Friday
19 Jan 2018

നോട്ടുനിരോധനം തൊഴില്‍മേഖലയില്‍ വന്‍ പ്രതിസന്ധിയുണ്ടാക്കി: റിപ്പോര്‍ട്ട്

By: Web Desk | Saturday 30 December 2017 10:05 PM IST

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ മാസങ്ങളില്‍ തൊഴില്‍മേഖലയില്‍ വന്‍ പ്രതിസന്ധിയുണ്ടായെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ദിവസക്കൂലി, കരാര്‍ തൊഴില്‍ മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടായെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള തൊഴില്‍ ബ്യൂറോയുടെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.
നോട്ടുനിരോധനം നടപ്പിലാക്കിയ 2016 നവംബര്‍ എട്ടിന് ശേഷം തൊഴിലവസരങ്ങളില്‍ വന്‍ കുറവുണ്ടായി. 2017 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങളില്‍ മുന്‍മാസങ്ങളെ അപേക്ഷിച്ച് തൊഴിലവസരങ്ങള്‍ 26,000 ആയി കുറഞ്ഞു. അതിന് മുമ്പുള്ള മൂന്ന് മാസങ്ങളില്‍ ശരാശരി തൊഴിലവസരങ്ങളുടെ എണ്ണം 1,24,0000 വരെയായിരുന്നു. ദിവസക്കൂലി അടിസ്ഥാനത്തിലുള്ള തൊഴിലവസരങ്ങളുടെ എണ്ണം 1,52,000 ആയിരുന്നത് 53,000 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉല്‍പാദനം, നിര്‍മാണം, ഗതാഗതം, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്, വിവര സാങ്കേതികം എന്നീ മേഖലകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓരോ മേഖലയും ശരാശരി പത്തുവച്ച് 81 ശതമാനം വരെ തൊഴില്‍ സൃഷ്ടിക്കുന്ന മേഖലയാണിവ.
സംഘടിത മേഖലയിലും തൊഴില്‍ നഷ്ടമുണ്ടായി. ചെക്കായും ബാങ്ക് അക്കൗണ്ട് വഴിയും വേതനം പറ്റുന്നവരൊഴികെയുള്ള കരാര്‍, പ്രതിദിന വേതന തൊഴിലാളികള്‍ക്ക് വന്‍ തോതില്‍ തൊഴില്‍ നഷ്ടമുണ്ടായി.
വിവര സാങ്കേതിക മേഖലയില്‍ കരാര്‍ തൊഴിലെടുപ്പിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് നോട്ടുനിരോധനം മൂലം സംഭവിച്ചത്. നിര്‍മാണം, ഗതാഗതം, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് എന്നീ മേഖലകളിലും ദിവസവേതന തൊഴിലുകള്‍ ഇല്ലാതായി. ആരോഗ്യമേഖല മാത്രമാണ് ചെറിയൊരളവ് വരെയെങ്കിലും ഇതില്‍ നിന്ന് വ്യത്യസ്തമായി നിന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലും കുറവുണ്ടായി. ത്രൈമാസികമായി 18,000 പുതിയ തൊഴിലവസരങ്ങള്‍ വരെ ഉണ്ടായിരുന്നത് 2017 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസക്കാലം കേവലം 2,000 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related News