Monday
17 Dec 2018

മാതൃഭാഷാനിഷേധം ജനാധിപത്യവിരുദ്ധം

By: Web Desk | Wednesday 21 February 2018 8:15 AM IST

 പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍

മൂന്നരക്കോടിയോളം വരുന്ന വലിയൊരു ജനവിഭാഗത്തിന്റെ മാതൃഭാഷയാണ് മലയാളം. ഭാഷ സംസാരിക്കുന്നവരുടെ എണ്ണം മാനദണ്ഡമാക്കുമ്പോള്‍ ലോകഭാഷകളുടെ കൂട്ടത്തില്‍ മലയാളത്തിന്റെ സ്ഥാനം ഇരുപത്താറാമതാണ്. രാഷ്ട്രം അംഗീകരിച്ചിട്ടുള്ള അഞ്ച് ശ്രേഷ്ഠഭാഷകളിലൊന്നാണ് നമ്മുടെ മാതൃഭാഷയായ മലയാളം. എടുത്തുപറയാവുന്ന ഒട്ടേറെ അഭിമാനകരമായ നേട്ടങ്ങള്‍ക്ക് അവകാശിയുമാണ് ഈ ഭാഷ. പറഞ്ഞിട്ടെന്തുകാര്യം, അങ്ങനെയുള്ള നമ്മുടെ മാതൃഭാഷയുടെ ‘തലയിലെഴുത്ത്’ വല്ലാത്ത ഒന്നായിപോയി.

ആദിദ്രാവിഡത്തില്‍ നിന്ന് ഇതര ദക്ഷിണേന്ത്യന്‍ ഭാഷകളോടൊപ്പം ജനിച്ച് അവയോടൊപ്പം വളര്‍ന്ന് മുന്നേറിക്കൊണ്ടിരുന്ന മലയാളം നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ നടുവില്‍പെട്ടിരിക്കുകയാണ്. ഭാഷയുടെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്ന ദുരേ്യാഗം വന്നുഭവിച്ചതിന് ആരാണുത്തരവാദികള്‍ എന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ, മലയാളികള്‍. സര്‍ക്കാരും പിഎസ്‌സിയും ചേര്‍ന്ന് നടത്തിപോരുന്ന ക്രൂരമായ വഞ്ചനയുടേയും നിര്‍ലജ്ജമായ കബളിപ്പിക്കലിന്റെയും ഇരയാണ് ഇന്നു കേരളത്തിന്റെ മാതൃഭാഷ.

അമ്മയെ, അച്ഛനെ, സഹോദരങ്ങളെ, സമൂഹത്തെ നാടിനെ സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു സംസ്‌കാരത്തില്‍ നിന്നാണ് മാതൃഭാഷാസ്‌നേഹം ജനിക്കുക. പരപ്രേരണയില്ലാതെ സ്വയം സംഭവിക്കുന്ന തീവ്രമായൊരു വൈകാരികാനുഭവമാണത്. അതറിയുന്നതുകൊണ്ടാണ് അറുപത് വര്‍ഷം മുമ്പ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടന ഉണ്ടായത്. അങ്ങനെയൊരു പരിഷ്‌കാരത്തിന്റെ ഘട്ടത്തിലേക്ക് കേന്ദ്രഭരണകൂടത്തെ എത്തിക്കുന്നതില്‍ ആന്ധ്രയില്‍ നടന്ന പ്രക്ഷോഭങ്ങളും മരണപര്യന്തം നീണ്ട നിരാഹാര സത്യഗ്രഹവും നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഓരോ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അവരുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവല്‍ക്കരണം ലക്ഷ്യമാക്കിയിരുന്നു.

