്ന ഉത്തരം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന അധികാരവര്‍ഗം, നമുക്ക് മുകളില്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുന്നൂ എന്നതുമാത്രമാണ്. നമ്മുടെ ഭരണകര്‍ത്താക്കള്‍ എന്നു പറയപ്പെടുന്ന അധികാരവര്‍ഗവും ഭരണകൂടവുമെല്ലാം കേവലം ബിംബങ്ങള്‍ മാത്രമാണ്. ഒരു സമാന്തരഭരണകൂടം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വേച്ഛാധിപത്യത്തിന്റെ പരിച്ഛേദമാണത്. അതിനെ നിയന്ത്രിക്കാന്‍ നിലവിലുളള നമ്മുടെ സംവിധാനങ്ങള്‍ക്ക് അല്‍പം പോലും സാധിക്കുന്നില്ല. സംഘപരിവാര ശക്തികള്‍ ഇന്ത്യയുടെ മിത്തുകളെയും പുരാവൃത്തങ്ങളെയും ഉപയോഗിച്ച് ജനാധിപത്യത്തിന്റെ ബോധമണ്ഡലത്തില്‍ ആധിപത്യം നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇന്ത്യയില്‍ നടക്കുന്ന ദാരുണമായ സംഭവവികാസങ്ങള്‍.
വിജ്ഞാനത്തിനു മുകളില്‍ പൊതുസമൂഹം ആധിപത്യം സ്ഥാപിക്കപ്പെടുന്നത് ജനാധിപത്യ സംവിധാനത്തില്‍ സര്‍വസാധാരണമാണ്. ഏകപക്ഷീയമായ താല്‍പര്യങ്ങളും സ്വജനപക്ഷപാതവും അവിടെ ഉണ്ടാവില്ല. ഏറെ സംവാദാത്മകമാണ് ജനാധിപത്യം. നിരവധി സംവാദത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്ന ഇടമാണത്. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ അതിന്റെ നൈതികഭാവമാണ്. ഇത്തരം സുതാര്യതയെ പൗരോഹിത്യവര്‍ഗം ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. വസ്തുതകള്‍ കണ്ടെത്തുന്നവര്‍ ഇന്ന് ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പൗരോഹിത്യ വിഭാഗമായ സംഘപരിവാരശക്തികള്‍ക്ക് കണ്ണിലെ കരടാണ്. സുതാര്യമായ സംവാദത്തെ സംഘപരിവാര ശക്തികള്‍ എക്കാലത്തും ഭയപ്പെടുന്നു. ചോദ്യം ചെയ്യുന്നവരെ ഉന്മൂലനം ചെയ്യുക എന്ന പ്രാകൃതനിയമ സംഹിതയാണ് പുരോഗമന സമൂഹത്തില്‍പോലും ഇവര്‍ വെച്ചുപുലര്‍ത്തുന്നത്. സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശാസ്ത്രീയമായ പിന്‍ബലത്തോടെ ചോദ്യം ചെയ്തവരെയാണ് ഇന്ത്യയില്‍ നാമമാത്രമായ കാലയളവില്‍ ഇവര്‍ കൊന്നൊടുക്കിയത്. നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുക. നിങ്ങള്‍ എന്ത് പറയണം എങ്ങനെ ചിന്തിക്കണം എന്നെല്ലാം സമാന്തര ഭരണകൂടം തീരുമാനിക്കും. അവര്‍ തീരുമാനിക്കുന്നതുമാത്രമാണ് ഇവിടെ നിയമം. സമാനശൈലിയിലുള്ള കൊലപാതകങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്. നീതിക്ക് ഇവിടെ ഒരു സ്ഥാനവുമില്ല. വസ്തുക്കളെയും യാഥാര്‍ഥ്യങ്ങളെയും മറച്ചുവെയ്ക്കുന്നവിധം ഒരു നിയമസംഹിത നിര്‍മിച്ചിരിക്കുകയാണ്. അതിനെ മറികടക്കുന്ന വിധം നിങ്ങള്‍ക്ക് ഉച്ചരിക്കുവാന്‍ പോലും സ്വാതന്ത്ര്യമില്ല.


