Thursday
18 Oct 2018

എട്ട് ഹോളിവുഡ് സുന്ദരിമാര്‍ക്ക് ‘അര’ സരിത ധാരാളം

By: Web Desk | Monday 16 October 2017 1:04 AM IST

ട്രംപിന്റെ അമേരിക്കയും സരിതയുടെ കേരളവും തമ്മില്‍ എന്തൊരു സാദൃശ്യചന്തമാണ്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്ന അതേനാളില്‍ത്തന്നെ യുഎസിലെ ‘ന്യൂയോര്‍ക്കര്‍’ പത്രത്തിലും ഒരു റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെടുന്നു. രണ്ട് വാര്‍ത്തകളും അത്യുഗ്രസ്‌ഫോടനശേഷിയുള്ള സെക്‌സ്‌ബോംബുകള്‍.
ആഞ്ജലീന ജോളിയടക്കം ഹോളിവുഡിലെ എട്ട് മിന്നും താരങ്ങളെ ഓസ്‌കാര്‍ ജേതാവും അറുപത്തഞ്ചുകാരനുമായ ഹാര്‍വി വിന്‍സ്റ്റെയിന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു വാര്‍ത്ത. പിന്നെയൊരു ‘ഫോളോ അപ് സ്റ്റോറി’യും ഇന്നലെ പ്രത്യക്ഷപ്പെട്ടു. വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യാറായിയേയും വീന്‍സ്റ്റയിന്‍ കൈവയ്ക്കാനൊരുങ്ങിയെങ്കിലും അവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്ന്. അമേരിക്കന്‍ അത്യുന്നതങ്ങളിലെ ലൈംഗിക അരാജകത്വം വകവച്ചുകൊടുക്കാം. കാരണം അതൊരു ജീര്‍ണമുതലാളിത്ത സംസ്‌കാരമാണ്. പ്രതി ഹാര്‍വി വിന്‍സ്റ്റെയിനിന്റെ കുറ്റസമ്മതം തന്നെ ഒരു ഹാര്‍വി ചുഴലിക്കാറ്റുപോലെ അമേരിക്കയില്‍ അലയടിക്കുന്നുണ്ട്. അറുപത്തഞ്ച് എഴുപത് വയസായപ്പോഴാണ് തനിക്ക് പക്വത വന്നതെന്നും അതിന് മുമ്പു നടന്ന തന്റെ പരിപാടികളെല്ലാം തൊഴിലിടങ്ങളിലെ അന്നത്തെ സംസ്‌കാരമായി കൂട്ടിയാല്‍ മതിയെന്നുമാണ് ഹോളിവുഡ് ചലച്ചിത്ര തമ്പുരാന്റെ കുമ്പസാരം. യുഎസ് പ്രസിഡന്റ് ബില്‍ക്ലിന്റണ്‍ പോലും വൈറ്റ്ഹൗസിനെ തന്റെ പരസ്ത്രീഗമനവേദിയാക്കുകയും അഭിസാരികയുടെ കിടപ്പറയാക്കുകയും ചെയ്ത ചരിത്രവും ആ ദുര്‍ഗന്ധപൂരിത സംസ്‌കൃതിക്കു സ്വന്തം.
പ്രബുദ്ധ കേരളത്തിന്റെ കഥ അതല്ലല്ലോ. നാണവും മാനവും ചാരിത്ര്യവും സ്വച്ഛസ്ഫടികമായ സംസ്‌കൃതിയും നമ്മുടെ തനത് വരദാനങ്ങളാവുമ്പോള്‍ ആ ധര്‍മശൈലികളെ തകര്‍ത്തെറിഞ്ഞതിന്റെ വാങ്മയ ചിത്രമാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. പക്ഷേ ദേവികയ്ക്ക് ഒരു സന്ദേഹം. നാല് കോടി രൂപ മുടക്കി ഇത്തരമൊരു റിപ്പോര്‍ട്ടുണ്ടാക്കി യുഡിഎഫ് രാഷ്ട്രീയം ലൈംഗികതയുടെ ഒരു മാലിന്യക്കൂമ്പാരമാണെന്ന് നാല് മാലോകരെ അറിയിച്ച് നാം നാണംകെടണമായിരുന്നോ. റിപ്പോര്‍ട്ടില്‍ നിന്നു വമിക്കുന്ന അസഹ്യമായ നാറ്റംകൊണ്ട് അങ്ങനെ പറഞ്ഞുപോയതാണ്.
