Wednesday
21 Nov 2018

സര്‍വംസഹയല്ല ഈ ഭൂമി, വേഴാമ്പലുകളും കരയാറുണ്ട്

By: Web Desk | Sunday 3 December 2017 10:39 PM IST

നമ്മുടെ കടലോരങ്ങളെ തകര്‍ത്തെറിഞ്ഞ ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും പിന്‍വാങ്ങിയിരിക്കുന്നു. പക്ഷേ പ്രകൃതിയുടെ ഈ സംഹാരതാണ്ഡവത്തില്‍ നീരറുതിയായ വറുതിയുടെ കൂട്ടുകാരായ മത്സ്യത്തൊഴിലാളികളുടെ സംഖ്യ വരാനിരിക്കുന്നേയുള്ളു. ഇതിനെല്ലാമിടയിലും അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു വാര്‍ത്തയുണ്ടായിരുന്നു. കടല്‍ കലിതുള്ളിയാര്‍ക്കുമ്പോഴും. രാക്ഷസത്തിരമാലകള്‍ കരയെ വിഴുങ്ങുമ്പോഴും അങ്ങ് കിഴക്കന്‍ മലയോരങ്ങളില്‍ സമാന്തരമായുണ്ടായ പ്രകൃതിദുരന്തവാര്‍ത്തകള്‍. ഇടുക്കി ജില്ലയിലും മൂന്നാറിലുമായിരുന്നു. ഇടുക്കിയിലേയും സഹ്യാദ്രിയുടെ തെക്കേയറ്റത്തെ അഗസ്ത്യകൂടത്തിനടുത്ത ഉള്‍വനങ്ങളിലും വന്‍ ഉരുള്‍പൊട്ടലുകളുണ്ടായെന്ന വാര്‍ത്ത.
ലോകമാകെ കേരളാ-ലക്ഷദ്വീപ് കടലൊരങ്ങളിലെ ദുരന്തങ്ങളില്‍ ഞെട്ടിത്തരിച്ചു നില്‍ക്കുമ്പോഴാണ് ഇപ്പോഴത്തെ പ്രകൃതിദുരന്തങ്ങളില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് ഇടുക്കിയിലാണെന്ന വാര്‍ത്ത വരുന്നത്. സര്‍വംസഹയെന്ന് ഭൂമിക്ക് ഒരു പര്യായമുണ്ട്. ഭൂമിയോളം താഴാം എന്ന ഒരു പ്രയോഗവുമുണ്ട്. പക്ഷേ എന്നുമെന്നും ഈ ഭൂമി സര്‍വംസഹയായിരിക്കില്ലെന്ന താക്കീതാണ് ഇടുക്കിയിലുണ്ടാവുന്ന ഉരുള്‍പൊട്ടലുകളും മേഘസ്‌ഫോടനവും മലവെള്ളവും സൃഷ്ടിക്കുന്ന ഈ നിരന്തര ദുരന്തങ്ങള്‍. ഒരേയൊരു ഭൂമിയേ നമുക്കുള്ളു. സമൂഹത്തിന്റെയാകെ മൂലധനമായ ഈ ഭൂമി. ഈ ഭൂമിയുടെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും തകര്‍ത്തെറിയാന്‍ മനുഷ്യന് അവകാശമില്ല. കാരണം ഈ ഭൂമിയിലെ കുടകിടപ്പുകാര്‍ മാത്രമാണ് നാം. നമുക്ക് പ്രകൃതി വരദാനമായി നല്‍കിയ ആവാസവ്യവസ്ഥയായ കുടികിടപ്പ്.
