Friday
20 Jul 2018

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ജാഗ്രതാനിർദേശം

By: Web Desk | Saturday 23 December 2017 11:35 AM IST

അബുദബി: യുഎഇയുടെ തലസ്ഥാനമായ അബുദബിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് . വെള്ളിയാഴ്ച കാലത്ത് മുതല്‍ തുടങ്ങിയ മൂടല്‍ മഞ്ഞ് ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

യു.എ.ഇയുടെ തീരപ്രദേശങ്ങള്‍ക്കു പുറമെ ഉള്‍പ്രദേശങ്ങളിലും ഇത് അനുഭവപ്പെടും. 500 മീറ്ററിനും ഒരു കിലോമീറ്ററിനും ഇടയില്‍ ദൂരം മാത്രമേ കാഴ്ച ലഭിക്കുകയുള്ളൂ എന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി.

രാവിലെ തുടങ്ങിയ മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകിയാണ് അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ക്രിസ്മസ്-പുതുവല്‍സര അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് വെള്ളിയാഴ്ച തിരിക്കാനിരുന്ന പലരുടെയും യാത്ര ഇതോടെ വൈകി.

അബൂദബി നഗരത്തിന് പുറമെ, പടിഞ്ഞാറന്‍ പ്രദേശങ്ങളായ മദീനത്ത് സായിദ്, റുവൈസ്, സില, ഗയാത്തി എന്നിവിടങ്ങളിലും അതിശക്തമായ മൂടല്‍ മഞ്ഞ് മൂലം അടുത്തുനിന്ന് പോലും പരസ്പം കാണാന്‍ പറ്റാത്ത സാഹചര്യമുണ്ടായി.

ദുബയ്, ഷാര്‍ജ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ തുടങ്ങിയ സ്ഥലങ്ങളിലും 12നും 18നുമിടയിലായിരുന്നു താപനില. മൂടല്‍ മഞ്ഞിനൊപ്പം ശക്തമായ കാറ്റിനു കൂടി സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.