ഒരര്‍ഥത്തില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ പുറത്തുവന്നതും നന്നായി. എന്തെല്ലാം കൗതുകകാഴ്ചകളാണ് റിപ്പോര്‍ട്ടില്‍ പീലി വിടര്‍ത്തിയാടുന്നത്. അമേരിക്കയില്‍ എട്ട് ഭുവനനായികാ സുന്ദരിമാരാണ് പീഡിപ്പിക്കപ്പെട്ടതെങ്കില്‍ ഇവിടെ ഹൈബീഈഡനെന്ന പയ്യന്‍ മുതല്‍ ഉമ്മന്‍ചാണ്ടിയും നവതിയിലെത്തിയ ആര്യാടന്‍ മുഹമ്മദടക്കമുള്ള തൊണ്ണൂറാന്മാര്‍ വരെ എട്ടുപേര്‍ സരിതയില്‍ നിന്ന് ലൈംഗികസംതൃപ്തിയിലൂടെ അഴിമതി നടത്തിയെന്നും ലൈംഗിക കോഴ പറ്റിയെന്നുമാണ് കമ്മിഷന്‍ റിപ്പോര്‍ട്ട്. അതുകൊണ്ട് നമുക്ക് അഭിമാനരോമാഞ്ചകഞ്ചുകമണിഞ്ഞു പറയാം എട്ട് ഹോളിവുഡ് നക്ഷത്രങ്ങള്‍ക്ക് സമമാണ് നമ്മുടെ അരസരിതയെന്ന്. ‘അര’ എന്നു പ്രയോഗിച്ചതുകൊണ്ട് സരിതാ ക്യാമ്പിലുള്ളവര്‍ ദേവികയെ കൊത്തിക്കീറാനൊന്നും വരേണ്ട’ അരസരിതയ്ക്ക് അര്‍ധനാരി എന്ന അര്‍ഥകല്‍പനയേയുള്ളു. ഇവിടത്തെ എട്ട് കാമകിങ്കരന്മാര്‍ക്ക് സമന്‍ അര അമേരിക്കന്‍ വിന്‍സ്റ്റെയിന്‍.
എന്നാലും സരിതയെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുവിവരങ്ങളും അവരുടെ ക്രൂരകൃത്യങ്ങളും ഒന്നൊന്നായി ചാനലുകളില്‍ മിന്നിമറഞ്ഞപ്പോള്‍ പലവ്യഞ്ജന കടകളിലെ വിലവിവരപ്പട്ടികയുടെ ശേല്. തൊണ്ണൂറാനായ ആര്യാടന്‍ മുഹമ്മദ് സ്വയം ലൈംഗിക കുറ്റവിമുക്തനാവാന്‍ ചാനലില്‍ വന്നപ്പോള്‍ ‘അമ്പട കൊച്ചുകള്ളാ, മദനകാമരാജാ’ എന്ന് അറിയാതെ പറഞ്ഞുപോയി. ഇനിയും തന്നെ ലൈംഗികമായി ഉപയോഗിച്ച് അപമാനത്തിന്റെ അരയ്‌ക്കൊപ്പം വെള്ളത്തിലാഴ്ത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സോളാര്‍ റാണി പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ പലതും സത്യമാകാം. പക്ഷേ ബ്ലാക്ക്‌മെയിലിങ്ങിലൂടെ കോടികള്‍ തട്ടാനുള്ള തന്ത്രം കൂടി ആ മുന്നറിയിപ്പില്‍ പുതഞ്ഞുകിടപ്പുണ്ടാകും. ഒരു സ്വയം പ്രഖ്യാപിത അഭിസാരികയെപോലെ ഉറഞ്ഞുതുള്ളുന്ന സരിതയ്‌ക്കെതിരെ രാഷ്ട്രീയ കേരളവും ഭരണകൂടവും ജാഗ്രതൈ.
ഒടുവില്‍ വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലവും വന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ഖാദറിന് ക്ലാവ് പിടിച്ച വെങ്കലമെഡലോടെ വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടി കഴിഞ്ഞതവണ നേടിയതിനെക്കാള്‍ പതിനാലായിരത്തോളം വോട്ട് ഖാദറിന് കുറവ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബഷീറിന് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആയിരക്കണക്കിന് വോട്ടുകളുടെ വര്‍ധന. ഈ വിജയത്തെ പൊന്നിന്‍തിളക്കമെന്ന് വിളിക്കുന്നവര്‍ക്ക് വേണ്ടി ഊളമ്പാറയില്‍ ബഡ്ഡുകള്‍ റിസര്‍വ് ചെയ്യാന്‍ സര്‍ക്കാരിനോട് അപേക്ഷയുണ്ട്. പക്ഷേ പാണക്കാട് തങ്ങള്‍ ഒരു സത്യം തുറന്നുപറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവം ഖാദറിനില്ലാതെ പോയി എന്ന്. തന്നെയും കുഞ്ഞാലിക്കുട്ടിയെയും കത്തിമുനയില്‍ നിര്‍ത്തി സീറ്റ് ഒപ്പിച്ചെടുത്ത ഖാദറിന് കിട്ടേണ്ടത് കിട്ടി എന്ന വ്യംഗാര്‍ഥമായിരുന്നു തങ്ങളുടെ വാക്കുകളില്‍. കേരളം പിടിക്കാന്‍ പുറപ്പെട്ട ബിജെപി സ്ഥാനാര്‍ഥിയുടെ കാര്യം ‘കട്ടപ്പൊഹ’യായെന്നത് മറ്റൊരു കാര്യം.
