Thursday
18 Oct 2018

തെലങ്കാനയില്‍ ഉദിച്ച രക്തനക്ഷത്രവും പുന്നമടക്കായലിലെ കുളയട്ടയും!

By: Web Desk | Monday 6 November 2017 1:32 AM IST

കുഴിയാനകള്‍ ആനകളെ വെല്ലുവിളിക്കുന്ന കാലം. കുളയട്ടകള്‍ നെഗളിക്കുന്ന കാലം. കലികാലത്തെ നമുക്ക് ഇനി അങ്ങനെയൊക്കെ വിശേഷിപ്പിക്കാമെന്ന് ദേവികയുടെ അനുജത്തി ദക്ഷിണ ഇന്നലെ പറഞ്ഞപ്പോള്‍ ആദ്യമൊന്നും അതിന്റെ പൊരുള്‍ പിടികിട്ടിയില്ല. കുത്തിക്കുത്തി ചോദിച്ചപ്പോള്‍ ദക്ഷിണ പറഞ്ഞു: ‘മന്ത്രി തോമസ് ചാണ്ടിയുടെ ജനങ്ങളോടുള്ള വെല്ലുവിളിയും സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിയാണ് ആദ്യത്തെ അഴിമതിക്കാരന്‍ എന്ന വെളിപാടും കേട്ടപ്പോള്‍ അങ്ങനെ തോന്നിപ്പോയതാണേ, ഒന്ന് ക്ഷമിച്ചുകള.’
അര്‍ഥം പിടികിട്ടിയപ്പോള്‍ തോന്നിപ്പോയി തെലങ്കാനയില്‍ ഉദിച്ച രക്തനക്ഷത്രത്തെ നോക്കി പുന്നമടക്കായലിലെ കുളയട്ട പല്ലിളിക്കുന്നുവെന്ന്. എങ്കിലും താരതമ്യത്തിന് ഒരു സ്വല്‍പം ചന്തമൊക്കെ വേണ്ടേ. മഹാന്മാരുടേയും പുണ്യനദികളുടേയും ഉല്‍ഭവം തിരക്കേണ്ടതില്ലെന്നാണ് പ്രമാണം. എങ്കിലും മഹാന്‍ ചമയുന്ന മേനിക്കണ്ടപ്പന്മാരുടെ ഉത്ഭവം തിരക്കാമെന്നും പ്രമാണമുണ്ട്. കുവൈറ്റിലെ ഇറാഖ് അധിനിവേശം കഴിഞ്ഞ് മലയാളത്തിലെ ഒരു ഇടതുപക്ഷാഭിമുഖ്യമുള്ള ചാനല്‍ ഒരു ഞെട്ടിപ്പിക്കുന്ന പരമ്പര പുറത്തുകൊണ്ടുവന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് ചാനലിന്റെ തലപ്പത്തിരിക്കുന്ന അന്നത്തെ കുവൈറ്റിലെ ഒരു മാധ്യമപ്രവര്‍ത്തകനായ ഒരു മോഹനനും ഒരു കുവെറ്റ് ചാണ്ടിയും ചേര്‍ന്ന് അധിനിവേശകാലത്ത് ഒരു ഇന്ത്യന്‍ സ്‌കൂളിന്റെ കോടികളുമായി ഇന്ത്യയിലേയ്ക്ക് മുങ്ങിയെന്ന്. ഇന്നും ആ ചാനലിന്റെ മേധാവിയായ ഉപദേശിപ്പട്ടം കൂടിയുള്ള അദ്ദേഹം ഇവരെക്കുറിച്ച് ആ പരമ്പരയില്‍ പറഞ്ഞ വാചകങ്ങള്‍ ഇന്നും ദേവികയുടെ മനസില്‍ തളിരിട്ടുനില്‍ക്കുന്നു; ‘ചാനലുകളില്‍ ഇവരുടെ പടം കണ്ടാല്‍ സ്‌കൂളിലെ കുട്ടികളും രക്ഷകര്‍ത്താക്കളും ക്രോധാവേശത്തോടെ പറയുമായിരുന്നു. ദേ ആ കള്ളന്‍ എന്ന്.’
