Wednesday
19 Sep 2018

ട്രംപിനെന്താ കൊമ്പുണ്ടോ, ദിലീപിനായാല്‍ കയ്ക്കുമോ!

By: Web Desk | Monday 9 October 2017 1:04 AM IST

 

ഓരോ വിവാഹമോചനവും അഴുക്കിനെ അലിയിച്ചുകളയലാണെന്ന് ദിലീപ് ക്യാമ്പുകാരുടെ വിശദീകരണം. അങ്ങനെ അഴുക്കലിയിക്കുന്ന സോപ്പാണ് ദിലീപെന്ന് ഒരു കൂട്ടര്‍.  ഈ ചര്‍ച്ച കേട്ടപ്പോള്‍  സംശയം. കാമ്പസുകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട് വര്‍ത്തമാനകാലവല്‍ക്കരണത്തിലേയ്ക്ക് വഴുതിവീഴുകയാണോ?

ഴിഞ്ഞ ദിവസം ഒരു കോളജ് കാമ്പസിനുള്ളിലൂടെ നടന്നുപോകുമ്പോള്‍ മരത്തണലില്‍ കൂടിയിരിക്കുന്ന യുവതയുടെ പൊരിഞ്ഞ വാക്‌പോര്. അവരില്‍ ചെരുതരക്കാരികളും ചെറുതരക്കാരന്മാരുമുണ്ട്. ആകെയൊരു കാമ്പസ് കലാപമെന്നേ തോന്നൂ. പക്ഷേ കല്യാണരാമന്മാരായിരുന്നു ചര്‍ച്ചയിലെ കഥാപാത്രങ്ങളെന്നായപ്പോള്‍ ആകെയൊരു രസത്തിന്റെ പൂരം. തമാശകളുടെ അമിട്ടുകള്‍. ‘രണ്ടു കളത്രത്തെ വച്ചുപുലര്‍ത്തുന്ന തണ്ടുതപ്പിക്കു സുഖമല്ലൊരിക്കലും’ എന്ന പഴഞ്ചന്‍ പ്രമാണത്തെ മുറുകെപിടിക്കുന്നവര്‍ ആ കൂട്ടത്തില്‍ സൂക്ഷ്മദര്‍ശിനിയിലൂടെ മാത്രം കാണാവുന്ന അണുന്യൂനപക്ഷം. അപ്പോള്‍ തോന്നിപ്പോയി, നമ്മുടെ യുവതയുടെ ഒരു ഉള്ളിലിരുപ്പേ! കല്യാണരാമന്മാര്‍ കഥാപാത്രങ്ങളായി ചര്‍ച്ചയിങ്ങനെ കൊഴുക്കാനെന്തേ കാര്യം എന്നു ദേവിക ചിന്തിച്ചുപോയി. സംഗതി പിടികിട്ടി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും ഭൂമി മലയാളത്തിന്റെ ജനപ്രിയനായകന്‍ ദിലീപിനേയും ചുറ്റിപ്പറ്റിയായിരുന്നു വാക്‌യുദ്ധം. പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാനാ ട്രംപ് എന്ന അറുപത്തേഴുകാരിയുടെ അടുത്തയാഴ്ച പ്രകാശനം ചെയ്യാനിരിക്കുന്ന ‘റെയിസിങ് ട്രംപ്’ എന്ന പുസ്തകത്തെക്കുറിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ നടത്തുന്ന ആഘോഷത്തില്‍ തുടങ്ങിയ ചര്‍ച്ചയാണ് ഈ കാമ്പസ് ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയത്.

യുഎസിലെ പെരിയ ഭൂമിക്കച്ചവടക്കാരനായ ട്രംപ് നാല്‍പത് വര്‍ഷം മുമ്പ് ഇവാനായെ വലയിലാക്കി താലികെട്ടിയപ്പോള്‍ രണ്ട് വാഗ്ദാനങ്ങളാണ് കരാറൊപ്പിട്ടു നല്‍കിയത്. ഓരോ കുഞ്ഞു പിറക്കുമ്പോഴും ഇവാനയ്ക്ക് രണ്ടരലക്ഷം ഡോളര്‍ വീതം സമ്മാനമായി നല്‍കും. വിവാഹജീവിതത്തിന്റെ ഓരോ വര്‍ഷത്തിനും ഇരുപതിനായിരം ഡോളര്‍ വീതം ബോണസ്. 15 വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ വഴിപിരിഞ്ഞു. കല്യാണം കഴിഞ്ഞ് പത്തുമാസം കഴിയുമ്പോഴാണ് പ്രസവമെങ്കിലും ഒന്‍പതു മാസമാകുന്നതിനു മുമ്പുതന്നെ ഇവാന പെറ്റു. ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍. അടുത്തത് ഇവാന്‍ക എന്ന പുത്രി. മൂന്നാമന്‍ എറിക് ട്രംപ്. പേറു മൂന്ന് കഴിഞ്ഞപ്പോള്‍ 7.5 ലക്ഷം ഡോളറും 15 വര്‍ഷത്തെ ബോണസും നല്‍കി ട്രംപ് തന്റെ ‘പ്രസവയന്ത്ര’മായിരുന്ന ഇവാനോയോട് സലാം പറഞ്ഞു.

