Tuesday
13 Nov 2018

ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട്

By: Web Desk | Saturday 7 April 2018 11:14 PM IST

റെനി കുളത്തൂപ്പുഴ

ഇന്ത്യയില്‍ പൊതുവിദ്യാഭ്യാസവും തൊഴിലധിഷ്ഠിതപഠനവും പരസ്പരം ബന്ധമില്ലാതെ സമാന്തരമായി കടന്നുപോവുകയാണ്. ഇതുമൂലം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തോട് ജനങ്ങള്‍ പൊതുവെ വിമുഖത കാണിക്കാറുണ്ട്. കൂടാതെ, അത്തരം വിദ്യ നേടുന്നവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ അപ്രാപ്യമാണെന്നും കരുതപ്പെടുന്നു. ഈ കാഴ്ചപ്പാട് മാറ്റിയെടുക്കുന്നതിനും ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ഏതെങ്കിലും ഒരു തൊഴില്‍ നൈപുണി കൂടി പഠിതാവിന് നല്‍കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് എന്‍എസ്‌ക്യുഎഫ് (നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക്) എന്നറിയപ്പെടുന്ന ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട്.
രണ്ടായിരത്തി പതിമൂന്ന് ഡിസംബര്‍ മാസം ഇരുപത്തിയേഴാം തീയതിയാണ് കേന്ദ്രസര്‍ക്കാരിന്റെ എന്‍എസ്‌ക്യുഎഫ് വിജ്ഞാപനം ഉണ്ടായത്. പ്രാപ്തി അടിസ്ഥാനമാക്കിയ ഒരു ചട്ടക്കൂടാണ് എന്‍എസ്‌ക്യുഎഫ് ഇതില്‍ എല്ലാ യോഗ്യതകളും അറിവിന്റെയും നൈപുണ്യത്തിന്റെയും അഭിരുചിയുടെയും വിവിധ തലത്തിലെ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു പഠിതാവിന് അവന്റെ പ്രാപ്തിക്കനുസരിച്ച് ഔപചാരികമോ, അനൗപചാരികമോ ആയ വിദ്യാഭ്യാസത്തിലൂടെ ഏതുതലത്തിലുമുള്ള സര്‍ട്ടിഫിക്കറ്റ് നേടാവുന്നതാണ്. ഈ ചട്ടക്കൂട്ടില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള തലങ്ങളുണ്ട്. ലെവല്‍ ഒന്ന്-ഒമ്പതാം ക്ലാസ് (ഇരുന്നൂറ് മണിക്കൂര്‍-നോഷണല്‍), ലെവല്‍ രണ്ട്-പത്താം ക്ലാസ് (ഇരുന്നൂറ് മണിക്കൂര്‍-നോഷണല്‍), ലെവല്‍ മൂന്ന്-പതിനൊന്നാം ക്ലാസ് (മുന്നൂറ് മണിക്കൂര്‍-നോഷണല്‍), ലെവല്‍ നാല്-പന്ത്രണ്ടാം ക്ലാസ് (മുന്നൂറ്റി അമ്പത് മണിക്കൂര്‍-നോഷണല്‍), ലെവല്‍ അഞ്ച്, ആറ്, ഏഴ്-ബിവോക് (ബിരുദപഠനം), ലെവല്‍ എട്ട്, ഒമ്പത്-എംവോക് (ബിരുദാനന്തരപഠനം), ലെവല്‍ പത്ത്-ഗവേഷണം. ഒരു വിദ്യാഭ്യാസ പരിശീലനത്തിനുശേഷം പഠിതാവ് അറിയുന്നതും, മനസിലാക്കുന്നതും, ചെയ്യാന്‍ കഴിയുന്നതും എന്താണോ അതാണ് പഠനപരിണിത ഫലം. പഠനം കഴിയുമ്പോള്‍ ഏതെങ്കിലും ഒരു മേഖലയില്‍ തൊഴില്‍ പരിചയം ഉറപ്പാക്കുകയാണ് ലക്ഷ്യമാക്കുന്നത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് പ്രൊഫഷണല്‍ കോഴ്‌സിന് പോകുന്നവരും തൊഴില്‍ നൈപുണി നേടിയവരായിരിക്കണം.