എന്തായാലും രണ്ടുപേരും ഇന്നും ജീവിച്ചിരിപ്പുണ്ട്. ആ കുവൈറ്റ് ചാണ്ടിയാണ് പിന്നീട് തോമസ് ചാണ്ടിയും മന്ത്രിയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുതലാളിയുമായതെന്നത് ചരിത്രത്തിന്റെ കളിയാട്ടമാകാം. അഴിമതിയുടേയും പൊതുമുതല്‍ കയ്യേറ്റത്തിന്റേയും അധികാരദുര്‍വിനിയോഗത്തിന്റെയും ആള്‍രൂപമായ തോമസ് ചാണ്ടിയുടെ ചെയ്തികളെക്കുറിച്ച് പറഞ്ഞുപോയതിനാണ് സുധാകര്‍ റെഡ്ഡിയെ ‘അയാള്‍ ആണ് ആദ്യത്തെ അഴിമതിക്കാരന്‍’ എന്ന് വിശേഷിപ്പിച്ചത്.
പുന്നമടക്കായലിലൊതുങ്ങുന്ന രാഷ്ട്രീയ വിജ്ഞാനപാരാവാരമായ തോമസ് ചാണ്ടിക്കറിയുമോ സുരവരം സുധാകര്‍ റെഡ്ഡി എന്ന സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിയെ. വീരതെലങ്കാന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനു വരദാനമായി നല്‍കിയ രക്തനക്ഷത്രമായ സുധാകര്‍ 14 വയസില്‍ നയിച്ച വിദ്യാര്‍ഥിസമരം ആന്ധ്രയിലെ കര്‍ണ്ണൂല്‍ ജില്ലയില്‍ നിന്നും സംസ്ഥാനമാകെ കത്തിപ്പടര്‍ന്ന ചരിത്രം തോമസ് ചാണ്ടിയുണ്ടോ അറിയുന്നു. സ്‌കൂളുകളില്‍ ബ്ലാക്ക്‌ബോര്‍ഡിനും ചോക്കിനും വേണ്ടി കുഞ്ഞുസുധാകര്‍ ആരംഭിച്ച ആ പ്രക്ഷോഭത്തിന്റെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചു നടപ്പാക്കി. പാവപ്പെട്ട കുട്ടികള്‍ക്ക് പുസ്തകവും നോട്ടുബുക്കും നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരവും വെന്നിക്കൊടി നാട്ടി.
സുധാകര്‍ റെഡ്ഡിയുടെ രക്തത്തിലലിഞ്ഞതാണ് വിപ്ലവം. പിതാവ് സുരവരം സുബ്ബിരാമിറെഡ്ഡി ഐതിഹാസികമായ തെലങ്കാന കാര്‍ഷികവിപ്ലവത്തിന്റെ തേരാളികളിലൊരാളായിരുന്നു. തോമസ്ചാണ്ടി അഴിമതിക്കാരനെന്നു വിശേഷിപ്പിച്ച സുധാകര്‍ റെഡ്ഡിയാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ ടു ജി സ്‌പെക്ട്രം കുംഭകോണം ലോക്‌സഭയിലൂടെ പുറത്തു കൊണ്ടുവന്നതെന്ന് തോമസ് ചാണ്ടിക്കറിയുമോ. ആടറിയുമോ അങ്ങാടി വാണിഭം എന്നല്ലേ ചൊല്ല്. രാജ്യത്തെ പിടിച്ചുകുലുക്കിയ ഈ കുംഭകോണവും മന്‍മോഹന്‍സിങ് മന്ത്രിസഭയുടെ പതനത്തിന് വഴിമരുന്നിട്ടത് പുന്നമടക്കായലിലെ കുളയട്ട അറിയേണ്ട വിഷയമില്ല. രാഷ്ട്രീയത്തിലെ അഴിമതിക്കെതിരേ ഐതിഹാസികമായ കലാപാരവം ഉയര്‍ത്തിയ സുധാകര്‍ റെഡ്ഡിയാണ് തോമസ്ചാണ്ടിയുടെ നിര്‍വചനത്തിലെ അഴിമതിക്കാരന്‍.
