Monday
17 Dec 2018

ഒരു മുത്തശ്ശിക്കഥയും ഒരു അമ്മായിക്കഥയും

By: Web Desk | Sunday 7 January 2018 10:25 PM IST

ചില സംഭവങ്ങളും വാര്‍ത്തകളും നമ്മുടെ മുന്നിലേക്കു വന്നു മറിയുമ്പോള്‍ നാമൊക്കെ ചില മുത്തശ്ശിക്കഥകളും അമ്മായിക്കഥകളും ഓര്‍ത്തുപോകാറുണ്ട്. കോണ്‍ഗ്രസിന്റെ ഫെയിസ്ബുക്ക് ശിങ്കക്കുട്ടി വി ടി ബല്‍റാം ചരിത്രം ചികയാന്‍ വിരുതനാണ്. പക്ഷേ ചികയുന്നതിനും വേണ്ടേ ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും. ഇത്തവണ ബല്‍റാം ചികഞ്ഞുചികഞ്ഞെത്തിയത് എകെജി-സുശീല പ്രണയ-വൈവാഹികബന്ധ ചരിത്രത്തിലേക്കാണ്. അതായത് ബല്‍റാമിന്റെ പിതാവുപോലും ജനിച്ചിട്ടില്ലാത്ത കാലത്തെ ഒരു കല്യാണചരിത്രം തോണ്ടി പുറത്തിടാന്‍ ഇപ്പോള്‍ എന്തേ ഈ വെളിപാട്. അതും പതിനാറ് വര്‍ഷം മുമ്പ് ‘ഹിന്ദു’ പത്രത്തില്‍ വന്ന ഒരു ലേഖനം പരതി തയാറാക്കി ചമച്ച ഫെയിസ്ബുക്ക് പോസ്റ്റ്.
ബല്‍റാമിന് ദേവിക ഒരു മുത്തശ്ശിക്കഥ പറഞ്ഞുതരാം. ദേവികയുടെ മുത്തശ്ശി ഇപ്പോഴും കണിയാപുരത്ത് ആരോഗ്യവതിയായി ജീവിച്ചിരിപ്പുണ്ട്, ചരിത്രത്തിന്റെ ഒരു കലവറ പോലെ. തലസ്ഥാനത്ത് ഇപ്പോഴത്തെ ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍ സ്ഥിതിചെയ്യുന്ന കണ്ടുകൃഷി കെട്ടിടത്തിലെ ഫോര്‍ട്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സര്‍ സി പിയെ വെട്ടിയ ചരിത്രത്തിന്റെ ഒരു റണ്ണിങ് കമന്ററി തന്നെ ഓര്‍മത്തികവോടെ അവതരിപ്പിച്ചുകളയും. കഷ്ടിച്ച് ഇരുപത്തഞ്ച് മെടഞ്ഞ ഓലകൊണ്ട് മേഞ്ഞ അന്നത്തെ തെക്കതിന് സമാനമായ ഇന്നത്തെ ആറ്റുകാല്‍ ദേവീക്ഷേത്രത്തെക്കുറിച്ച് ഒരു വാങ്മയ ചിത്രം തന്നെ രാജമ്മ എന്ന 93 തികഞ്ഞ ആ മുതുമുത്തശ്ശി വരച്ചുകാട്ടിക്കളയും.