വിശാലമായ സൈന്ധവ സംസ്‌കാരത്തെ സംഘപരിവാരശക്തികള്‍ മതമാക്കി മാറ്റിയിരിക്കുന്നു. എം എം കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, സിപിഐ നേതാവായ ഗോവിന്ദ പന്‍സാരെ ഇവരെല്ലാം ഗവേഷകരായ ചരിത്രാന്വേഷികളായിരുന്നു. അയാഥാര്‍ഥവും സുന്ദരവുമായ ഭാവനയാണ് മിത്ത്. അതിനകത്ത് ചരിത്രം കലര്‍ത്തുന്നതാണ് സമീപകാലത്തെ ദുരന്തം. അതിനെ മറികടക്കണമെങ്കില്‍ മിത്തിന്റെ ചിരത്രം അന്വേഷിക്കുകയാണ് ചെയ്യേണ്ടത്. കൊലചെയ്യപ്പെട്ടവരെല്ലാം ചെയ്ത പ്രവൃത്തി അതായിരുന്നു. സമുദായാചാര്യനായ ബാസവയെപ്പറ്റി നീണ്ടനാള്‍ നടത്തിയ ഗവേഷണം കല്‍ബുര്‍ഗി, മാര്‍ഗ എന്ന ലേഖനത്തില്‍ ഇങ്ങനെ സൂചിപ്പിക്കുന്നു. ”ബസവയുടെ സഹോദരിക്ക് കീഴ്ജാതിക്കാരനായ കവിയില്‍ ജനിച്ചതുകൊണ്ടാകാം മറ്റൊരു ആചാര്യനായ ചിന്നബസവയുടെ ജനനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ തമസ്‌കരിക്കപ്പെട്ടത്”. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരാനുള്ള ധബോല്‍ക്കറുടെ ശ്രമമാണ് സംഘപരിവാര ശക്തികള്‍ ഭയവിഹ്വലരായിതീര്‍ന്ന മറ്റൊരു കാരണം. ഗോവിന്ദ പന്‍സാരെ ചരിത്രത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്ത മഹാനായ പണ്ഡിതനായിരുന്നു. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ശിവജിയെ അദ്ദേഹം പഠനവിധേയമാക്കി. മുസ്‌ലിം വിരുദ്ധനും ഹിന്ദുസംരക്ഷകനുമായി ചിത്രീകരിക്കപ്പെട്ട ശിവജിയുടെ അംഗരക്ഷകരില്‍ ഭൂരിഭാഗവും മുസ്‌ലിം ആയിരുന്നു. ഇത്തരം ആന്തരിക വൈരുധ്യങ്ങള്‍ തുറന്നുകാട്ടിയതിനാണ് വന്ദ്യവയോധികനായ ഗോവിന്ദ പന്‍സാരയെ വെടിവെച്ചുകൊന്നത്. ഗൗരി ലങ്കേഷിനെ വധിക്കുവാനുള്ള കാരണം ലളിതയുക്തിയില്‍ നമുക്ക് മനസിലാക്കാം. കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിച്ചുനടന്ന പ്രക്ഷോഭങ്ങളില്‍ മുന്നണിയില്‍ ഉണ്ടായിരുന്ന ഒരാളാണ് ഗൗരി ലങ്കേഷ്. താന്‍ എഡിറ്ററായ ലങ്കേഷ് പത്രികയില്‍ ബിജെപി നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞ് ധര്‍വാര്‍ഡ് ബിജെപി എം പിയായ പ്രഹ്ലാദ് ജോഷിയും ബിജെപി നേതാവ് ഉമേഷ് ദുഷിയും ഗൗരി ലങ്കേഷിനെതിരെ കേസുകൊടുത്ത സംഭവവും ഈ കൊലപാതകത്തോട് ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഗൗരി ലങ്കേഷ്. വിജ്ഞാനത്തിന്റെ ജ്വലിക്കുന്ന കിരണങ്ങളായവരെ മാത്രമാണ് ഈ നരാധമന്മാര്‍ ലക്ഷ്യമിടുന്നത്. പക്ഷെ, കൊന്നു തോല്‍പ്പിക്കാമെന്നത് വ്യാമോഹം മാത്രം.
