Monday
19 Nov 2018

ശബരിമലയില്‍ സ്ത്രീപുരുഷ ഭേദമില്ലാതെ വിശ്വാസികള്‍ ദര്‍ശനം നടത്തിയിരുന്നു: കാനം

By: Web Desk | Tuesday 6 November 2018 10:54 PM IST

വൈക്കം:

സ്ത്രീപുരുഷ ഭേദമില്ലാതെ ശബരിമലയില്‍ വിശ്വാസികള്‍ ദര്‍ശനം നടത്തിയിരുന്നുവെന്ന് ചരിത്രവസ്തുതകള്‍ പരിശോധിച്ചാല്‍ ബോധ്യമാവുമെന്ന് സിപിഐ സംസ്ഥാ സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല കീഴാള ജനതയുടെ ക്ഷേത്രമായിരുന്നു. മലയരയന്‍മാരായിരുന്നു മുമ്പ് ക്ഷേത്രം പരിപാലിച്ചിരുന്നതും. സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിംഗും പ്രവര്‍ത്തനഫണ്ട് ഏറ്റുവാങ്ങലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവിശ്വാസികളും വിശ്വാസികളും തമ്മിലുള്ള പ്രശ്‌നമായി ശബരിമല വിഷയത്തെ മാറ്റാനാണ് ബിജെപി -ആര്‍എസ്എസ് ശ്രമം. ഇന്ത്യന്‍ ഭരണഘടനയ്ക്കും നിയമത്തിനും മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുള്ള സുപ്രിംകോടതി വിധി ആര്‍എസ്എസ് നേതൃത്വം പൂര്‍ണ്ണമായും സ്വാഗതം ചെയ്തിരുന്നതാണ്. ഇത് തങ്ങളുടെ വിജയമെന്നാണ് ആദ്യം അവര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇന്ന് എല്‍ഡിഎഫിനെതിരെ ഒരു പുതിയ പോര്‍മുഖം തുറക്കാമെന്ന് കണ്ടപ്പോഴാണ് ബിജെപി യും ആര്‍എസ്എസ്സും നിലപാട് മാറ്റിയതെന്ന് കാനം പറഞ്ഞു.

വര്‍ഗ്ഗീയ വിഷം പടര്‍ത്താനുള്ള ഈ ശ്രമം അനുവദിക്കരുതെന്നും ബഹുജനങ്ങളെയും വിശ്വാസികളെയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പി സുഗതന്‍ അധ്യക്ഷത വഹിച്ചു.

Related News