ഇക്കഴിഞ്ഞ ദിവസം ‘ജനയുഗ’ത്തില്‍ ഒരു വാര്‍ത്ത വായിച്ചു. അബുദാബിയിലെ ഒരറുപതുകാരന്‍ മലയാളി ഇന്ത്യയില്‍ പോയി ഇരുപതുകാരന്റെ ഹൃദയം വച്ചുപിടിപ്പിച്ച് പയ്യനെപോലെ ഗള്‍ഫിലെത്തി ജോലിയില്‍ തിരികെ പ്രവേശിച്ചെന്ന്. കെപിസിസിയുടെ പുതിയ പട്ടിക കണ്ടപ്പോള്‍ ഇന്ദിരാഭവനില്‍ ഒരു ഹൃദയ ശസ്ത്രക്രിയാ തിയറ്ററും യുവരക്തം നല്‍കാന്‍ ഒരു ബ്ലഡ് ബാങ്കും പ്രവര്‍ത്തിക്കുന്നുവോ എന്ന ദുരൂഹതയേറുന്നു. പണ്ടത്തെ പാഠപുസ്തകത്തില്‍ ‘കാലനില്ലാത്ത കാലം’ എന്നൊരു പദ്യമുണ്ടായിരുന്നു. ‘തൊണ്ണൂറ് വയസുള്ളോരപ്പൂപ്പന്മാരുമിപ്പോള്‍ കുഞ്ഞായിട്ടിരിക്കുന്നോരപ്പൂപ്പനവര്‍ക്കൊണ്ട്’ എന്ന കാലവിശേഷം കാലന്‍ പണിമുടക്കിയ കാലം. തൊണ്ണൂറാന്മാരായ എം എം ജേക്കബ്, കെ ശങ്കരനാരായണന്‍ എന്നീ അഞ്ഞൂറാന്മാരെക്കൊണ്ട് നിറഞ്ഞ പട്ടികയില്‍ യുവരക്തങ്ങള്‍ക്ക് പ്രായം 75. പട്ടിക ചമച്ചപ്പോള്‍ ഒരു പ്രമുഖ തൊണ്ണൂറാനായ വക്കം പുരുഷോത്തമന്‍ ഔട്ട്. എല്ലാം സഹിക്കാം. കോണ്‍ഗ്രസിന്റെ ചാനലുകളിലെ കൂലിത്തല്ലുകാരനായ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഉണ്ണിത്തം പോലും കണക്കിലെടുക്കാതെയാണ് വെട്ടിനിരത്തിയത്. പള്‍സര്‍ സുനിയെ ദിലീപ് തള്ളിപ്പറഞ്ഞപോലെ. പാദസേവകരുടെ പട്ടികയാണിതെന്ന് ഉണ്ണിത്താന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് ശുചീകരണത്തിനുള്ള അങ്കവും കുറിച്ചുകഴിഞ്ഞു. ഇനി കളി കാണാനിരിക്കുന്നേയുള്ളു. ഉണ്ണിത്താന്റെ തിരുനാവില്‍ നിന്ന് ഇനിയെത്ര സരിത കഥകള്‍ വാര്‍ന്നുവീഴുമെന്ന് കേള്‍ക്കാന്‍ കാത്തിരിക്കുക.