മുതുമുത്തശ്ശിയുടെ കല്യാണത്തെപ്പറ്റി ചോദിച്ചാല്‍ ഇപ്പോഴും വിടാത്ത നാണത്തോടെ ‘പോ അവിടന്ന്’ എന്നു പറഞ്ഞിട്ടാണെങ്കിലും വിവാഹത്തെക്കുറിച്ചും വര്‍ണിക്കും. അന്ന് മുതുമുത്തശ്ശിക്കു പ്രായം പതിനഞ്ച്. മുതുമുത്തശ്ശന് പ്രായം മുപ്പത്. കണവന് കതിര്‍മണ്ഡപത്തില്‍ വച്ച് മാല ചാര്‍ത്തുമ്പോള്‍ നവവരന്റെ കൃതാവില്‍ ഒന്നുരണ്ട് നരച്ച മുടിയുണ്ടെന്ന കാര്യം വരെ ആ മിടുമിടുക്കി കണ്ടുപിടിച്ചുകളഞ്ഞത്രേ. മുക്കാല്‍ നൂറ്റാണ്ടോളം നീണ്ട വൈവാഹിക ജീവിതത്തിനുശേഷമാണ് പ്രിയതമന്‍ വിടചൊല്ലിയത്. അന്നത്തെ ബന്ധവ്യവസ്ഥകള്‍ അങ്ങനെയായിരുന്നു. എകെജി-സുശീലാ വിവാഹവും ഇതിനൊക്കെ സമാനമാകുമ്പോള്‍ ഇക്കാര്യത്തിലെന്തേ ബല്‍റാമിനിത്ര ചൊറിച്ചില്‍. പാവങ്ങളുടെ പടത്തലവനായിരുന്ന (ആ കുപ്പായം പിന്നീട് ബല്‍റാമിന്റെ നേതാവ് ആന്റണി ജിമിക്കികമ്മല്‍ പാട്ടുപോലെ കട്ടോണ്ടു പോയെന്നത് മറ്റൊരു ചരിത്രം) എകെജിയെ കല്യാണബന്ധത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്ന ഫെയിസ് ബുക്ക്‌പോസ്റ്റ് കണ്ടപ്പോള്‍ തെറിക്കുത്തരം മുറിപ്പത്തല്‍ തന്നെയെന്ന് തോന്നിപ്പോയി.
കോണ്‍ഗ്രസിന്റെ കീച്ചിപ്പാപ്പയായ നെഹ്രുവിന്റെ വിവാഹേതരബന്ധങ്ങളേയും വൈസ്രോയി മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ പെണ്ണാള്‍ എഡ്വിനയുമായുള്ള പരസ്ത്രീഗമനത്തെയും കുറിച്ചുള്ള ചരിത്രവും ബല്‍റാം ഒന്നു ചികഞ്ഞുനോക്കണം. നെഹ്രുവിന്റെ പിതാവ് മോട്ടിലാല്‍ നെഹ്രുവിന് എത്ര ഭാര്യമാരുണ്ടായിരുന്നുവെന്നും നാനാജാതിമതസ്ഥരും സര്‍വോപരി മുസ്‌ലിമുമടക്കമുള്ള ആ ഭാര്യാ ബാഹുല്യത്തെക്കുറിച്ചും വായിക്കണം. എന്തിന് രാഹുല്‍ഗാന്ധി കൊളംബിയയിലെ ഒരു ക്രിസ്ത്യാനി സുന്ദരിയുമായി വേമ്പനാട്ടു കായലിലെ ഉല്ലാസനൗകയ്ക്കുള്ളില്‍ ഒരു രാത്രി ചെലവഴിച്ചത് ‘ശുമ്മാ പേശിക്കൊണ്ടിരിക്കലാമേ’ എന്നു പറഞ്ഞ് വിളിച്ചുകൊണ്ടു പോയതായിരിക്കില്ലല്ലോ.

