Friday
14 Dec 2018

കേരളത്തിലെ കൗമരക്കാര്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നു

By: Web Desk | Wednesday 10 October 2018 9:10 AM IST

കൊച്ചി: കേരളത്തിലെ 12-19 വയസിനിടയില്‍ പ്രായമുള്ള അഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മാനസിക സമ്മര്‍ദ്ദത്തിന് ഇരയാകുന്നുവെന്ന് പഠനം. അസുഖത്തിന്റെ തീവ്രത 10.5 ശതമാനം പേര്‍ക്ക് നേരിയതോതിലാണ് അനുഭവപ്പെടുന്നത്. ഇതില്‍ 5.4 ശതമാനംപേര്‍ക്ക് മിതമായും അഞ്ചു ശതമാനം പേര്‍ക്ക് അസുഖം ഗുരുതരവുമാണ്. ശാരീരിക പീഡനം 74ശതമാനം, മാനസിക പീഡനം 85 ശതമാനം, ലൈംഗീക പീഡനം 21 ശതമാനം തുടങ്ങിയവയാണ് സ്‌കൂളില്‍ പോകുന്ന കൗമാരക്കാര്‍ക്ക് മാനസിക പ്രശ്‌നമുണ്ടാക്കുന്ന പ്രധാന കാരണങ്ങളെന്നും കേരളത്തിലുടനീളം നടത്തിയ പഠനത്തില്‍ കണ്ടെത്തി. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സൈക്ക്യാട്രി വിഭാഗം മേധാവി ഡോ.എന്‍. ദിനേശനാണ് കൗമാരക്കാരുടടെ മാനസിക പ്രശ്‌നങ്ങളെ കുറിച്ചുള്ള വര്‍ക്ക്‌ഷോപ്പില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോള തലത്തില്‍ മാനസിക അസുഖമുള്ള 10-19 വയസിനിടയിലുള്ള കൗമാരക്കാരുടെ എണ്ണം 10മുതല്‍ 20 ശതമാനം വരെയാണ്. ഈ മാനസിക അസുഖങ്ങളില്‍ പകുതിയും തുടങ്ങുന്നത് 14 വയസിലാണ്. 20 വയസാകുമ്പോള്‍ ഇത് മൂന്നു മടങ്ങാകുന്നു. 15-20 വയസിനിടയില്‍ ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമാകുന്നത് ആത്മഹത്യയാണ്. 1990-2013ന് ഇടയില്‍ നിരാശയുടെ തോത് 67 ശതമാനം വര്‍ധിച്ചു. 2015ഓടെ ഇത് 22.5 ശതമാനമാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സമ്മര്‍ദ്ദവുമായി ഒത്തുപോകാന്‍ പറ്റാതാകുമ്പോള്‍ കൗമാരക്കാര്‍ ലഹരിവസ്തുക്കള്‍ ഉപയോഗത്തിലേക്ക് തിരിയുന്നുവെന്നും കേരളത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ മദ്യത്തിന്റെ ഉപയോഗം 15 ശതമാനമാണെന്നുമാണ് കണക്ക് ഇതില്‍ 23 ശതമാനം ആണ്‍കുട്ടികളും 6.5 ശതമാനം പെണ്‍കുട്ടികളുമാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഉപയോഗം വര്‍ധിക്കുകയാണെന്നുമാണ് നിഗമനം. പുകയിലയുടെ ഉപയോഗം 6.9 ശതമാനവും. നിരാശ, സമ്മര്‍ദ്ദം, ലഹരി വസ്തുക്കളുടെ ദുരുപയോഗം, ആത്മഹത്യ തുടങ്ങിയവയാണു ഇന്നത്തെ യുവത്വം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും ഡോ. ദിനേശന്‍ പറഞ്ഞു. കൗമാരക്കാരിലെ ഡിപ്രഷന്‍ ഉയരുകയാണ്. എന്നാല്‍ പലപ്പോഴും ക്ഷോഭം, ഉത്കണ്ഠ, പ്രകടന മികവു കുറയുക തുടങ്ങിയ ലക്ഷണങ്ങളില്‍ നിന്നും ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നും കുട്ടിക്കാലത്തെ അപകടകരമായ അനുഭവങ്ങള്‍ക്ക് നിരാശയുമായി ബന്ധമുണ്ടെന്നും അസുഖം നേരത്തെ തിരിച്ചറിഞ്ഞ് മാനസികാരോഗ്യ വളര്‍ച്ചയ്ക്കു വേണ്ട ചികില്‍സ നല്‍കണമെന്നും ഡോ.ദിനേശന്‍ വ്യക്തമാക്കി

15-29 വയസിനിടയില്‍ മരണത്തിനിടവരുത്തുന്ന രണ്ടാമത്തെ കാരണം ആത്മഹത്യയാണെന്നും ആഗോള ആത്മഹത്യയില്‍ 78 ശതമാനവും സാമ്പത്തികപരമായി പിന്നോക്കം നിക്കുന്ന രാജ്യങ്ങളിലാണ്. കീടനാശിനികളുടെ ഉപയോഗവും, തൂങ്ങി മരണവുമാണ് സാധാരണ ആത്മഹത്യ വഴികളാണ്. മാനസിക അസുഖവും ആത്മഹത്യയും തമ്മിലുള്ള ബന്ധം വ്യക്തമായിട്ടുള്ളതാണെന്നും ഡോ.ദിനേശന്‍ കൂട്ടിച്ചേര്‍ത്തു.

ചെറു പ്രായത്തില്‍ തന്നെ ലഹരി വസ്തുക്കള്‍ക്ക് അടിപ്പെടുന്നത് ചൂതുകളികള്‍, മോഷണം, വഴക്കുകൂടല്‍, തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നതിന് വഴിയൊരുക്കും. ഇത്തരം കുട്ടികളെ വീണ്ടെടുക്കാന്‍ മാതാപിതാക്കള്‍, അധ്യാപകര്‍, കൂട്ടുകാര്‍ തുടങ്ങിയവരുടെ പിന്തുണ ആവശ്യമാണ്. ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം ഉല്‍സാഹകുറവിനും ശ്രദ്ധിക്കാനുള്ള കഴിവു കുറയുന്നതിനും കാരണമാകുന്നുണ്ടെന്നും ഡോ.ദിനേശന്‍ വിശദമാക്കി.
ജീവിതത്തിലെ വിവിധ വെല്ലുവിളികളും അവസരങ്ങളും നേരിടുവാനുള്ള കഴിവു വളര്‍ത്തുകയാണ് ഇന്നത്തെ കൗമാരക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനുളള ഏക മാര്‍ഗമം. അവരില്‍ പുതിയ കഴിവുകള്‍ വികസിപ്പിക്കുക, വെല്ലുവിളകള്‍ നിറഞ്ഞ സാഹചര്യം നേരിടാന്‍ പ്രാപ്തരാക്കുക, പിന്തുണ നല്‍കാന്‍ പറ്റിയ ബന്ധങ്ങള്‍ സ്ഥാപിക്കുക, വികാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും ഡോ.ദിനേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡോ.ശബരീഷ്, ഡോ. എല്‍. സരസ്വതി. ഡോ.എലിസബത്ത് എബ്രഹാം, ഡോ. ഷീന്‍ മരിയ ജേക്കബ്, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.