എന്നാല്‍ മൂലധനശക്തികള്‍ നമ്മുടെ പരിസ്ഥിതിയെ അരുംകൊല ചെയ്തുകൊണ്ടിരിക്കുന്നു. ഇടുക്കിയില്‍ ഏറ്റവമുധികം പ്രകൃതിദുരന്തങ്ങളുണ്ടാവുന്നത് ഈ പരിസ്ഥിതി നാശംകൊണ്ടാണെന്നു തിരിച്ചറിയാന്‍ കവടി നിരത്തേണ്ടതുമില്ല. കുറെക്കാലം മുമ്പ് ദേവിക ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ചുഡാമായ ഇടുക്കി അണക്കെട്ടിന്റെ ആയക്കെട്ട് പ്രദേശം സന്ദര്‍ശിക്കാനിടയായി. കുറവന്‍-കുറത്തി മലകള്‍ക്കടുത്ത ചെങ്കുത്തായ ആയക്കെട്ടു പ്രദേശത്തിന്റെ തലങ്ങും വിലങ്ങും അങ്ങിങ്ങ് കോണ്‍ക്രീറ്റ് കുരിശുകളും കുരിശിന്റെ വഴിയെന്ന ബോര്‍ഡുകളും. ഇവയൊന്നും വിശ്വാസികളുടെ കുരിശുകളുമല്ല ബോര്‍ഡുകളുമല്ല. എല്ലാം ആയക്കെട്ടു പ്രദേശം കയ്യേറിയ ടോംസ്‌കറിയമാരുടേയും വെള്ളൂക്കുന്നേലുമാരുടേയും കള്ളക്കുരിശുകള്‍. കള്ളക്കുരിശുകളുടെ കാവലില്‍ വളച്ചുകെട്ടിയ ആയക്കെട്ടു പ്രദേശം. ഇവിടെ ഉരുള്‍പൊട്ടല്‍ നിത്യസംഭവം. കയ്യേറ്റഭൂമികളില്‍ നിന്ന് മണ്ണിടിഞ്ഞു വീണ് ജലസംഭരണിയുടെ ശേഷി കുറഞ്ഞിരിക്കുന്നു. പരിസ്ഥിതി നാശം സൃഷ്ടിച്ച ഊഷരതയില്‍ ഇടുക്കിയുടെ ഉര്‍വരത നഷ്ടമായിരിക്കുന്നു. കയ്യേറ്റഭൂമികള്‍ കൃഷിഭൂമികളെന്ന് വ്യാജരേഖകള്‍ ചമയ്ക്കാന്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത് ഭൂഗര്‍ഭജലം ഊറ്റിക്കുടിക്കുന്ന യൂക്കാലിപ്റ്റസ് തോട്ടങ്ങളും. പരിസ്ഥിതിയാകെ തകര്‍ത്ത ഇടുക്കിയിലെ അണക്കെട്ടു നിലംപൊത്തുന്നതിനെക്കുറിച്ച് നമുക്ക് ഓര്‍ക്കാതിരിക്കാം.
എന്നിട്ടും ഈ ഭൂമാഫിയകളുടെ കുഴലൂത്തുകാര്‍ പറയുന്നത് സ്‌കറിയയുടെ കുരിശുഭൂമി ജറുസലേം അല്ലേയെന്ന്. രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്ന് പട്ടിണി അരങ്ങുവാണപ്പോള്‍ ‘തുള്ളല്‍പ്പനി’യെന്ന മലമ്പനിയോടും കാട്ടുമൃഗങ്ങളോടും പോരാടി കുടിയേറ്റ കര്‍ഷകര്‍ പൊന്നുവിളയിച്ച ഭൂമികളില്‍ നിന്നും അവര്‍ ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. അധ്വാനത്തിന്റെ വിജയഗാഥകള്‍ വിരിഞ്ഞ ആ മണ്ണ് ഇന്ന് മാഫിയാപ്പറ്റങ്ങളുടെ കയ്യില്‍. ഭൂസംരക്ഷണനിയമവും ഭൂവിനിയോഗനിയമവും അട്ടിമറിക്കാന്‍ തിരികിട കമ്പനികള്‍. പരിസ്ഥിതിയുടെ അടിവാരം തോണ്ടുന്നതു കണ്ട് ഒന്ന് എതിര്‍ ശബ്ദമുയര്‍ത്തിയാല്‍ അവരെ അടിച്ചൊതുക്കാന്‍ എക്കാലവും ഭരണകൂടത്തില്‍ ഈ മാഫിയകള്‍ക്ക് കൂലിത്തല്ലുകാരുണ്ടാവുമെന്ന ദുരന്തം. നിയമനിര്‍മാതാക്കള്‍ തന്നെ നിയമലംഘകരുടെ കുപ്പായവും കിന്നരിത്തലപ്പാവുമണിഞ്ഞു നില്‍ക്കുന്ന ദുരന്തം.
