Thursday
18 Oct 2018

പട്ടത്തുകാരെല്ലാം പട്ടംതാണുപിള്ളമാരല്ല

By: Web Desk | Monday 30 October 2017 12:13 AM IST

‘സംഭവാമി യുഗേ യുഗേ’ എന്ന് പറയാറുള്ളതുപോലെ കാലാകാലങ്ങളില്‍ ഓരോ വ്യക്തിത്വങ്ങള്‍ അവതരിക്കാറുണ്ട്. ആ വ്യക്തിത്വങ്ങള്‍ തങ്ങളുടെ ഭൂമികയ്ക്ക് സമൂഹത്തില്‍ ഒരിടമുണ്ടാക്കിക്കൊടുക്കുമ്പോഴാണ് സ്ഥലനാമവും വ്യക്തിനാമവും പരസ്പരപൂരകമാവാറ്. കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരെന്ന് പട്ടം താണുപിള്ളയെ വിശേഷിപ്പിക്കാറുണ്ട്. ചാണക്യനെങ്കിലും കെ കരുണാകരനും ചിലര്‍ ഭീഷ്മാചാര്യപട്ടം ചാര്‍ത്തിക്കൊടുക്കാറുണ്ടെങ്കിലും അദ്ദേഹം തന്റെ ജന്മനാടിനെ പേരിനോടൊപ്പം ചേര്‍ത്തുവച്ചു കെട്ടിയിരുന്നില്ല.
വയലാര്‍രാമവര്‍മ്മയും വൈക്കം ചന്ദ്രശേഖരന്‍ നായരും കണിയാപുരം രാമചന്ദ്രനും വൈക്കം മുഹമ്മദ് ബഷീറുമെല്ലാം തങ്ങളുടെ പ്രശസ്തിക്കൊപ്പം നാടിന്റെ പെരുമകൂടിയാണ് ഒപ്പം കൂട്ടിയത്. പിണറായി വിജയനും കാനം രാജേന്ദ്രനും രമേശ് ചെന്നിത്തലയുമടക്കമുള്ള രാഷ്ട്രീയ നേതാക്കളും തങ്ങളുടെ പേരുകളുടെ പ്രശസ്തിക്കൊപ്പം ജന്മനാടിനും പുകഴുണ്ടാക്കിക്കൊടുത്തവരുടെ നീണ്ട പട്ടികയിലെ ചില പേരുകള്‍. പട്ടം താണുപിള്ള പട്ടത്തെ തന്റെ പിന്‍ഗാമിയായി മരുമകന്‍ പട്ടം കൃഷ്ണപിള്ളയെ പട്ടത്തിന്റെ സ്ഥലനാമത്തിന് പ്രശസ്തിചാര്‍ത്താന്‍ രാഷ്ട്രീയ അടര്‍ക്കളത്തിലിറക്കിയെങ്കിലും സംഭവം ചീറ്റിപ്പോയി. പിന്നീടും പട്ടം ഒരു നാവേല്‍പ്പാട്ടായി. കുപ്രസിദ്ധമായ പട്ടം സരസ്വതിഅമ്മ കൊലക്കേസ് വാര്‍ത്തകളിലൂടെ.
പക്ഷേ ഇപ്പോള്‍ പട്ടത്തെ താലോലിക്കുന്നത് സിപിഐയുടെ തൊഴിലാളി നേതാവായ പട്ടം ശശിധരനും എഴുത്തുകാരനായ പട്ടം രാമചന്ദ്രന്‍ നായരും മാത്രം. പക്ഷേ ഇതിനിടയിലിതാ പട്ടത്തുകാരനെന്ന പട്ടമണിയാന്‍ ഒരു പരദേശി പട്ടത്തെത്തിയിരിക്കുന്നു. കോണ്‍ഗ്രസ് നേതാവും നിതാന്ത കല്യാണരാമനുമായ ശശിതരൂര്‍; യഥാര്‍ഥ പട്ടം ശശിക്കും വെല്ലുവിളിയുയര്‍ത്തി മറ്റൊരു വ്യാജ പട്ടം ശശിയായി. പകലെങ്ങും പുറത്തിറങ്ങാനാവാത്ത കുറുക്കനെപോലെയാണ് ശശിതരൂര്‍. കുടുംബപേരല്ലാതെ പേരിനൊപ്പം ഒട്ടിച്ചുവയ്ക്കാന്‍ ഒരു സ്ഥലപ്പേരില്ലാതെ ഉഴറിനടക്കുന്നതിനിടയിലാണ് ശശിതരൂരിനെ കെപിസിസി പട്ടികയില്‍ പട്ടം ശശിതരൂരായി ആള്‍മാറാട്ടം നടത്തി വാഴിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ക്കാരനായ പി സി വിഷ്ണുനാഥിനെ എഴുകോണ്‍ വിഷ്ണുനാഥായി പട്ടികയില്‍ തട്ടിക്കയറ്റിയതുപോലെ രാജ്‌മോഹന്‍ ഉണ്ണിത്താനെ കല്ലട ഉണ്ണിത്താനാക്കിയതുപോലെ. പക്ഷേ പണിതിട്ടും പണിതിട്ടും പണിതീരാത്ത പ്രപഞ്ചമന്ദിരമേ’ എന്ന് മാലോകര്‍ വിശേഷിപ്പിക്കുന്ന കെപിസിസി പട്ടികയില്‍ തരൂരിനെ പട്ടത്തുകാരനാക്കി വ്യാജരേഖ ചമച്ച് പട്ടത്തുകാരെയാകെ അപമാനിച്ച കെപിസിസിക്കെതിരെ പട്ടത്തുകാര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ പോകുന്നുവെന്നാണ് കിംവദന്തി. പട്ടമെന്ന പട്ടം കെട്ടിയാലും ടിയാന്‍ വെറുമൊരു ശശി തന്നെയെന്ന് കരുതി പുകിലിലും പുക്കാറിനുമൊന്നും പോകാതിരിക്കുന്നതല്ലേ ഭംഗി. എല്ലാ പട്ടവും പട്ടമല്ല എന്നും സമാധാനിക്കുക.
അതുപോലെ തന്നെയാണ് എല്ലാ കാരാട്ടുമാരും പ്രകാശ് കാരാട്ടുമാരല്ല എന്ന പൊതുബോധ്യവും. എന്നാല്‍ ‘രണ്ടായ നിന്നെയിഹ ഒന്നെന്ന് കണ്ടളവിലുണ്ടായൊരിണ്ടല്‍ ബതമിണ്ടാവതല്ല മമ’ എന്ന മട്ടില്‍ കള്ളക്കടത്തുകാരനായ ഫൈസല്‍ കാരാട്ടും പ്രകാശ് കാരാട്ടും ഒരുപോലെയെന്ന് ചിലര്‍ക്ക് തോന്നിപ്പോയതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണിയും മൂക്കുകൊണ്ട് ‘ക്ഷ’ എന്നെഴുതണമെന്ന് പറയുന്നവരെ മന്ത്രി സുധാകരന്റെ ഭാഷയില്‍ നമുക്ക് കൊഞ്ഞാണന്മാരെന്ന് വിളിക്കാം.
പെട്ടെന്ന് കോടതികള്‍ക്ക് ചില തോന്നലുകള്‍ ഉണ്ടാകാറുണ്ട്. ‘ഉണ്ടിരുന്ന നായര്‍ക്ക് ഒരു വിളി തോന്നി’ എന്ന പോലെ. ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ പോസ്റ്ററുകളിലോ ബാനറുകളിലോ പാടില്ല എന്നാണ് മദ്രാസ് ഹൈക്കോടതിയുടെ പുതിയ കല്‍പന. ജീവിച്ചിരിക്കുന്ന നേതാക്കളെല്ലാം സാമൂഹ്യവിരുദ്ധരോ ക്രിമിനലുകളോ എന്ന ധ്വനിയുള്ള ഉത്തരവ്. അപ്പോള്‍ പിന്നെ ജനജാഗ്രതാ യാത്രകള്‍ നയിക്കുന്ന കാനം രാജേന്ദ്രന്‍ അജയഘോഷിന്റേയും കോടിയേരി എകെജിയുടേയും രമേശ് ചെന്നിത്തല ഗാന്ധിജിയുടേയും കുമ്മനം രാജശേഖരന്‍ ഗോഡ്‌സേയുടെയും ചിത്രങ്ങള്‍ സഹിതമേ ജാഥകളും യാത്രകളും നയിക്കാവൂ എന്നു വരും. വര്‍ത്തമാനകാലത്തെ തള്ളിപ്പറയുന്ന ഈ വിധിന്യായം കേട്ടപ്പോള്‍ ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചുവെന്നു തോന്നിപ്പോയി. അല്ലെങ്കില്‍ പിന്നെ ക്ലാവ് പിടിച്ച ഇത്തരം വിധിന്യായങ്ങളുണ്ടാകില്ലല്ലോ.