അന്ധ വിശ്വാസങ്ങള്‍ക്കെതിരെ അയലത്തെ കര്‍ണ്ണാടക ഈയടുത്തു നടത്തിയ നിമയനിര്‍മാണം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. മഹാപണ്ഡിതനായ കല്‍ബുര്‍ഗിയും മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷും അന്ധവിശ്വാസങ്ങള്‍ക്കെതിരെ പടയോട്ടം നടത്തി രക്തസാക്ഷിത്വം വഹിച്ചതിന് പിന്നാലെയുണ്ടായ നിയമനിര്‍മാണം ശ്ലാഘനീയമവുമായി. കേരളത്തില്‍ ഇതൊന്നും വേണ്ട എന്ന് പ്രബുദ്ധ കേരളത്തിന്റെ ചാപ്പകുത്തി നാം അഹമ്മദിച്ചിരുന്നു. പക്ഷേ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞിരിക്കുന്നു കേരളത്തിലും. മുസ്‌ലിം ബാലികമാരുടെ ലിംഗവിഛേദനം എന്ന ചേലാകര്‍മവും അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവയ്പ് ഹറാമാണെന്ന കുപ്രചരണവുമെല്ലാം അന്ധവിശ്വാസാധിഷ്ഠിതമാണ്. അതേസമയം ചാതുര്‍വര്‍ണ്യത്തെ തഴുകിവളര്‍ത്തുന്നവരും ഈ പ്രബുദ്ധ കേരളത്തില്‍ സമൃദ്ധം. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ അബ്രാഹ്മണര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നുവെന്ന വാര്‍ത്ത പ്രബുദ്ധമെന്ന് നാം ഓമനപ്പേരിടുന്ന സമൂഹത്തിന് നാണക്കേടായി. ഇത്തരം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എണ്‍പതാം വര്‍ഷം ചിന്തിക്കേണ്ടിവരിക. അബ്രാഹ്മണര്‍ തീണ്ടാക്കല്ലുകള്‍ക്കപ്പുറത്തുനിന്ന് പ്രാര്‍ഥിക്കുക, ഈ പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് തീണ്ടാപ്പാടകലെയുള്ള കാണിക്കവഞ്ചികളില്‍ കാണിക്കയിടുക, ആ കാണിക്കയെടുത്ത് ബ്രാഹ്മണന്‍ സുഭിക്ഷമായി ഞണ്ണുക എന്നിവയ്ക്ക് അന്ധവിശ്വാസത്തിന്റേതല്ലാതെ എന്ത് അടിസ്ഥാനമാണുള്ളത്? ബ്രാഹ്മണപൂജാരിമാര്‍ ഭക്തരുടെ കൈകളിലേയ്ക്ക് പ്രസാദം എറിഞ്ഞുകൊടുക്കുന്ന നികൃഷ്ടമായ ആചാരമാണ് മറ്റൊന്ന്. അസ്പൃശ്യനായ ഭക്തന്‍ തൊട്ടുതീണ്ടിയതും മീന്‍കാരിയുടെയോ കശാപ്പുകാരന്റെയോ പക്കല്‍ നിന്ന് കിട്ടിയതുമായ നാണയങ്ങളും നോട്ടുകളും ബ്രാഹ്മണപൂജാരിയുടെ വിശുദ്ധതാലത്തിലിട്ടുകൊടുക്കാം. ശ്രീലകത്തുപോലും അടിച്ചുതളിക്കാരിയായ വൃദ്ധയെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്കിടയില്‍ നിന്നാണ് ഇത്തരം ദുരാചാരങ്ങള്‍ എന്നോര്‍ക്കുമ്പോള്‍ നമുക്കും ഇതിനെതിരേ ഒരു നിയമം വേണ്ടേ എന്ന പൊതുബോധ്യം വളര്‍ന്നുവരുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ കാണാതെ പോകരുത്.
ദോഷം പറയരുതല്ലോ. ജാഥകളുടേയും യാഥകളുടേയും നാടായ കേരളത്തിന് ബിജെപി ഒരു പുതിയ യാത്രാവിശേഷം സമ്മാനിച്ചിരിക്കുന്നു. ഗതികിട്ടാ പ്രേതയാത്ര. ജനരക്ഷായാത്രയെന്ന പേരില്‍ കുമ്മനടിച്ച് വെടിപടഹത്തോടെയും വായ്ക്കുരവയും പാണ്ടിമേളവും പഞ്ചാരിമേളവുമായി തുടങ്ങിയ ജനരക്ഷായാത്രയുടെ തലവന്‍ കുമ്മനം രാജശേഖരന്‍ യാത്ര പാതിവഴിയെത്തും മുമ്പുതന്നെ ഗതികിട്ടാ പ്രേതം പോലെ അലയുന്ന കാഴ്ച കണ്ട് മുരളീധരാദികള്‍ അടക്കിച്ചിരിക്കുന്നു. ശോഭാസുരേന്ദ്രന്റേത് ശോഭകെട്ട പരിഹാസച്ചിരി. ജനനിരാസത്തിന്റെ പെരുവഴിയിലെറിയപ്പെട്ട ഒരു യാത്ര. സര്‍ക്കാരിനുവേണമെങ്കില്‍ ഇത്തരം ആളില്ലാ യാത്രകള്‍ പോകുന്നവഴിയേ തണ്ണീര്‍പ്പന്തലുകളും കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങളും തുടങ്ങാം. ഈ കേന്ദ്രങ്ങളില്‍ ‘ഗതാഗത സ്തംഭനം ഒഴിവാക്കിത്തന്നതിന് നന്ദി’ എന്ന ഫലകങ്ങളും സ്ഥാപിക്കാം. വേണമെങ്കില്‍ വേങ്ങരയില്‍ ബിജെപി കെട്ടിവച്ച ഖജനാവിന് മുതലായ കാശും ഈ ധര്‍മക്കഞ്ഞിവീഴ്ത്തിനു വകമാറ്റി ചെലവു ചെയ്യാം.

Related News