Monday
22 Jan 2018

അത്യുല്‍പാദന ശേഷിയുളള പച്ചക്കറി വിത്തുകളും തൈകളുമായി കൃഷി വകുപ്പ്

By: Web Desk | Thursday 14 December 2017 8:48 PM IST

കല്‍പറ്റ:

വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ കര്‍ഷകര്‍ക്ക് അത്യുല്‍പ്പാദന ശേഷിയുള്ള പച്ചക്കറി തൈ വിതരണത്തിന് കൃഷി വകുപ്പിന്റെ ഒരു ഹൈടെക് പച്ചക്കറിതൈ ഉല്‍പ്പാദന കേന്ദ്രം തയ്യാറായി. എറണാകുളം മൂവാറ്റുപുഴ നടുക്കരയിലാണ് ഹൈടെക് പച്ചക്കറിതൈ ഉല്‍പാദന കേന്ദ്രം വി. എഫ്. പി. സി. കെയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. പ്രതിവര്‍ഷം 2 കോടിഹൈബ്രിഡ് പച്ചക്കറിതൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ യൂണിറ്റില്‍1536 സ്‌ക്വയര്‍ മീറ്റര്‍ വീതംവലിപ്പം ഉള്ള 4 പോളിഹൗസുകള്‍, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റ്, വിത്ത് നടീല്‍യൂണിറ്റ്, ഓഫീസ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടുന്നു.പോട്ടിംഗ് മിശ്രിതം യന്ത്രസഹായത്തോടെ നന്നായിസംയോജിപ്പിച്ച് യന്ത്രവല്‍കൃതമായിതന്നെ പ്ലാസ്റ്റിക്ക് പ്രോട്രേകളില്‍ നിറയ്ക്കുന്നു.

ഓരോകാലാവസ്ഥയ്ക്കും അനുയോജ്യമായ അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ യന്ത്രസഹായത്തോടെ നടുകയും അതു കണ്‍വേയര്‍ വഴി പോളിഹൗസുകളില്‍ എത്തിക്കുകയും ചെയ്യുന്നു. ഇവിടെ തൈവളരുന്നതിനു വേണ്‍സൂര്യപ്രകാശം, താപം, ഈര്‍പ്പം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. താപനില നിയന്ത്രിക്കുന്നതിനായി യന്ത്രവല്‍കൃത ഷേയ്ഡ് നെറ്റുകള്‍ ഉപയോഗപ്പെടുത്തുന്നു. കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഫെര്‍ട്ടഗേഷനിലൂടെ പോളിഹൗസില്‍ ഘടിപ്പിച്ചിരിക്കുന്ന ബൂമറുകളുടെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ വളപ്രയോഗം സാധ്യമാക്കുന്നു. ആവശ്യാനുസരണം ജലസേചനം നടത്തുന്നതിനും ഇതുവഴി സാധിക്കും. രോഗകീടബാധ നിയന്ത്രണത്തിനു വേണ്ട സസ്യസംരക്ഷണ മുറകളും ഇവിടെ അനുവര്‍ത്തിക്കുന്നു. ഈ പോളിഹൗസുകളില്‍ വിളകളുടെ മുളയ്ക്കുന്നതിനുള്ള കാലദൈര്‍ഘ്യം അനുസരിച്ച് ഏകദേശം 25 മുതല്‍ 40 ദിവസത്തിനുള്ളില്‍ ഹാര്‍ഡനിംഗ്‌ ചെയ്ത തൈകള്‍ കൃഷിക്കാര്‍ക്ക്‌ വിതരണം ചെയ്യുന്നതിന് സജ്ജമാകുന്നു. പ്ലഗ് നേഴ്‌സറികളില്‍ തയ്യാറാവുന്ന തൈകളുടെ വേരുപടലം നടീല്‍ മാധ്യമമായ കൊക്കോപീറ്റില്‍ ചുറ്റിയിരിക്കുന്നതിനാല്‍ കൃഷിയിടങ്ങളിലേക്ക്‌ കേടുപാടുകള്‍ കൂടാതെ കൊണ്ടുപോകുവാന്‍ കഴിയും. അതുപോലെതന്നെ കൃഷിയിടങ്ങളില്‍ വേരുപൊട്ടാതെ പറിച്ചു നടുന്നതിനും സാധ്യമാണ്. പൂര്‍ണ്ണമായും യന്ത്രവല്‍കൃതമായ ഈ നേഴ്‌സറിയില്‍ ശാസ്ത്രീയ പരിചരണങ്ങളാണ് പച്ചക്കറിതൈ ഉത്പാദനത്തിനു സ്വീകരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇവിടെ ഉല്‍പാദിപ്പിക്കുന്ന തൈകള്‍ക്ക്‌ കൃഷിയിടങ്ങളില്‍ നല്ല വളര്‍ച്ചയും, ആരോഗ്യവും, രോഗപ്രതിരോധശേഷിയും ഉണ്ടാകും. കേരളത്തില്‍ പച്ചക്കറികൃഷിയുടെ വ്യാപനത്തിനും, ഭക്ഷ്യസുരക്ഷയ്ക്ക്‌ വഴിയൊരുക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

Related News