എന്‍എസ്‌ക്യുഎഫ് നടപ്പിലാക്കുന്നതിലൂടെ പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ പലതാണ്. ഒന്നാമതായി ബിരുദപഠനം എന്‍.എസ്.ക്യു.എഫുമായി ബന്ധിപ്പിക്കുന്നതുവഴി പൊതുവിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുമിടയില്‍ ചലനക്ഷമത വര്‍ദ്ധിക്കും. ആര്‍പിഎല്‍ (റിക്കഗ്നൈസേഷന്‍ ഓഫ് പ്രയര്‍ ലേണിങ്) മൂലം അനൗപചാരികതയില്‍ നിന്ന് സംഘടിത മാര്‍ക്കറ്റിലേയ്ക്കുള്ള മാറ്റം സാദ്ധ്യമാകുന്നു. മൂന്നാമതായി ദേശീയ ഗുണനിലവാരം ഉറപ്പുള്ള ചട്ടക്കൂടിലൂടെ ക്രമീകരിക്കപ്പെട്ട് സ്ഥിരതയുള്ള രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ട പരിശീലനം ലഭ്യമാകുന്നു. അതിലൂടെ പ്രസ്തുത മേഖലയിലെ പുരോഗമന മാപ്പിംങ്ങ് സാദ്ധ്യമാകുന്നു. ഏറ്റവും പ്രധാനമായി അന്താരാഷ്ട്ര തുല്യതയുള്ള എന്‍.എസ്.ക്യു.എഫ്. ലൂടെ ഇന്ത്യന്‍ തൊഴില്‍ ശക്തിയുടെ ആഗോളക്ഷമത വര്‍ധിക്കുന്നു.
ഇന്ത്യന്‍ തൊഴില്‍ വിപണിയിലെ ചലനാത്മകതയാണ് എന്‍എസ്‌ക്യുഎഫ് പ്രധാനമായും ഉദ്ദേശിക്കുന്നത്. 2013-ല്‍ ഇറങ്ങിയ വിജ്ഞാപനത്തിന്റെ പതിനാലാം ഖണ്ഡികയില്‍, നടപ്പിലാക്കേണ്ട കാലയളവ് വ്യക്തമാക്കുന്നു. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനകം ഈ ചട്ടക്കൂട് ഇന്ത്യയിലാകെ നടപ്പിലാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം (2016 ഡിസംബര്‍ മാസം 27-ാം തീയതി) എന്‍എസ്‌ക്യുഎഫ് അല്ലാത്ത വിദ്യാഭ്യാസ പദ്ധതികള്‍ക്കോ, പരിശീലനങ്ങള്‍ക്കോ കേന്ദ്രഫണ്ട് ലഭ്യമാക്കില്ലായെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നു.
എല്ലാ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളും എന്‍എസ്‌ക്യുഎഫ് അടിസ്ഥാനത്തിലായിരിക്കും. വിജ്ഞാപനത്തിന്റെ അഞ്ചാം വര്‍ഷത്തിനുശേഷം അതായത് രണ്ടായിരത്തി പതിനെട്ട് ഡിസംബര്‍ ഇരുപത്തിയേഴിന് മുമ്പായി എല്ലാ വിദ്യാഭ്യാസ പരിപാടികളും പരിശീലനങ്ങളും എന്‍എസ്‌ക്യുഎഫിലേയ്ക്ക് നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്. പി.എസ്.സി.യും മറ്റ് ഗവണ്‍മെന്റ് നിയമനങ്ങളുടെയും അടിസ്ഥാനം എന്‍എസ്‌ക്യുഎഫ് തലത്തിലായിരിക്കും.