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബിജെപിയെയാകെ കുട്ടിച്ചോറാക്കുമെന്ന് തോന്നുന്നു. തൊട്ടടുത്ത ദിവസങ്ങളിലായി രണ്ട് തവണ കേരളത്തിലെത്തിയ അദ്ദേഹത്തിന് കേരളത്തെ പ്രശംസിക്കാന്‍ ആയിരം നാവായിരുന്നു. ‘ഭുവനങ്ങളില്‍ സ്വര്‍ഗമുണ്ടെങ്കിലാ സ്വര്‍ഗം ഇവിടെയാണിവിടെയാണിവിടെ മാത്രം’ എന്ന വിധത്തില്‍ അദ്ദേഹം മലയാളികളെയും മലയാളക്കരയേയും വാനോളം പ്രകീര്‍ത്തിച്ചപ്പോള്‍ തലസ്ഥാനത്തെ മാരാര്‍ജി ഭവനില്‍ നിന്നും ഇന്ദ്രപ്രസ്ഥാനത്തിലെ അമിത്ഷായുടെ ആസ്ഥാനത്തുനിന്നും ഞെട്ടലും തേങ്ങലും. ഇതൊരു കൊലച്ചതിയായിപോയി കോവിന്ദേ എന്ന് മോഡിയുടെ അട്ടഹാസം വേറെ. ഞെട്ടലില്‍ നിന്നുണര്‍ന്ന കുമ്മനം പറയുന്നത് രാഷ്ട്രപതി കേരളത്തിലെ പൊതുകാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്ന്. പൊതുകാര്യങ്ങളില്‍ത്തന്നെയാണദ്ദേഹം കേരളത്തെ ശ്ലാഘിച്ചത്. അല്ലാതെ പിന്നെ അടുക്കളക്കാര്യവും അകത്തളക്കാര്യവുമല്ലല്ലോ രാഷ്ട്രപതി പറയുന്നത്. അടുക്കളയില്‍ എന്തു പാകം ചെയ്യണമെന്നും കേരളീയര്‍ എന്തെല്ലാം കഴിക്കണമെന്നും ക്ലാസെടുക്കാനെന്താ രാഷ്ട്രപതി പണ്ട് കുശിനിക്കാരനായിരുന്നോ.
പെണ്ണുങ്ങള്‍ കള്ളുകച്ചവടം നടത്തിയാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ മദ്യവില്‍പ്പനക്കാരുടെ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് എലി കരണ്ടു തുടങ്ങിയപ്പോഴാണ് പട്ടികയിലുള്ളവര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ്. പ്രബുദ്ധ കേരളമെങ്കിലും മദ്യവില്‍പനശാലകളിലെ പെണ്‍നിയമനങ്ങളെക്കുറിച്ച് നമുക്കൊക്കെ എന്തെല്ലാം ആകുലതകളായിരുന്നു. മദ്യം വാങ്ങാനെത്തുന്നവര്‍ സെയില്‍സ് ഗേള്‍സിനെ കയറിപ്പിടിക്കുമോ എന്ന് ചിലര്‍ക്ക് ആശങ്ക. മദ്യം വാങ്ങിയിട്ട് രണ്ട് പെഗ് വെള്ളം തൊടാതെ അകത്താക്കിയിട്ട് ‘മോളേ ഈ കാശ് നിന്റെ അക്കൗണ്ടിലെഴുതിക്കോ’ എന്ന് പറയുന്ന മദ്യപന്മാരുണ്ടാകുമെന്ന് മറ്റ് ചിലരുടെ ഭയം. അടിച്ചുപൂസായി പെണ്‍കുട്ടികളെ നോക്കി കൗണ്ടറിന് മുന്‍വശം തന്നെ വേദിയാക്കി കുടിയന്മാര്‍ തെറിത്തിരുവാതിര നടത്തുമെന്ന് മറ്റൊരു കൂട്ടരുടെ പ്രവചനം.
പക്ഷേ ആ പ്രവചനങ്ങളൊക്കെ തെറ്റി. നിയമന ഉത്തരവുമായി എത്തിയ ആദ്യ ജീവനക്കാരിക്ക് ഒരു ബിവറേജസ് ഔട്ട്‌ലെറ്റിലെ പുരുഷജീവനക്കാര്‍ പൂച്ചെണ്ട് നല്‍കി ഊഷ്മള വരവേല്‍പ്പ് നല്‍കി. ക്യൂവിലെ മദ്യപര്‍ ആദരസമന്വിതം നിന്നു. ‘വിഷ് യു ഓള്‍ ദി ബെസ്റ്റ് മോളേ’ എന്ന് ഒരു കുടിയന്റെ ആംഗലേയാശംസ. ആരു പറഞ്ഞു നമ്മുടെ മദ്യപാനികള്‍ മാന്യന്മാരല്ലെന്ന്. പ്രബുദ്ധ മദ്യപലോകം നീണാള്‍ വാഴട്ടെ.