Monday
17 Dec 2018

നോട്ട് നിരോധനവും ജിഎസ്ടിയും ജീവിതം തകര്‍ത്തു; വ്യാപാരി ബിജെപി ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു

By: Web Desk | Sunday 7 January 2018 10:36 PM IST

ഡെറാഡൂണ്‍: നോട്ട് നിരോധനവും ജിഎസ്ടിയും മൂലം ബിസിനസ് തകര്‍ന്ന് കടക്കെണിയിലായ വ്യാപാരി ബിജെപി ഓഫീസില്‍ എത്തി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഡെറാഡൂണിലെ ബിസിനസുകാരനായ പ്രകാശ് പാണ്ഡെയാണ് ബിജെപി ഓഫീസില്‍ എത്തി മന്ത്രി സുബോദ് ഉനിയാലിന്റെ മുന്നില്‍വെച്ച് വിഷം കഴിച്ചത്. ബോധരഹിതനായ പാണ്ഡെയെ ഉടന്‍ തന്നെ മന്ത്രിയുടെ വാഹനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിജെപി ഓഫീസില്‍ സംഘടിപ്പിച്ച ജനതാ ദര്‍ബാറില്‍ ജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കാനാണ് സുബോദ് ഉനിയാല്‍ എത്തിയത്. ബിസിനസ് തകര്‍ന്നതിന്റെ പരാതികള്‍ അറിയിക്കാനായിരുന്നു പാണ്ഡെയും അവിടെ എത്തിയത്. നോട്ട് നിരോധനവും ജിഎസ്ടിയുമാണ് തന്റെ ബിസിനസ് തകര്‍ത്തതെന്ന് പാണ്ഡെ മന്ത്രിയോട് പറഞ്ഞു. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളിലെ പാളിച്ചകളും ചൂണ്ടിക്കാട്ടി. ഇതിനുശേഷം കൈയില്‍ കരുതിയ വിഷം കഴിക്കുകയായിരുന്നു. ലോറിയില്‍ സാധനങ്ങള്‍ കയറ്റി കൊണ്ടുപോകുന്ന ബിസിനസായിരുന്നു പാണ്ഡെയുടേത്. എന്നാല്‍ നോട്ട് നിരോധനവും ജിഎസ്ടിയും മൂലം ബിസിനസ് തകര്‍ന്നുവെന്ന് പാണ്ഡെ പറയുന്നു. വായ്പയെടുത്ത് വാങ്ങിയ മൂന്ന് വാഹനങ്ങളുടെ തുക തിരിച്ചടയ്ക്കാനായില്ല. തന്റെ കാര്യങ്ങള്‍ അറിയിക്കാനായി പ്രധാനമന്ത്രിയെയും മന്ത്രിമാരെയും കാണാനായി പലതവണ ശ്രമിച്ചു. എന്നാല്‍ അതിന് സാധിച്ചില്ല. തന്റെ വായ്പകള്‍ എഴുതിതള്ളണമെന്ന് പലവട്ടം പരാതികള്‍ നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്നും പാണ്ഡെ പരാതി പറഞ്ഞു.

പാണ്ഡെ വിഷം കഴിച്ചതായി ഡോക്ടമാര്‍ സ്ഥിരീകരിച്ചു. ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാണ്ഡെയുടെ നില ഗുരുതരമാണെന്നും 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറയാന്‍ സാധിക്കൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related News