എന്‍എസ്‌ക്യുഎഫ് നിര്‍ദ്ദേശാനുസൃതമായ നൈപുണികള്‍ തയാറാക്കുന്നത് ദേശീയ ഡാറ്റാബേസ് ആണ്. സംസ്ഥാനങ്ങള്‍ക്ക് അനുയോജ്യമായ നൈപുണികള്‍ പരിഷ്‌ക്കരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഈ ഡാറ്റാബേസ് നല്‍കുന്നു. ചില മാനദണ്ഡങ്ങള്‍ പാലിച്ച് വേണം യോഗ്യതാ നൈപുണികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒന്നാമതായി ഇവ സാമ്പത്തിക സാമൂഹ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതായിരിക്കണം. ഗവേഷണ സാധ്യതയും വിദഗ്ധാഭിപ്രായവും ഉള്‍ക്കൊണ്ട് വ്യക്തമായ മാനദണ്ഡമുള്ളതായിരിക്കണം. മൂന്നാമതായി പരിശീലന സാധ്യതയും മൂല്യനിര്‍ണയ സാധ്യതയും വിലയിരുത്തി വിശ്വാസ്യത ഉറപ്പ് വരുത്തിയിരിക്കണം. നാലാമതായി എന്‍എസ്‌ക്യുഎഫ് ചട്ടക്കൂടിന്റെ വിവിധ ലെവലുകളോട് യോജിക്കുന്നതും അവയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുമായിരിക്കണം. ഈ രജിസ്റ്ററില്‍ യോഗ്യത നൈപുണി ചേര്‍ക്കുന്നതിനുള്ള അംഗീകാരം നല്‍കുന്നത് ദേശീയ നൈപുണി യോഗ്യത കമ്മിറ്റിയാണ്. രണ്ടായിരത്തി പതിനേഴ് മാര്‍ച്ച് ഇരുപത്തിയെട്ടിന് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലിക പ്രാധാന്യമുള്ള വിവിധ കോഴ്‌സുകളാണ് ലെവല്‍ മൂന്ന്, ലെവല്‍ നാല്, ലെവല്‍ അഞ്ച് എന്നിവയ്ക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫീള്‍ഡ് ടെക്‌നീഷ്യന്‍-എസി, ഫീള്‍ഡ് ടെക്‌നീഷ്യന്‍ അദര്‍ ഹോം അപ്ലൈന്‍സസ്-മാനുഫാക്ചറിംഗ്, സര്‍ക്യൂട്ട് ഇമാജിങ് ഓപ്പറേഷന്‍, ഐ ടി ഹാര്‍ഡ്‌വെയര്‍, അക്‌സെസ് കണ്‍ട്രോള്‍ ഇന്‍സ്റ്റലേഷന്‍, ടെക്‌നീഷ്യന്‍-റിപ്പയര്‍ ആന്റ് മെയിന്റനന്‍സ് ഓഫ് ഇ.സി.ജീസ്, ഐ.സി.സി.യു. എക്യുപ്‌മെന്റ്, ഡെന്റല്‍ എക്യുപ്‌മെന്റ്, ടെലികോം ടെക്‌നീഷ്യന്‍, റോബോട്ടിക് പ്രോഗ്രാമിംഗ്, ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ എന്നിങ്ങനെ അനേകം കോഴ്‌സുകള്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി ഹെല്‍ത്ത് വെല്‍ഫെയര്‍, മീഡിയ എന്റര്‍ടെയിന്‍മെന്റ് ആന്‍ഡ് പ്രൊഡക്ഷന്‍, ആഗ്രോ പ്രൊഡക്ഷന്‍ ആന്റ് മാര്‍ക്കറ്റിങ്, ഫൈനാന്‍സ് ബിസിനസ് ആന്‍ഡ് മാനേജുമെന്റ് എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ കേരളം മാത്രമാണ് എന്‍എസ്‌ക്യുഎഫ് നടപ്പാക്കാത്ത സംസ്ഥാനം. ഇതിന് പല കാരണങ്ങളാണ് പൊതുവെ പറഞ്ഞിട്ടുള്ളത്. എന്‍എസ്‌ക്യുഎഫിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വേണ്ടത്ര അറിവ് ലഭ്യമല്ല. മറ്റൊന്ന് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസലക്ഷ്യം നിറവേറ്റാന്‍ ഈ ചട്ടക്കൂടിന് കഴിയില്ല