Tuesday
16 Oct 2018

ശബരിമലയിലും പമ്പയിലും പുനര്‍നിര്‍മാണത്തിനായി തീർത്ഥാടകരിൽ നിന്ന‌് ഫണ്ട‌് സമാഹരിക്കണം ; ഹൈക്കോടതി

By: Web Desk | Wednesday 26 September 2018 9:35 AM IST

കൊച്ചി. ശബരിമലയിലും പമ്പയിലും പുനര്‍നിര്‍മാണത്തിനായി തീർത്ഥാടകാരിൽ നിന്ന‌് ഫണ്ട‌് സമാഹരിക്കണമെന്ന‌് ഹൈക്കോടതി. നിലയ‌്ക്കല്‍, പമ്പ , സന്നിധാനം എന്നിവിടങ്ങളില്‍ പ്രത്യേക കാണിക്കവഞ്ചി സ്ഥാപിക്കണം. ഭക്തരുടെ ശ്രദ്ധയാകര്‍ഷിക്കും വിധമുള്ള കേന്ദ്രങ്ങളിലാകണം കാണിക്കവഞ്ചി സ്ഥാപിക്കേണ്ടത‌്. കാണിക്കവഞ്ചിക്ക‌് പ്രത്യേക നിറം നല്‍കി വലിയ അക്ഷരത്തില്‍ ബോര്‍ഡ‌് പ്രദര്‍ശിപ്പിക്കണം. പണം നിക്ഷേപിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ പരസ്യ പ്രചാരണം നടത്തണം.

കമ്പനികളില്‍നിന്ന‌് പുനര്‍നിര്‍മാണ ഫണ്ട‌് ശേഖരിക്കാന്‍ കഴിയുമോ എന്ന‌് മാസ‌്റ്റര്‍പ്ലാന്‍ കമ്മിറ്റി പരിശോധിക്കണം. കാണിക്കവഞ്ചി വരവിന‌് പ്രത്യേക അക്കൗണ്ട‌ാകാമെന്നും തുക പുനര്‍നിര്‍മാണത്തിനു മാത്രമേ വിനിയോഗിക്കാവൂ എന്നും കോടതി നിര്‍ദേശിച്ചു. പമ്പ  പുനര്‍നിര്‍മിക്കാനുള്ള ശബരിമല സ‌്പെഷ്യല്‍ കമീഷണര്‍ റിപ്പോര്‍ട്ട‌് പരിഗണിക്കവേയാണ‌് ജസ‌്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ പരാമർശം . ഇക്കാര്യത്തില്‍ വിശദമായ ഉത്തരവ‌് പുറപ്പെടുവിക്കുമെന്ന‌് ബെഞ്ച‌് വ്യക്തമാക്കി.

Related News