കെ എം മാണിയെന്ന കട്ടില്‍ കണ്ട് ചിലര്‍ക്കൊക്കെ പിന്നെയും പനിക്കുന്നു. മാണിയെ താറാവുകറി വിളമ്പി വരവേല്‍ക്കാന്‍ ചിലര്‍ അടുപ്പത്ത് വെള്ളം വച്ച് തീപൂട്ടുകയും ചെയ്യുമ്പോള്‍ നിയമസഭയില്‍ സ്പീക്കറുടേതുള്‍പ്പെടെയുള്ള കസേരകള്‍ തലയറഞ്ഞു ചിരിക്കുന്നു. കോഴമാണിയെ ബജറ്റ് അവതരിപ്പിക്കാനനുവദിക്കാതെ ബജറ്റ് വിറ്റ കള്ളനെന്നു വിളിച്ചവര്‍ നിശബ്ദരായി ഇന്ന് മാണിയെ നേത്രാഭ്യാസത്തിലൂടെ മാടിവിളിക്കുമ്പോള്‍ കോഴപ്പണം എണ്ണാനുള്ള മാണിയുടെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെ നോട്ടെണ്ണല്‍ യന്ത്രത്തിനുപോലും ചിരി വരുന്നു.

പണ്ടൊരു അമ്മായിഅമ്മയുണ്ടായിരുന്നു. ആ അമ്മായി അമ്മയുടെ ഗണത്തിന് ഒരിക്കലും വംശനാശം സംഭവിക്കില്ല. ‘സംഭവാമി യുഗേ യുഗേ’ എന്ന പ്രമാണം പോലെ കുറ്റിയറ്റു പോകാതെ നിതാന്തം വാഴുന്ന കുശുമ്പും കുന്നായ്മയും നിറഞ്ഞ അമ്മായിമാര്‍ രാഷ്ട്രീയത്തില്‍ പോലുമുണ്ട്. കഥയിലെ അമ്മായിക്ക് മരുമകളെയും അവളുടെ തറവാട്ടിനേയും കണ്ണെടുത്താല്‍ കണ്ടുകൂട. അമ്മായിയുടെ തറവാടാണെങ്കില്‍ കുളംതോണ്ടിയ പരുവത്തില്‍. മരുമകളുടെ തറവാടാണെങ്കില്‍ വെച്ചടിവെച്ചടി കയറ്റം. മരുമകളുടെ അയലത്തെ തറവാടാണെങ്കില്‍ ഊര്‍ദ്ധശ്വാസം വലിക്കുന്നുവെങ്കിലും മരുമകളുടെ തറവാടിന്റെ ബദ്ധശത്രുക്കള്‍. പക്ഷേ അമ്മായി പറയും; അവളുടെ അയലത്തെ തറവാടിനെ കണ്ടുപഠിക്കണം. ശത്രുവിന്റെ ശത്രു മിത്രമാകുന്നത് അങ്ങനെയാണ്. ബിജെപി എന്ന മുങ്ങുന്ന കപ്പലിനെ യുദ്ധക്കപ്പലായി മഹത്വവല്‍ക്കരിക്കുന്നതുപോലെ. സിപിഐ കോട്ടയം ജില്ലാസെക്രട്ടറി സി കെ ശശിധരന്‍ കഴിഞ്ഞ ദിവസം നടത്തിയ ചില നിരീക്ഷണങ്ങള്‍ കേട്ടപ്പോള്‍ കഥയിലെ അസൂയത്തിടമ്പായ അമ്മായിയെ ഓര്‍ത്തുപോയെന്നു മാത്രം. ‘ആരാകിലെന്താകില്‍ ഇത് ആത്മബന്ധു’ എന്നല്ലേ ചൊല്ല്.

യുപി മുഖ്യമന്ത്രിയും ഹിന്ദു വര്‍ഗീയതയുടെ അടയാളവുമായ യോഗി ആദിത്യനാഥിന്റെ ഒരു ചിത്രം ഈയിടെ കാണാനിടയായി. മൂത്രമൊഴിക്കുന്ന ഒരു പൂവാലിപ്പശുവിന്റെ മൂത്രത്തിന്റെ ‘പ്രഭവസ്ഥാനത്ത്’ വായും തുറന്ന് കൈക്കുമ്പിളും നീട്ടി ആവോളം മൂത്രപാനം നടത്തുന്ന ദൃശ്യം. ഗോമാതാവിന്റെ മൂത്രം കുടിച്ചാല്‍ ആധിവ്യാധികളൊക്കെ പമ്പകടക്കും എന്ന ഉരഞ്ഞ അന്ധവിശ്വാസത്തിന്റെ പ്രതീകവൈകൃതമായിരുന്നു ആ ചിത്രം. ഗോപൂജയും ഗോവധനിരോധനവും ഗോമൂത്രപാനവുമൊക്കെ ബിജെപിയുടെ അജന്‍ഡ. പക്ഷേ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം തന്നെ ബിജെപിയുടെ ഗോനയം പ്രചരിപ്പിച്ചാല്‍ അതിലൊരു വശപ്പിശകില്ലേ.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട്ടെ മേഖലാശാസ്ത്രപഠന കേന്ദ്രമാണ് അന്ധവിശ്വാസ മുദ്ര പേറി അരങ്ങുവാഴുന്നത്. ഒരു കവിള്‍ മൂത്രം ദിവസേന കുടിച്ചാല്‍ ശരീരത്തിലെ വിഷാംശങ്ങളെല്ലാം ‘ടപ്പേന്ന്’ പുറത്തുപോകുമെന്നാണ് ശാസ്ത്രപഠനകേന്ദ്രം ഡയറക്ടര്‍ വി എസ് രാമചന്ദ്രന്‍ പറയുന്നത്. ആയുര്‍വേദത്തേയും അഷ്ടാംഗഹൃദയത്തേയും ചരക-ശത്രുതസംഹിതകളേയും സഹസ്രയോഗത്തേയുമെല്ലാം കൂട്ടുപിടിച്ചാണ് ഗോമൂത്രപാന പ്രചാരണം. ബോളിവുഡ്, കോളിവുഡ്, മോളിവുഡ് നടികളുടെയെല്ലാം സൗന്ദര്യരഹസ്യം ഗോമൂത്രപാനമാണെന്നുകൂടി ഈ ശാസ്ത്ര പഠനകേന്ദ്രം മേധാവി പറഞ്ഞതു കേട്ട ശേഷം നമ്മുടെ നടിമാരുടെ ചിത്രങ്ങള്‍ പോലും ചാനലുകളില്‍ കാണുമ്പോള്‍ ഒരു ഗോമൂത്രദുര്‍ഗന്ധം.