എന്ന ധാരണ. സാക്ഷരത കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് മാത്രം ഉപകരിക്കുന്ന ഒരു ചട്ടക്കൂടാണ് ഇതെന്നാണ് ചില വിമതപക്ഷവാദം. കൂടാതെ ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന വിഎച്ച്എസ്ഇ പാഠ്യപദ്ധതി എന്‍എസ്‌ക്യുഎഫ് നേക്കാള്‍ മെച്ചമാണെന്ന് വാദിക്കുന്നവരുമുണ്ട്. ഒന്‍പതാം ക്ലാസില്‍ ലെവല്‍ ഒന്ന് തുടങ്ങുന്നതിനുവേണ്ട പ്രാപ്തി കുട്ടികള്‍ക്ക് ഉണ്ടാവില്ലായെന്നും സാധാരണ പഠനത്തോടൊപ്പം ഒരു നൈപുണി കൂടി നേടുന്നതിന് സമയപരിമിധി ഉണ്ടെന്ന് വാദിക്കുന്നവരും കേരളത്തിലുണ്ട്. മാത്രമല്ല, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ നൈപുണി വികസനത്തിനാവശ്യമായ സമയം കണ്ടെത്തുന്നതും ആശങ്ക ഉണര്‍ത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ അഞ്ച് വിഷയങ്ങളാണ് പഠിക്കുന്നത്. കേരളത്തില്‍ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളില്‍ ആറ് വിഷയങ്ങളാണ് പഠിച്ചുകൊണ്ടിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ എന്‍എസ്‌ക്യുഎഫ് നടപ്പിലാക്കിയാല്‍ മാത്രമെ ലഭ്യമാകൂ എന്നതുകൊണ്ടും വിദേശത്തേയ്ക്കുള്ള ജോലികള്‍ക്ക് പോലും എന്‍എസ്‌ക്യുഎഫ് ലെവലുകളെ അടിസ്ഥാനമാക്കും എന്നതുകൊണ്ടും കേരള സാഹചര്യത്തിനനുസരിച്ച് ഒരു ചട്ടക്കൂട് രൂപപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലേയ്ക്കായി സമര്‍പ്പിച്ച കേരള മോഡലിനോട് കേന്ദ്രഗവണ്‍മെന്റ് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കുന്നു. പത്താം ക്ലാസ് കഴിയുന്ന കുട്ടി സ്‌കൂള്‍ മാറ്റം ഉണ്ടാകുന്നത് നിലവിലെ സാഹചര്യത്തില്‍ ഒന്‍പതാം ക്ലാസില്‍ തിരഞ്ഞെടുത്ത കോഴ്‌സ് തുടര്‍ന്നുപഠിക്കാന്‍ അവസരം നഷ്ടപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
നൂറില്‍പരം രാജ്യങ്ങള്‍ ഇന്ന് യോഗ്യതാചട്ടക്കൂട് രൂപപ്പെടുത്തുന്ന ശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനങ്ങളിലെയും ജോലികള്‍ക്കും ആഗോളതലത്തില്‍ ജോലി തേടിപ്പോകുന്ന മലയാളിക്കും അനിവാര്യമായ ഒന്നായി മാറും എന്‍എസ്‌ക്യുഎഫ്. തുടര്‍ പഠനവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനങ്ങളില്‍ പോകുന്ന മലയാളികളായ വിദ്യാര്‍ഥികള്‍ക്ക് എന്‍എസ്‌ക്യുഎഫ് കൂടുതല്‍ സഹായകമാകും. ഈ തൊഴില്‍ നൈപുണി നേടുന്നതിലൂടെ മലയാളികളുടെ അക്കാദമിക നിലവാരം ഒന്നുകൂടി മെച്ചപ്പെടുകയും, അനുഭവക്കുറവുകൊണ്ട് മാത്രം നഷ്ടപ്പെടുന്ന അനേകം അവസരങ്ങള്‍ ഭാവി തലമുറയ്ക്ക് എത്തിപ്പിടിക്കാനാകും എന്നതും എന്‍എസ്‌ക്യുഎഫ് നടപ്പിലാക്കുന്നതിന് നമുക്ക് പ്രചോദനമാകട്ടെ.