വിദേശാധിപത്യം അവസാനിക്കുന്ന ഇന്ത്യയില്‍ ഭരണഭാഷയും വിദ്യാഭ്യാസഭാഷയും കോടതിഭാഷയും പഴയ ആ വിദേശഭാഷ തന്നെ ആയിരിക്കുന്നു എന്നതിനര്‍ഥം നാം നേടി എന്നവകാശപ്പെടുന്ന സ്വാതന്ത്ര്യം അത്രമേല്‍ അപൂര്‍ണമാണെന്നാണ്. അന്യഭാഷ സൃഷ്ടിക്കുന്ന അപൂര്‍ണ സ്വാതന്ത്ര്യം അഭിമാനകരമെന്നു വിശ്വസിക്കുന്ന പുതിയൊരു സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ പലതരം സ്ഥാപിതതാല്‍പര്യങ്ങള്‍ ഒത്തുചേര്‍ന്നു നടത്തുന്ന ശ്രമങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ വരേണ്യവര്‍ഗത്തേയും കീഴാളവര്‍ഗത്തേയും വേറിട്ടു നിര്‍ത്തിയിരുന്ന ജനവിരുദ്ധതയുടെ പുതിയ അവതാരങ്ങളാണ് ജാതിഭേദത്തിന്റെ സ്ഥാനത്ത് ഭാഷാഭേദത്തെ ആയുധമാക്കി സാമൂഹ്യപുരോഗതിയെ തടയുന്നത്.

സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും പബ്ലിക് സര്‍വീസ് കമ്മിഷന്റെ ആസ്ഥാനത്തുമെല്ലാം അത്തരം അവതാരങ്ങള്‍ കരിങ്കല്‍ പ്രതിമകളായി മൂടുറപ്പിച്ചിരിപ്പുണ്ട്. സുവ്യക്തവും യുക്തിഭദ്രവുമായ നിര്‍ദേശങ്ങള്‍ പോലും മനസിലാവുന്നില്ല എന്ന മട്ടില്‍ അവര്‍ അഭിനയിച്ചുകളയും. സാങ്കേതികമായി ഭാഷാന്യൂനപക്ഷങ്ങളില്ലാത്ത ഒരു സംസ്ഥാനമാണ് കേരളം. തമിഴരും കന്നഡക്കാരും അടക്കം മൂന്ന് ശതമാനമാണ് കേരളത്തിലെ ഇതര ഭാഷാ ജനവിഭാഗങ്ങള്‍. കന്നഡക്കാര്‍ എന്നു പറയുന്നവര്‍ തന്നെ യഥാര്‍ഥത്തില്‍ തുളു മാതൃഭാഷയായിട്ടുള്ളവരാണെന്നും ഉദേ്യാഗലബ്ധിക്ക് എളുപ്പവഴി എന്ന നിലയ്ക്ക് രേഖകളില്‍ അവര്‍ കന്നഡ എന്നു രേഖപ്പെടുത്തുകയാണെന്നും ആ വിഷയത്തില്‍ പഠനം നടത്തിയ ഭാഷാഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ എണ്‍പതു മുതല്‍ തൊണ്ണൂറ് ശതമാനം വരെയാണ് സംസ്ഥാനഭാഷ മാതൃഭാഷയായിട്ടുള്ളവര്‍. അക്കാര്യത്തില്‍ ഏറ്റവും മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തില്‍ 97 ശതമാനമാണ് മലയാളം മാതൃഭാഷയായിട്ടുള്ളവര്‍.