അറിവിന്റെ അക്ഷയഖനികളായ അക്ഷരങ്ങളെ എന്തിനാണ് ഇവര്‍ ഇത്രമാത്രം ഭയക്കുന്നത്. അന്തരിച്ച യു ആര്‍ അനന്തമൂര്‍ത്തിയെയും ഇവര്‍ വെറുതെ വിട്ടില്ല. അനന്തമൂര്‍ത്തിയുടെ മരണം പടക്കംപ്പൊട്ടിച്ചാണ് മംഗലാപുരത്ത് സംഘപരിവാരങ്ങള്‍ ആഘോഷിച്ചത്. ഡോ. കെ എസ് ഭഗവാന്റെ മൈസൂരിലെ വീട്ടിലേക്ക് ഇപ്പോഴും ഭീഷണിക്കത്തുകളുടെ പ്രവാഹമാണ്. സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ ഭഗവത് ഗീതയിലെ ഭാഗങ്ങളെപ്പറ്റി പറഞ്ഞതിനാണ് കെ എസ് ഭഗവാനെ ഭീഷണിപ്പെടുത്തുന്നത്. പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്റെ പ്രതിരോധം മറ്റൊരുശൈലിയിലാണ്. മുരുഗന്‍ അക്ഷരത്തിന്റെ മരണം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതികരിച്ചത്. പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ ഇന്നില്ല, പകരം പി മുരുഗന്‍ എന്ന അധ്യാപകന്‍ മാത്രം. ‘മാധൊരു ഭാഗന്‍’ എന്ന നോവലില്‍ മുരുഗന്‍ സൃഷ്ടിച്ച ആഖ്യാനം വെള്ളാള സമുദായത്തെ ചൊടിപ്പിച്ചു. വിശ്വാസികള്‍ അതിലെ ദൈവനിഷേധം കണ്ടെത്തി. സംഘടിതമായ ആക്രമണത്തിനു മുന്നില്‍ മുരുഗന്‍ പുസ്തകം പിന്‍വലിച്ചു. എഴുത്തും നിര്‍ത്തി. എഴുത്തുകാരന്റെ മരണം സ്വാതന്ത്ര്യത്തിന്റെ കൂടി മരണമാണ്. കോഴിക്കോട്ടെ എം എം ബഷീറും അക്ഷര വൈരികളുടെ ആക്രമണത്തിന് ഇരയായി. എത്രയെത്ര ഗൗരി ലങ്കേഷുമാരെ കൊന്നൊടുക്കിയാലും ആയിരങ്ങള്‍ ഇനിയും ഉയര്‍ത്തെഴുന്നേല്‍ക്കും. കാരണം നൈതികതയുടെ ശക്തിക്കുമുന്നില്‍ എല്ലാ കടന്നാക്രമണങ്ങളും ദഹിച്ച് ഇല്ലാതാകും. ഭീഷണിയെ തൃണവല്‍ഗണിച്ചുകൊണ്ട് ജീവിക്കുന്ന ഡോ. കെ എസ് ഭഗവാന്റെ വാക്കുകള്‍ മാത്രം മതി, എന്തിനെയും നമുക്ക് നേരിടാനുള്ള ഊര്‍ജം അതിലടങ്ങിയിട്ടുണ്ട്. ”ഭീരുക്കളാണവര്‍. യുക്തിപരമായി തര്‍ക്കിച്ചു ജയിക്കാന്‍ അവര്‍ക്കാവില്ല. ഭീഷണിപ്പെടുത്തിയാല്‍ പിന്‍മാറും എന്നവര്‍ കരുതുന്നു. എന്നാല്‍ എന്റെ വായടക്കാനാവില്ല. കാരണം ആഴ്ന്ന പഠനത്തിലൂന്നിയതാണ് എന്റെ വിശ്വാസങ്ങള്‍.”

Related News