‘കാക്കയും വന്നു പനമ്പഴവും വീണു’ എന്ന പോലെ ലോട്ടറിയടിച്ച മട്ടിലാണ് കെപിസിസിയുടെ എംപാനല്‍ പ്രസിഡന്റ് എം എം ഹസന്‍. രാഹുല്‍ എന്ന കാക്ക വന്നതോടെ ഹസന്‍ കാക്കയ്ക്ക് പനമ്പഴം വീണുകിട്ടിയിരിക്കുന്നു. രാജ്യത്തെ എല്ലാ എംപാനല്‍ പിസിസി പ്രസിഡന്റുമാരെയും സ്ഥിരപ്പെടുത്തിയതായി രാഹുലിന്റെ കല്‍പന വന്നിരിക്കുന്നു. കെപിസിസികളുടെ തെരഞ്ഞെടുപ്പുവരെയാണ് സ്ഥിരപ്പെടുത്തല്‍ എന്നൊരു വകുപ്പും കല്‍പനയിലുണ്ട്. കല്‍പാന്ത കാലത്തോളം കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പില്ലെന്ന് ഏത് കുഞ്ഞാലിക്കുട്ടിക്കുമറിയാമെന്നിരിക്കെ നമുക്കും കിട്ടി ഒരു ആജീവാനന്ത പ്രസിഡന്റിനെ. ‘ആലിന്‍കായ് പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ്’ എന്ന ചൊല്ലുപോലെ സംഘടനാ തെരഞ്ഞെടുപ്പ് അടുത്തെന്നും ഹസന്‍ പുറത്തേയ്‌ക്കെന്നുമുള്ള വാര്‍ത്തകള്‍ക്കിടയിലാണ് ഹസന്‍ രാഹുല്‍സാന്റിയാഗോ മാര്‍ട്ടിന്റെ ഒറ്റനമ്പര്‍ ലോട്ടറിയടിച്ചത്. കെ കരുണാകരനെതിരായ മാലി ചാരക്കേസ് ഉമ്മന്‍ചാണ്ടി ചമച്ച കഥയാണെന്ന് മൈക്കുവച്ച് ഹസന്‍ വിളിച്ചുകൂവിയതോടെ ചെന്നിത്തലയടക്കമുള്ളവരില്‍ നിന്നുള്ള ഒരു ചെന്നിക്കുത്തും തലവേദനയും തീര്‍ന്നു. അതാണ് പണ്ടുള്ളവര്‍ പറയുന്നത് കാറ്റത്തു തൂറ്റണമെന്ന്.

‘കല്യാണത്തിന് വിളിക്കാതെ ചെന്നാല്‍ ഉണ്ണാതെ പോരാം’ എന്നു പണ്ടുള്ളവര്‍ പറയാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും നടി അനുഷ്‌കാശര്‍മയും തമ്മിലുള്ള വിവാഹാനന്തര സല്‍ക്കാരത്തില്‍ നടിയും അര്‍ധനഗ്ന നര്‍ത്തകിയുമായ രാഖിസാവന്തിനു ക്ഷണമുണ്ടായില്ല. കക്ഷി വന്നാല്‍ ആകെ അലമ്പാക്കി അതിഥികളുടെ കണ്ണുകളെല്ലാം ദമ്പതിമാരില്‍ നിന്നും അങ്ങോട്ട് പറിച്ചുനടും എന്ന് ഭയന്നാകാം ക്ഷണിക്കാത്തത്. രാഖി ആരാ മോള്. താന്‍ മോഡലായ ‘ബീബോയ്’ എന്ന ഗര്‍ഭനിരോധന ഉറകള്‍ ഊഷ്മളാശംസകള്‍ സഹിതം വിരാട്-അനുഷ്‌കമാര്‍ക്ക് അയച്ചുകൊടുത്തു. രാഖിയുടെ ഉറപരസ്യം പകല്‍സമയത്ത് സംപ്രേഷണം ചെയ്യരുതെന്ന മോഡി സര്‍ക്കാരിന്റെ നിബന്ധന കാറ്റില്‍പറക്കാന്‍ ഇതില്‍പരം ഒരു പ്രചാരണം വേറെ വേണോ. അതാണ് പറയുന്നത് ബുദ്ധി മോഡിക്ക് മാത്രമല്ല നഗ്നനര്‍ത്തകിക്കു പോലുമുണ്ടെന്ന്.

Related News