ജീവിതത്തിന്റെ എല്ലാതലങ്ങളിലുമുള്ള വ്യവഹാരങ്ങള്‍ മാതൃഭാഷയില്‍ ആയിരിക്കണമെന്നത് ഓരോ ജനതയുടേയും അവകാശമാണ്. ആ അവകാശം ജനങ്ങള്‍ ആവശ്യപ്പെടാതെ തന്നെ നടപ്പിലാക്കാനുള്ള ആര്‍ജവം മിക്ക സംസ്ഥാനങ്ങള്‍ക്കുമുണ്ട്. പരീക്ഷാര്‍ഥികള്‍ക്കു നല്‍കുന്ന ചോദ്യപേപ്പറുകള്‍ അതതു സംസ്ഥാനത്തെ മാതൃഭാഷയിലും ഭാഷാ ന്യൂനപക്ഷങ്ങളെ പരിഗണിച്ച് ഇംഗ്ലീഷിലുമാണ് കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും. ഒരു വശത്ത് ഭരണഭാഷ മലയാളമാക്കാനുള്ള ശ്രമം തീരെ മന്ദഗതിയിലാണെങ്കിലും പുരോഗമിക്കുമ്പോള്‍, പിഎസ്‌സി പരീക്ഷയില്‍ നിന്നു മലയാളത്തെ പടിപടിയായി ഒഴിവാക്കാനുള്ള നീക്കങ്ങളാണ് അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സാമാന്യബുദ്ധിയുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഒന്ന്‌രണ്ട് വര്‍ഷം മുമ്പ് ഒരു പിഎസ്‌സി പരീക്ഷയില്‍ പ്രയോഗിച്ച് പ്രശ്‌നത്തെ വഷളാക്കിയെടുക്കുവാന്‍ പിഎസ്‌സി അധികൃതര്‍ക്ക് കഴിഞ്ഞു. കന്നഡ മാത്രമറിയുന്ന കുട്ടികള്‍ക്ക് പരീക്ഷാഹാളില്‍ കിട്ടിയത് മലയാളത്തിലുള്ള ചോദ്യപേപ്പര്‍. ചോദ്യം ഇംഗ്ലീഷില്‍ കൂടി ഉണ്ടായിരുന്ന കീഴ്‌വഴക്കം എന്തിനാണ് ലംഘിച്ചതെന്ന് അത് ചെയ്തവര്‍ക്കേ അറിയൂ. ഉദേ്യാഗാര്‍ഥികള്‍ ചോദ്യക്കടലാസ് വലിച്ചുകീറി കാറ്റില്‍ പറത്തിയിട്ട് ഇറങ്ങിപോയി. അതില്‍നിന്നു പാഠംപഠിച്ച പിഎസ്‌സി പിന്നീട് ചെയ്തത് ചോദ്യപേപ്പര്‍ ഇംഗ്ലീഷില്‍ മാത്രം മതി എന്നു തീരുമാനിക്കുകയാണ്. വേണ്ടിയിരുന്നത് ഒരേ ചോദ്യങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും നല്‍കുകയും ഇംഗ്ലീഷിലോ മലയാളത്തിലോ ഉത്തരമെഴുതാന്‍ അനുവദിക്കുകയുമായിരുന്നു. അതുണ്ടായില്ല, ഇപ്പോഴും അതു പറ്റില്ല എന്ന ശാഠ്യത്തിലുമാണ്.
പിഎസ്‌സിയുടെ പിടിപ്പുകേടുകൊണ്ട് സംഭവിച്ച കൈപ്പിഴ മലയാളം മാതൃഭാഷയില്ലാത്ത കുറച്ചാളുകളുടെ മനസുകളില്‍ മലയാളത്തോടുള്ള വിദ്വേഷത്തിന്റെ വിത്തുപാകുവാന്‍ ഇടയാക്കിക്കൂടെന്നില്ല. ഭാഷാവിദേ്വഷത്തിന്റെ ആ വിത്തുകള്‍ മുളയ്ക്കാതെ പോവട്ടെ എന്നു നമുക്ക് ആശിക്കാം. ഉത്തരമറിയാമെങ്കിലും ചോദ്യം അറിയാതെ പോവുന്നതുകൊണ്ട് പുറംതള്ളപ്പെടുന്ന ഉദേ്യാഗാര്‍ഥികളുണ്ടാവാം. ഉയര്‍ന്ന ജീവിതസാഹചര്യങ്ങളില്‍ നിന്നെത്തുന്നവരൊഴികെയുള്ളവര്‍ക്കു അവസരം നിഷേധിക്കുന്ന ഈ നയം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഐഎഎസ് പരീക്ഷ മുതല്‍ക്കുള്ള യുപിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലും എഴുതാമെന്നിരിക്കെ കേരളത്തിലെ ശിപായി മുതല്‍ക്കുള്ള സംസ്ഥാന തസ്തികകളിലേക്കുള്ള ജോലികള്‍ക്ക് ആംഗലേയശാഠ്യം ഉദ്ദേശശുദ്ധി ഇല്ലാത്തതാണെന്നു പറയേണ്ടിവരുന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള മത്സരപ്പരീക്ഷയില്‍ നിന്നു മാതൃഭാഷയെ മാറ്റിനിര്‍ത്തിയിരിക്കുന്നതിലും ശാഠ്യങ്ങളല്ലാതെ ന്യായീകരണങ്ങള്‍ ഉണ്ടെന്ന് പറയാനാവില്ല.

