Monday
16 Jul 2018

വന്‍ വികസന പദ്ധതികള്‍ക്ക് അരങ്ങൊരുങ്ങുന്നു

By: Web Desk | Tuesday 10 October 2017 12:00 AM IST

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തിന്റെ മുഖച്ഛായ മാറുന്ന അടിസ്ഥാന വികസന പദ്ധതികള്‍ക്ക് അടിത്തറ പാകുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദ്വിദിന വകുപ്പ്-പദ്ധതി അവലോകനയോഗത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തുടക്കം കുറിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന 12 സുപ്രധാന പദ്ധതികള്‍ ഒന്നാം ദിവസ അവലോകന യോഗത്തിന്റെ പരിഗണനയ്ക്കുവന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ സൗകര്യവികസനം, എരമല്ലൂര്‍-കൊടുങ്ങല്ലൂര്‍ മേഖലയില്‍ ബസ് റാപ്പിഡ് ട്രാന്‍സിറ്റ് കോറിഡോര്‍, തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും നിര്‍ദിഷ്ട ലൈറ്റ് മെട്രോയുടെ പുനരാവിഷ്‌കരണം, സെക്രട്ടേറിയറ്റ്-തമ്പാനൂര്‍ സ്‌കൈ വാക്ക്, ടെക്‌നോപാര്‍ക്കിലേക്കും ടെക്‌നോ സിറ്റിയിലേക്കും ദേശീയപാത വഴി കണക്ടിവിറ്റി, വയനാട്ടിലും മൂന്നാറിലും സുവോളജിക്കല്‍-ബൊട്ടാണിക്കല്‍ പാര്‍ക്ക്, കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോടിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് അതിവേഗം എത്താന്‍ കഴിയുന്ന പാതകള്‍, കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി, റായ്പൂരില്‍ നിന്ന് മാടക്കത്തറയിലേക്ക് ഹൈവോള്‍ട്ടേജ് വൈദ്യുതി ലൈന്‍ വരുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്ന പദ്ധതി, ഇടുക്കി അണക്കെട്ടിന്റെ ചുറ്റുപാടും ഹൈഡല്‍ ടൂറിസം പദ്ധതി, ആലപ്പുഴയിലെ ജലാശയങ്ങളുടെ വികസനം, റബ്ബര്‍ മേഖലയില്‍ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്കുളള വ്യവസായങ്ങള്‍ എന്നീ പദ്ധതികളാണ് ചീഫ് സെക്രട്ടറി ഡോ. കെ എം അബ്രഹാം അവതരിപ്പിച്ചത്. ഇതിന്റെ വിശദമായ പരിശോധന പിന്നീട് നടക്കും. അതിന് ശേഷം മാത്രമേ ഇതില്‍ നിന്നും ഏതെല്ലാം പദ്ധതികള്‍ ഏറ്റെടുക്കണമെന്ന അന്തിമ തീരുമാനം ഉണ്ടാകൂ.
ആദ്യ ദിനത്തില്‍ മുഖ്യമന്ത്രിയടക്കം ആറു മന്ത്രിമാരുടെ വകുപ്പുകള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട പദ്ധതികളും ഭാവിപരിപാടികളും വിലയിരുത്തി. ഇന്ന് 12 മന്ത്രിമാരുടെ വകുപ്പുകളിലെ പദ്ധതികള്‍ അവലോകനം ചെയ്യും.
ഓരോ വകുപ്പിലെയും മൂന്ന് പ്രധാന പദ്ധതികളാണ് അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കുക. എല്ലാ വകുപ്പുകളിലെയും പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും, പദ്ധതികള്‍ നടപ്പാക്കാന്‍ വൈകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി തടസങ്ങള്‍ നീക്കുകയുമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 38 വകുപ്പുകളുടെ 114 പദ്ധതികള്‍ക്കാണ് ഇന്ന് അവസാനിക്കുന്ന ദ്വിദിന പദ്ധതി അവലോകനത്തോടെ മുഖ്യമന്ത്രി അന്തിമ രൂപം നല്‍കുക.
നിര്‍ദ്ദിഷ്ട വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് 2018 ജൂലൈയില്‍ ആരംഭിക്കാന്‍ കഴിയുമെന്ന് അവലോകനത്തില്‍ വ്യക്തമായി. തോന്നയ്ക്കലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഇലക്‌ട്രോണിക് സര്‍വീസ് ബുക്ക് ഏര്‍പ്പെടുത്തുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജലവിഭവ മന്ത്രി മാത്യു ടി തോമസ്, പട്ടികജാതി പട്ടികവര്‍ഗ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍, തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, ഗതാഗത മന്ത്രി തോമസ് ചാണ്ടി, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എന്നിവരുടെയും മുഖ്യമന്ത്രിയുടെയും കീഴിലുളള വകുപ്പുകളിലെ പദ്ധതികളാണ് ആദ്യദിവസമായ ഇന്നലെ വിലയിരുത്തിയത്. ചീഫ് സെക്രട്ടറി ഡോ.കെ എം അബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോ-ഓര്‍ഡിനേഷന്‍) വി എസ് സെന്തില്‍, ഐ ടി സെക്രട്ടറി എം ശിവശങ്കര്‍, പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ എന്നിവരും അതത് വകുപ്പുകളുടെ സെക്രട്ടറിമാരും അവലോകനത്തില്‍ പങ്കെടുത്തു.

Related News