നീലക്കുറിഞ്ഞി വെറുമൊരു ചെടി. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പല്‍ വെറുമൊരു കാട്ടുകിളി. കാടിനെന്തുവില, കറണ്ടിനല്ലേ വില. എന്നിങ്ങനെ ഓരിയിടുന്നവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റിയാല്‍ ആ ജല്‍പനങ്ങളെ അജ്ഞതയെന്ന് എഴുതിത്തള്ളരുത്. മാഫിയകള്‍ നാവില്‍ തിരുകിക്കയറ്റിയ വാക്കുകള്‍ എടുത്തമ്മാനമാടി അവര്‍ ‘ഹിസ് മാസ്റ്റേഴ്‌സ് വോയിസു’കള്‍ ആകുന്നുവെന്നേയുള്ളു. അതിരപ്പള്ളിയിലെ വേഴാമ്പലുകള്‍ക്കും ഇതെല്ലാം കണ്ടു കരയാനറിയാം. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ആരവത്തിലും അമര്‍ഷത്തിന്റെ നുര പൊന്തലുണ്ടാവാം. അവിടത്തെ ആദിമഗോത്രമായ കാടരുടെ ഗദ്ഗദങ്ങളും തങ്ങളെ പോറ്റുന്ന പരിസ്ഥിതി അകാലത്തില്‍ പൊലിയുന്നതോര്‍ത്താവാം.

‘റണ്ണിങ് കമന്ററികള്‍ സാധാരണ ഫുട്‌ബോളിനും ക്രിക്കറ്റിനും ടെന്നീസിനുമൊക്കെയേ ഉള്ളുവെന്നാണ് നാമൊക്കെ ധരിച്ചിരുന്നത്. പക്ഷേ ചാനലുകള്‍ ആ ധാരണ അമ്പേ തെറ്റിച്ചിരിക്കുന്നു. ജാമ്യത്തിനിടയില്‍ പുട്ടുകച്ചവടത്തിന് ദുബായില്‍ പോകുന്നുവെന്ന വാര്‍ത്ത വരുന്നു. ആരൊക്കെ പുട്ടുകച്ചവടം നടത്തുന്നു. അതൊന്നും ചാനല്‍ വാര്‍ത്തയാകാറില്ല. പോട്ടെ സൂപ്പര്‍സ്റ്റാര്‍ ഗതിയില്ലാതെ പുട്ടുകച്ചവടം നടത്തുന്നതില്‍ ഇത്തിരി വാര്‍ത്താമൂല്യമുണ്ടെന്ന് സമ്മതിക്കാം. അതിനു പിന്നാലെ റണ്ണിങ് കമന്ററി പോലെ വാര്‍ത്താ പ്രളയം. ‘ദിലീപ് ഇതാ അങ്കമാലി കോടതിയിലേയ്ക്ക് പോകാന്‍ പുറത്തിറങ്ങുന്നു. അദ്ദേഹം കോടതിക്കുള്ളിലേയ്ക്ക് പ്രവേശിക്കുന്നു. തന്റെ പാസ്‌പോര്‍ട്ട് കൈപ്പറ്റി കോടതിയുടെ തിരുമുറ്റത്തേയ്ക്ക്. അങ്ങനെ നീളുന്നു. ദുബായിലേക്ക് ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും അനുഗമിക്കുന്നു. ഇല്ല, അവര്‍ പോകുന്നില്ല. പകരം ദിലീപിന്റെ അമ്മ പോകുന്നു. ഇരുവരും വിമാനത്താവളത്തിലെത്തി. ദിലീപ് വിമാനത്തിനുള്ളിലേക്കും പടി ചവിട്ടുന്നു, പടി ഒന്ന്, രണ്ട് അതേ ദിലീപ് അകത്തായി. ഒപ്പം വീല്‍ചെയറില്‍ അമ്മയും അകത്തേയ്ക്ക്. ഇതിലൊക്കെ മാലോകര്‍ക്കെന്തു താല്‍പര്യം. അതേസമയം ദുബായിലെ ‘ദേ പുട്ട് ഉല്‍ഘാടനത്തിനെത്തിയ ദിലീപിനെ പ്രവാസി മലയാളികള്‍ കൂവി വെളുപ്പിച്ച വാര്‍ത്ത എന്തേ തല്‍സമയം സംപ്രേക്ഷണം ചെയ്തില്ല? ചാനലുകളുടെ ത്യാജ്യഗ്രാഹ്യ വിവേചനം എന്ന വിഷയം ഇവിടെയാണ് പ്രസക്തമാവുന്നത്.