ഇന്ത്യയിലെ ഒരു ഡസനിലധികം സംസ്ഥാനങ്ങളിലെ പിഎസ്‌സി പരീക്ഷകളുടെ മാതൃക സംഘടിപ്പിച്ചു ഐക്യമലയാള പ്രസ്ഥാനം രേഖകള്‍ സഹിതം മുഖ്യമന്ത്രിയെ കണ്ടു നിവേദനം നടത്തിയപ്പോള്‍ അനുകൂലമായ പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. പിഎസ്‌സിക്കുള്ള നിര്‍ദേശം ചെയര്‍മാനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി നേരിട്ടു നല്‍കുകയാണുണ്ടായത്. മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും പിഎസ്‌സി അനങ്ങുന്നില്ല. ഒരു ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ അംഗങ്ങളെ അവരോധിക്കാനല്ലാതെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനോ പുറത്താക്കാനോ മന്ത്രിസഭയ്‌ക്കോ ഭരണമുന്നണിക്കോ കഴിയില്ലല്ലോ. തമിഴ്‌നാട്ടിലോ കര്‍ണാടകത്തിലോ ന്യൂനപക്ഷഭാഷയായ മലയാളത്തിനു കിട്ടുന്ന പരിഗണനയ്ക്കപ്പുറം കേരളത്തിലെ ന്യൂനപക്ഷഭാഷകളെ പരിഗണിക്കുന്നുണ്ടെന്ന വസ്തുതയും ശ്രദ്ധാര്‍ഹമാണ്.

ജനാധിപത്യ സംസ്‌കാരത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് മലയാളത്തോടുള്ള അവഗണന അവസാനിപ്പിക്കാനും മാതൃഭാഷ എന്ന നിലയ്ക്കുള്ള അതിന്റെ അവകാശങ്ങള്‍ അംഗീകരിക്കാനും കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ തയാറാവുമെന്നു ആശിക്കുന്നു.
ഫെബ്രുവരി 21 ലോകമാതൃഭാഷാ ദിനമാണ്. 1999-ലാണ് യൂനെസ്‌കോ ആ ദിനം മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. പാകിസ്ഥാന്‍ എന്ന രാഷ്ട്രം രൂപംകൊള്ളുമ്പോള്‍ പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പ്രധാനഭാഷയായ ഉറുദുവും കിഴക്കന്‍ പാകിസ്ഥാനിലെ പ്രധാനഭാഷയായ ബംഗാളിയും തുല്യപ്രാധാന്യമുള്ള ഔദേ്യാഗികഭാഷകളായി അംഗീകരിക്കപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ ഉറുദു മാത്രമാണ് ഔദേ്യാഗികഭാഷ എന്ന പ്രഖ്യാപനമുണ്ടായി. മാതൃഭാഷയ്ക്ക് വേണ്ടി കിഴക്കന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ പ്രക്ഷോഭമാരംഭിച്ചു. പൊലീസും പട്ടാളവും പ്രക്ഷോഭകര്‍ക്കുനേരെ നിറയൊഴിച്ചു.
ധാക്ക ഹൈക്കോടതിയിലേക്കു മാര്‍ച്ചു ചെയ്ത നാല് വിദ്യാര്‍ഥികള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. 1952 ഫെബ്രുവരി 21-നാണ് അതുണ്ടായത്. ആ ദിവസമാണ് പിന്നീട് യൂനെസ്‌കോ മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്. ബംഗാളിയുടെ മാതൃഭാഷ വികാരമാണ് ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രത്തിന്റെ പിറവിയോളം കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചത്. അത്രമേല്‍ പ്രഗാഢമായി ജനങ്ങള്‍ നമ്മുടെ മാതൃഭാഷയെ സ്‌നേഹിക്കുന്ന ഒരുകാലം സംഭവിച്ചെങ്കില്‍ എന്നാശിക്കാം.