ഇവാന ട്രംപിന്റെ ഭാര്യയായിരിക്കുമ്പോള്‍ തന്നെ കാമുകിയും സൗന്ദര്യറാണിയുമായ മര്‍ലാമേപ്പിള്‍സ് ഇവാനോയോട് നേരിട്ട് അഭ്യര്‍ഥിക്കുന്നു, ഞാനൊന്ന് ട്രംപിനെ കെട്ടിക്കോട്ടെ. എന്തൊരക്രമം. വിവാഹമോചനത്തിനുശേഷം മര്‍ലാ ട്രംപിന്റെ രണ്ടാം ഭാര്യയാവുന്നു. ആറ് വര്‍ഷത്തെ ദാമ്പത്യവല്ലരി 1999ല്‍ കൊഴിഞ്ഞു വീഴുന്നു. പിന്നീട് ഇപ്പോഴത്തെ നടപ്പുഭാര്യ പഴയ ചെക്കസ്ലോവാക്യക്കാരിയായ മെലാനിയാ ട്രംപ്. അവിഭക്ത ചെക്കോസ്ലോവാക്യ കമ്യൂണിസ്റ്റ് രാജ്യമായിരുന്നപ്പോള്‍ അവിടെ സ്ലൊവാനിയയിലെ ഒരു കമ്യൂണിസ്റ്റിന്റെ പുത്രിയായി പിറന്നവള്‍, പ്രതിവിപ്ലവത്തില്‍ ചെക്കോസ്ലോവാക്യ ഇല്ലാതായപ്പോള്‍ മോഡലായി ദേശാടനക്കിളിയെപോലെ നടന്ന മെലാനിയയുടെ കഥയും കാമ്പസ് കൂട്ടം രൂചിയോടെ വര്‍ണിക്കുന്നു.

കമ്യൂണിസത്തില്‍ നിന്നും മുതലാളിത്തത്തിലേക്ക് വഴുതിവീണ ചെക്ക് സമൂഹത്തിന്റെ ജീര്‍ണതയുടെ ബിംബമായി കൂട്ടത്തിലെ ഒരു പയ്യന്‍ സൈദ്ധാന്തിക തികവോടെ മെലാനിയയെ വരച്ചുകാട്ടുന്നു. അശ്ലീല മാസികകളില്‍ നൂല്‍ബന്ധമില്ലാതെ സ്വകാര്യഭാഗം മാത്രം കൈവിരലുകള്‍ കൊണ്ടുമറയ്ക്കുന്ന മെലാനിയയുടെ ചിത്രങ്ങള്‍ കൂട്ടത്തില്‍ ചിലര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഈ കക്ഷിയാണിപ്പോള്‍ വൈറ്റ് ഹൗസിലെ പ്രഥമവനിതയായി പൊറുക്കുന്നതെന്ന് സൈദ്ധാന്തികന്റെ ഓര്‍മപ്പെടുത്തല്‍.

അതോടെ ഇതാ പൊങ്ങുന്നു ദിലീപ് ഫാന്‍ ശിങ്കങ്ങള്‍. ട്രംപിന് മൂന്ന് പെണ്ണാകാമെങ്കില്‍ ദിലീപിനെന്തു മൂന്നു കെട്ടിയാല്‍ കയ്ക്കുമോ എന്ന് ജനപ്രിയന്റെ ശങ്കിടിമുങ്കന്മാരുടെ ചോദ്യശരങ്ങള്‍. പതിനാറായിരത്തെട്ടു ഭാര്യമാരുള്ള ശ്രീകൃഷ്ണന്റെ അതേ നാമമുള്ള ഗോപാലകൃഷ്ണന്‍ എന്ന ദിലീപിനു മാത്രം കല്യാണരാമനായിക്കൂടെന്ന് ചോദ്യാരവങ്ങള്‍. ദിലീപിന്റെ പിതാവു തന്നെ ശ്രീകൃഷ്ണനാമധാരിയെന്ന് മറ്റൊരു ഫാന്റെ ഓര്‍മക്കുറിപ്പ്.