ഇന്ത്യയുടെ പ്രഥമ പ്രതിരോധ മന്ത്രിയായിരുന്നു ബല്‍ദേവ് സിങ്. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ ബ്രിട്ടന്‍ സന്ദര്‍ശനത്തിനുപോയ പ്രധാനമന്ത്രി നെഹ്രു സിങിനേയും ഒപ്പം കൂട്ടിയപ്പോഴത്തെ കഥയുടെ പുനരാവര്‍ത്തനം ഹിമാചല്‍ പ്രദേശിലെ ഉനയില്‍ സംഭവിച്ചിരിക്കുന്നു. ഒരു യാത്രക്കാരന്‍ ന്യൂഡല്‍ഹിയിലേക്കുള്ള ബസില്‍ കയറുന്നു. ഷൂവും സോക്‌സും ഊരി ജനാലയ്ക്കടുത്തു വച്ചതോടെ ബസ് ആകെ ദുര്‍ഗന്ധപൂരിതം. പൂരിതമെന്ന് പറഞ്ഞാല്‍ പോലും ബോധംകെട്ടുപോകുന്ന അതിപൂരിതനാറ്റം. യാത്രക്കാര്‍ പ്രതിഷേധിച്ചു. നാറുന്ന ഷൂസും, സോക്‌സും പുറത്തേയ്‌ക്കെറിയണമെന്നായി യാത്രക്കാര്‍. തന്റെ ഷൂസിനും സോക്‌സിനും മുല്ലപ്പൂമണമെന്ന് അയാളും. ഒടുവില്‍ വഴക്കും വക്കാണവുമായി കൂട്ടത്തല്ലായി. ഡ്രൈവര്‍ ബസ് നേരെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പാദരക്ഷകള്‍ മണത്തുനോക്കാതെ തന്നെ കാര്യം ഗ്രഹിച്ച പൊലീസ് ‘പബ്ലിക് ന്യൂയിസന്‍സി’ന് കഥാപാത്രത്തെ പ്രതിയാക്കി കേസെടുത്തു. തന്റെ മണക്കുന്ന ഷൂവിനെ നാറ്റിച്ച ബസ് യാത്രക്കാര്‍ക്കെതിരെ അയാള്‍ കൗണ്ടര്‍ കേസും കൊടുത്തു. ഈ ഷൂ-സോക്‌സ് കേസ് ഇനി നിയമപുസ്തകങ്ങളിലും സ്ഥാനം പിടിച്ചേക്കാം.
ബല്‍ദേവ് സിങിന്റേതും സമാനമായ കഥ. ലണ്ടനിലെത്തിയ പ്രധാനമന്ത്രി നെഹ്രു തന്റെ പ്രതിരോധമന്ത്രിയേയും കൂട്ടി രാജകീയ വിരുന്നില്‍ പങ്കെടുക്കാനിറങ്ങുമ്പോള്‍ ആകെയൊരു പന്തിയില്ലായ്മ. അസഹനീയമായ നാറ്റം. ദുര്‍ഗന്ധത്തിന്റെ ഉറവിടം നെഹ്രു കണ്ടുപിടിച്ചു. ബല്‍ദേവ് സിങിന്റെ ഷൂസും സോക്‌സും തന്നെയാണ് നാറ്റത്തിന്റെ പ്രഭവകേന്ദ്രം. പുതിയ ഷൂസും സോക്‌സും വരുത്തി കാല്‍ കഴുകിവന്നു ധരിക്കാന്‍ പറഞ്ഞു. ബല്‍ദേവ് സിങ് അതേപടി അനുസരിച്ചു. ഇരുവരും കാറില്‍ കയറുമ്പോള്‍ പിന്നേയും ബോധം കെട്ടുപോകുന്ന നാറ്റം. ഇതെന്താ ഇനിയും നാറ്റം? നാറുന്ന സോക്‌സ് എവിടെ? ബല്‍ദേവ് സിങ് ഭവ്യതയോടെ പറഞ്ഞു: ‘അതെന്റെ പോക്കറ്റിലുണ്ട്’ ചില മന്ത്രിമാരൊക്കെ അങ്ങനെയാ. പ്രധാനമന്ത്രിയേയും നാറ്റിക്കും മുഖ്യമന്ത്രിയേയും നാറ്റിക്കും. നാട്ടാരെയാകെയും നാറ്റിക്കും.