കാനം രാജേന്ദ്രന്‍ പറഞ്ഞതുപോലെ അറിവുകേടുകൊണ്ടാണ് ഇതെല്ലാം പറഞ്ഞതെന്നു സമ്മതിക്കാം. പക്ഷേ തോമസ് ചാണ്ടിയുടെ ഔചിത്യമില്ലായ്മയെ മാലോകര്‍ എങ്ങനെയാണ് പൊറുക്കുക. ഞങ്ങടെ നാട്ടില്‍ കണിയാപുരത്ത് ഒരു പയ്യനെ പെങ്ങന്മാര്‍ ചേര്‍ന്ന് പണ്ട് ഔചിത്യവും ഔചിത്യരാഹിത്യവും പഠിപ്പിച്ചതുപോലെയിരിക്കും തോമസ്ചാണ്ടിയെ ഇതെല്ലാം ഈ വയസാംകാലത്ത് പഠിപ്പിക്കാന്‍ തുടങ്ങിയാല്‍. പയ്യന്‍ ഒരു അന്തര്‍മുഖനായിരുന്നു. ആരോടും മിണ്ടില്ല, ഉരിയാടില്ല. സ്വന്തം കാര്യം സിന്ദാബാദുകാരന്‍. പയ്യന്‍ ഒരു കല്യാണം കഴിച്ചു. വിരുന്നിന് പെണ്‍വീട്ടില്‍ പോയി. പോകുന്നേരം പെങ്ങന്മാരും പുതുമണവാട്ടിയും ഉപദേശിച്ചു. അവിടെ ചെന്നാല്‍ അമ്മായിഅമ്മയോടും അമ്മായിയപ്പനോടും അളിയന്മാരോടും എല്ലാം കുശലം പറഞ്ഞ് കുശാലായി സമയം ചെലവഴിക്കണമെന്ന്. വീട്ടുകാര്‍ പുതുമണവാളനേയും മണവാട്ടിയേയും സ്വീകരിച്ചിരുത്തിയിട്ട് ‘ഞാന്‍ ദേ വരുന്നു’ എന്ന് പറഞ്ഞ് അമ്മായി അമ്മ വീടിന് പുറത്തെ മൂത്രപ്പുരയിലേയ്ക്ക് ഓടി അകത്തുകയറി. മണവാളന്‍ പെങ്ങന്മാരുടെ ഉപദേശം ഓര്‍ത്തു കുശലം ചോദിക്കാനായി മൂത്രപ്പുരയുടെ പുറത്തുനിന്ന് വിളിച്ചു ചോദിച്ചു; ‘അമ്മായിഅമ്മ മൂത്രമൊഴിക്കുകയാണോ! പോരേ ഔചിത്യവും കുശലവും. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും അഴിമതിക്കും വര്‍ഗീതയ്ക്കുമെതിരെ കാനം രാജേന്ദ്രന്‍ നയിച്ച ഇടതുമുന്നണി ജനജാഗ്രതായാത്ര കുട്ടനാട്ടെത്തിയപ്പോള്‍ ജാഥാവിഷയങ്ങള്‍ക്ക് പകരം തന്റെ തെറ്റുകള്‍ മൂടിവയ്ക്കാന്‍ സ്വയം വക്കീല്‍ ചമഞ്ഞ് പ്രസംഗിച്ച തോമസ് ചാണ്ടി നിയമലംഘനമാണ് തന്റെ മുദ്രാവാക്യമെന്ന് വെല്ലുവിളിച്ചത് ജനാധിപത്യ കേരളത്തോടായിരുന്നു. കണിയാപുരത്തെ പയ്യനെപോലെയാവും തോമസ്ചാണ്ടിയെ ഔചിത്യം പഠിപ്പിക്കാന്‍ ചെന്നാല്‍. മാനത്തുകണ്ണിക്ക് നീലത്തിമിംഗലമാകാനാവില്ലല്ലോ. കുളയട്ടയ്ക്ക് രക്തം കുടിക്കാനല്ലാതെ രക്തതാരകമാകാനുമാവില്ലല്ലോ.
