Thursday
18 Oct 2018

അസാധുനോട്ട് കടത്തല്‍ വ്യാപകം; ലക്ഷ്യം ദുരൂഹം

By: Web Desk | Wednesday 4 October 2017 9:41 PM IST

ബേബി ആലുവ
കൊച്ചി: അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നിലവില്‍ ഒരു സാദ്ധ്യതയുമില്ലെന്നിരിക്കെ, അവ വന്‍തോതില്‍ കടത്തുന്നതിന്റെ ഉദ്ദേശ്യം തിരിച്ചറിയാനാവാതെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ബന്ധപ്പെട്ട ഏജന്‍സികളും ഇരുട്ടില്‍ തപ്പുന്നു.റദ്ദാക്കിയ നോട്ടുകളുടെ വന്‍ശേഖരവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൈമാറ്റ സംഘങ്ങള്‍ പിടിയിലാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും നോട്ടുകള്‍ എവിടെ നിന്നു വരുന്നു. എങ്ങോട്ട് പോകുന്നു, എന്തു ചെയ്യുന്നു തുടങ്ങിയ മര്‍മ്മ പ്രധാനമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ബന്ധപ്പെട്ടവര്‍.

അടുത്തിടെ ആലപ്പുഴയിലെ കായംകുളത്ത് എട്ടുകോടി രൂപയുടെ നിരോധിത നോട്ടുകള്‍ കടത്താനുള്ള ശ്രമത്തിനിടെ ഒരു സംഘം പൊലീസ് പിടിയിലായ സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയതൊഴിച്ചാല്‍ നോട്ട് കൈമാറ്റ സംഘങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികളിലേക്കു കടന്നിട്ടില്ല. കായംകുളം സംഭവത്തോടെയാണ് അസാധുനോട്ട് വിനിമയം ശ്രദ്ധയില്‍പ്പെട്ടതെന്ന നാട്യത്തിലാണ് കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും. ഇതര സംസ്ഥാനങ്ങളിലും അസാധുവായ നോട്ടുകളുടെ വന്‍ശേഖരം കൈമാറ്റം ചെയ്യുന്ന സംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായി വാര്‍ത്തകളുണ്ടായിരുന്നെങ്കിലും വിഷയം ഗൗരവമായി കണക്കിലെടുക്കാതെ ഉദാസീനത പുലര്‍ത്തുകയായിരുന്നു അധികൃതര്‍.

അസാധുനോട്ടുകള്‍, പുതിയ നോട്ടുകള്‍ക്കു പകരം കൈമാറ്റം ചെയ്യുന്ന സംഘങ്ങള്‍ കോയമ്പത്തൂര്‍ കേന്ദ്രമായി സജീവമാണെന്നാണ് കായംകുളം സംഭവത്തെ തുടര്‍ന്ന് പുറത്തുവന്ന വിവരം. അത് അധികൃത ശ്രദ്ധയില്‍പ്പെട്ടതാകട്ടെ, പിടിയിലായ ഒരു പ്രതി, എട്ടു കോടിയില്‍ അഞ്ചുകോടി കോയമ്പത്തൂരില്‍ നിന്ന് 55 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ക്കു പകരമായി വാങ്ങിയതാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ മാത്രം. എന്നിട്ടും അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടില്ല. റിസര്‍വ് ബാങ്ക്, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവയുടെ ഇടപെടലിനായി കാക്കുകയാണ് സംസ്ഥാന പൊലീസ്. കായംകുളം സംഭവത്തിനു പിന്നാലെ അടുത്ത നാളില്‍ 2.46 കോടി രൂപയുടെ നിരോധിത നോട്ടുകളുമായി പെരിന്തല്‍ മണ്ണയില്‍ അഭിഭാഷകനടങ്ങുന്ന ഒരു സംഘവും പിടിയിലാവുകയുണ്ടായി.

റദ്ദാക്കപ്പെട്ട നോട്ടുകള്‍ നിയമപ്രകാരം മാറ്റിയെടുക്കാനുള്ള കാലാവധിക്കകം വെളുപ്പിക്കാന്‍ കഴിയാതെ പോയതും അവിഹിതമാര്‍ഗ്ഗങ്ങളിലൂടെ എത്തിപ്പെട്ടതുമായ പണമാണ് കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പിടിയിലാകുന്നതെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. പിടിയിലാകുന്നവര്‍ ഇടനിലക്കാര്‍ മാത്രമാണെന്നും. അതേ സമയം ഈ നോട്ടുകളൊന്നും നിലവിലുള്ള മൂല്യമുള്ള നോട്ടുകളായി നിയമപ്രകാരം മാറ്റിയെടുക്കാന്‍ കഴിയില്ലെന്നിരിക്കെ ഭീമമായ തുകയ്ക്കുള്ള ഇവയുടെ കൈമാറ്റത്തിനു പിന്നിലെ രഹസ്യമെന്ത് എന്നിടത്തേക്ക് ഗൗരവതരമായ അന്വേഷണം എത്തേണ്ടതുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. വ്യാജ നോട്ട് നിര്‍മ്മാണ സംഘങ്ങളുടെയും ദേശവിരുദ്ധ ശക്തികളുടെയും സാന്നിദ്ധ്യം അസാധുനോട്ട് കടത്തലിനു പിന്നിലുണ്ടാകാമെന്നും അവര്‍ വിലയിരുത്തുന്നു. നിരോധിത നോട്ടുകളുടെ സെക്യൂരിറ്റി ത്രെഡ് എടുത്ത് വ്യാജനോട്ടുകള്‍ നിര്‍മ്മിക്കുകയാവാം അത്തരം സംഘങ്ങളുടെ ഉദ്ദേശ്യമെന്നുള്ള സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. അന്തര്‍ സംസ്ഥാന സംഘങ്ങളാണ് നോട്ട് കടത്തലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

Related News