സംഗതികള്‍ ദിലീപ് ചിത്രമായ രാമലീലയിലേയ്ക്ക് വഴുതിയിറങ്ങുമ്പോള്‍ ആ ചിത്രത്തിന് മുന്‍ ഭാര്യ മഞ്ജുവാര്യര്‍ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ എന്നായി മറ്റൊരുവന്റെ വക്കാലത്ത്. പിന്തുണ പ്രഖ്യാപിച്ച ശേഷം മഞ്ജുവിന്റെ പരസ്യവാചകം ചിലര്‍ ഓര്‍മിപ്പിച്ചു; ‘അഴുക്കിനെ അലിയിച്ചുകളയുകയാണ്’ എന്ന വാചകം. ഓരോ വിവാഹമോചനവും അഴുക്കിനെ അലിയിച്ചു കളയലാണെന്ന് ദിലീപ് ക്യാമ്പുകാരുടെ വിശദീകരണം. അങ്ങനെ അഴുക്കലിയിക്കുന്ന സോപ്പാണ് ദിലീപെന്ന് ഒരു കൂട്ടര്‍. എന്തായാലും ഈ ചര്‍ച്ച കേട്ടപ്പോള്‍ ഒരു സംശയം. കാമ്പസുകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട് വര്‍ത്തമാനകാലവല്‍ക്കരണത്തിലേയ്ക്ക് വഴുതിവീഴുകയാണോ?

പണ്ടൊരു പയ്യന്‍ പാടി നടന്നതു കേട്ടിട്ടുണ്ട്; ‘ആനവരുന്നേ, കുഴിയാന വരുന്നേ’ എന്ന്. പയ്യന് ആനയെയുമറിയില്ല കുഴിയാനയേയുമറിയില്ല. അതുപോലെയാണ് കെ എം മാണി എന്ന കുഴിയാനയുടെ കഥ. ഈ കുഴിയാന തടിപിടിക്കും, എഴുന്നെള്ളത്തിനു പോകും എന്നൊക്കെ കണക്കുകൂട്ടുന്ന ചിലരുണ്ട്. പാട്ടുപാടിയ പയ്യനെപോലെ. പണ്ടൊരു പട്ടി ഒരാടിന്റെ പിന്നാലെ രാവിലെ മുതല്‍ വെള്ളമൂറി നടന്ന മറ്റൊരു കഥയുണ്ട്. ആടിന്റെ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന ‘അജഗളസ്തനം’ ഇപ്പോള്‍ താഴെ വീഴും ശാപ്പിട്ടുകളയാമെന്ന് സന്ധ്യ വരെ അലഞ്ഞ കഥ. സന്ധ്യയായപ്പോഴും അജഗളസ്തനം നിലത്തുവീണുമില്ല ആട് മേച്ചില്‍ മതിയാക്കി സ്വന്തം തൊഴുത്തിലേയ്ക്ക് മടങ്ങുകയും ചെയ്തു. പിറ്റേന്നും പിന്നാലെ കൂടല്‍. ഒന്നും സംഭവിക്കില്ല. മണ്ടന്‍ പട്ടിയാകട്ടെ പിന്നെയും ജാള്യതയോടെ വിശന്നുവലഞ്ഞു മടക്കം.