കോണ്‍ഗ്രസിലെ കോടീശ്വരനായ നേതാവ് എം ഒ ജോണ്‍ ക്രാന്തദര്‍ശിയാണെന്ന് ഇന്നലെ ഒരു വാര്‍ത്ത കണ്ടപ്പോള്‍ തിട്ടമായി. ആലുവായിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് അദ്ദേഹം ഒന്നരകോടി രൂപയ്ക്ക് കച്ചവടമാക്കി. ആലുവായിലെ കോണ്‍ഗ്രസുകാര്‍ പൊട്ടിത്തെറിച്ചപ്പോള്‍ ജോണ്‍ പറഞ്ഞത് ഉമ്മന്‍ചാണ്ടിയും ഹസനും അറിഞ്ഞുകൊണ്ടുതന്നെയാണ് കച്ചവടം എന്നായിരുന്നു. അവരങ്ങനെ ഉപദേശിക്കാതിരിക്കുന്നതെങ്ങനെ. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അടുത്ത ദിവസം മേശപ്പുറത്തുവച്ചുകഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസിനെന്തിന് ഓഫീസ് എന്ന ബോധ്യത്തിലാകാം ഇരുവരും ജോണിനോട് ഓഫീസ് വിറ്റുകിട്ടുന്ന കാശ് വാങ്ങിക്കോ എന്നു പറഞ്ഞത്. ഇനി ഇന്ദിരാഭവന്‍ എന്നാണ് ഹസന്‍ വിറ്റ് കാശുംകൊണ്ട് മുങ്ങുന്നതെന്നേ കണ്ടറിയാനുള്ളു.
ബാറുകള്‍ക്ക് പുറമേ മൊബൈല്‍ ബാറുകളും. ഡ്രൈവറുമൊത്ത് മദ്യപിച്ച് സര്‍ക്കാര്‍ വാഹനത്തില്‍ സഞ്ചരിച്ച ഐജി ജയരാജനെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് വാര്‍ത്ത. ഡ്രൈവറും സസ്‌പെന്‍ഷനില്‍. ഇതു കേട്ടപ്പോഴാണ് മറ്റൊരു ഡിജിപിയുടെ കഥ ഓര്‍മ വരുന്നത്. കെ കരുണാകരന്റെ ആശ്രിതവത്സലനായിരുന്ന മേല്‍പ്പടിയാന്‍ റിട്ടയര്‍ ചെയ്‌തെങ്കിലും ഇപ്പോഴും അരങ്ങുവാഴുന്നുണ്ട്. എന്നും ഡ്രൈവറുമൊത്ത് ക്ലബില്‍ പോയി മൂക്കുമുട്ടെ മദ്യപിക്കും. കുടി കഴിഞ്ഞു മടങ്ങുമ്പോള്‍ ഡിജിപി അദ്യേം ഡ്രൈവറോട് ഉത്തരേന്ത്യന്‍ മലയാളത്തില്‍ കല്‍പിക്കും; ‘ഇനി നീ ഓടണ്ട. നീ ഫിറ്റ്. ഞാന്‍ ഓടാം.’ അന്നൊന്നും ഒരു പൊലീസുകാരനും ബ്രീത്ത് അനലൈസര്‍ വച്ച് ഊതാന്‍ പറയാത്തതുകൊണ്ട് ആ ഡിജിപിയുടെ മദ്യപാനവും സഞ്ചാരവും പൂര്‍വാധികം ഭംഗിയായി നടന്നു. ഇപ്പോഴത്തെ പൊലീസുകാര്‍ ഊതിപ്പിക്കുന്നതില്‍ വിദഗ്ധരായതുകൊണ്ട് ഐജിയും ഡ്രൈവറും കുടുങ്ങി. ഇതിനെയാണ് കഷ്ടകാലമെന്ന് പറയുന്നത്.
ഈ വാര്‍ത്ത വന്ന ദിവസം ചാനലുകളില്‍ ഒരു ദൃശ്യസൗകുമാര്യം വിടര്‍ന്നുവന്നു. പൊലീസുകാരുടെ വ്യായാമവിമുഖതയെക്കുറിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടേതായിരുന്നു ഉദ്‌ബോധനം. വ്യായാമത്തിനയയ്ക്കുന്ന പൊലീസുകാര്‍ പത്ത് ഇഡ്ഡലിയും നാലഞ്ച് പൊറോട്ടയും രണ്ട് പ്ലേറ്റ് ബീഫും അകത്താക്കിയിട്ടാണ് വരവെന്ന് ബഹ്‌റ പറയുന്നു. ഒരു കട്ടന്‍ ചായ, ഒരു മുറി വട എന്നിങ്ങനെയുള്ള മെനുവും ഡിജിപി മുന്നോട്ടുവച്ചു. ഉദ്‌ബോധനം കസറുന്നതിനുമുമ്പ് വേദിയിലിരുന്നുപോലും ബെഹ്‌റ വായ് നിറയെ എന്തോ ചവച്ചരച്ച് അകത്താക്കുന്ന ആ ദൃശ്യത്തിന് അപാരചന്തമായിരുന്നു.