മാണിയാകട്ടെ ഉപതെരഞ്ഞെടുപ്പുകള്‍ എന്ന സന്ധ്യകള്‍ വരുമ്പോഴെല്ലാം യുഡിഎഫ് എന്ന തൊഴുത്തിലേയ്ക്ക് തന്റെ കോഴയുടെ ഭാരമേറിയ അജഗളസ്തനവുമായി താവളമടിക്കുകയും ഇപ്പോഴിതാ വേങ്ങര തൊഴുത്തിലേയ്ക്ക്. ഇത്തവണ അവിടെ യുഡിഎഫ് പ്രചാരണത്തിന് താന്‍ പോകുന്നില്ലെന്ന് ഒരു പ്രഖ്യാപനവും കൂടി. പകരം തോമസ് ഉണ്ണിയാടന്‍ തന്റെ പ്രതിനിധിയായി വരുമെന്ന്. നഞ്ചെന്തിന് നാനാഴി. ഏത് മുന്നണിയായാലും വിഷം കലക്കാന്‍ അസാമാന്യ വൈഭവമുള്ള കേരളാ കോണ്‍ഗ്രസിന്റെ ഉണ്ണിയാടന്‍ തന്നെ യുഡിഎഫില്‍ വിഷം കലക്കാന്‍ ധാരാളം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷയാത്ര കണ്ടപ്പോള്‍ ശത്രുക്കള്‍ പോലും കരഞ്ഞുപോകുന്നു. കുമ്മനവും ഒപ്പം ചില അന്യസംസ്ഥാനജാഥാ തൊഴിലാളികളും ചേര്‍ന്നാണത്രെ കേരളത്തെ രക്ഷിക്കാന്‍ പോകുന്നത്. രാഷ്ട്രീയത്തിലെ സാമൂഹികശാസ്ത്രവും ലക്ഷണശാസ്ത്രവും നിമിത്തശാസ്ത്രവുമെല്ലാം അരച്ചുകലക്കി കുടിച്ച പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിട്ട് ഷായ്ക്ക് ജാഥ കണ്ടപ്പോള്‍ തന്നെ സംഗതി വശപ്പിശകാണെന്ന് ബോധ്യമായി. കേരളം എന്ന കട്ടില്‍ കണ്ട് പനിക്കേണ്ടെന്നുറപ്പായ ഷാ രായ്ക്കുരാമാനം ഡല്‍ഹിയിലേയ്ക്ക് മുങ്ങി. ഇനിയും ഇവിടെ പൊങ്ങുമെന്ന് കുമ്മനം. ‘ഒന്നു മുങ്ങി, ഞാന്‍ പൊങ്ങി’ വന്നു ഞാന്‍, ഓളമിട്ടു ഞാന്‍ താളമിട്ടു ഞാന്‍’ എന്ന് മുങ്ങിക്കുളിക്കാന്‍ കേരളമെന്നാ ബിജെപിയുടെ കാളിന്ദിയാണോ.

ചിന്നമ്മ ശശികലാനടരാജന്‍ ബംഗ്‌ളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പരോളിലിറങ്ങി അണികള്‍ക്ക് നല്‍കിയ ആഹ്വാനം കേട്ട് ഇന്ത്യയിലെ സകലമാന ജയിലുകളിലേയും തടവുകാര്‍ ഇപ്പോള്‍ അഖണ്ഡ രാമായണപാരായണത്തിലാണത്രേ. താന്‍ ജയില്‍ മോചിതയായി അധികാരത്തിലെത്താന്‍ കമ്പരാമായണത്തിലെ സുന്ദരകാണ്ഡം ഭക്ത്യാദരപൂര്‍വം വായിക്കണമെന്നാണ് ചിന്നമ്മയുടെ ഉപദേശം. ഇതുകേട്ട് ഗോവിന്ദച്ചാമിയും അമിറുല്‍ ഇസ്‌ലാമുമെല്ലാം മതവും ജാതിയുമെല്ലാം മറന്ന് സുന്ദരകാണ്ഡം വായിച്ചുതള്ളുകയാണത്രെ. ഇതിനിടെ കേട്ടീലയോ കിഞ്ചന വര്‍ത്തമാനം എന്ന പോലെ ഒരു കിംവദന്തിയും പരക്കുന്നു. ശശികലയുടെ ഉപദേശം കേട്ട് സുന്ദരകാണ്ഡം ഉരുവിട്ടതുകൊണ്ടാണത്രേ ദിലീപിന് ജാമ്യം ലഭിച്ചതെന്ന്.

കോണ്‍ഗ്രസിലെ നേതൃത്വ തെരഞ്ഞെടുപ്പില്‍ കയറിപ്പറ്റാന്‍ തെരഞ്ഞെടുപ്പ് ഒഴികെ കാക്കത്തൊള്ളായിരം വഴികളുണ്ട്. പെട്ടിചുമക്കല്‍, കാലുതിരുമ്മല്‍, ഉണര്‍ത്തുപാട്ടു മുതല്‍ നോമിനേഷന്‍ വരെ. ഇതാ രാഹുല്‍യുഗത്തില്‍ പുതിയൊരു വഴികൂടി. ഓരോ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് രാഹുല്‍മോന്റെ പേരുമാത്രം വാല്‍സല്യപൂര്‍വം ശുപാര്‍ശ ചെയ്യുക. ശുപാര്‍ശകളെല്ലാം ക്രോഡീകരിച്ച് അക്ബര്‍ റോഡിലെ അധ്യക്ഷക്കസേര കയ്യടക്കുക. ജനാധിപത്യത്തിന് കോണ്‍ഗ്രസ് കാട്ടിത്തരുന്ന ഈ മാര്‍ഗം കണ്ടോളൂ. ദേശീയ സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും പ്ലീനവും കിടുപിടികളുമൊന്നുമില്ലാതെ സ്വയമ്പായി ദേശീയ നേതാവിനെ കണ്ടുപിടിക്കാന്‍ മാര്‍ഗം കാട്ടിത്തന്ന കോണ്‍ഗ്രസ്‌വെല്‍വൂതാക.

Related News