Saturday
17 Nov 2018

ശബരിമലയെ സംഘപരിവറില്‍ നിന്ന് വിശ്വാസികള്‍ രക്ഷിക്കണം: കാനം

By: Web Desk | Thursday 8 November 2018 8:00 PM IST

തൃശൂര്‍:

സുപ്രീം കോടതിവിധിയുടെ പേരില്‍ യാഥാര്‍ത്ഥവിശ്വാസികളെ തമ്മിലടിപ്പിച്ച് വിശ്വാസത്തിന്റെയും മതേതരത്വത്തിന്റെയും ശുദ്ധി കളങ്കപ്പെടുത്തുന്ന ആര്‍എസ്എസ് -ബിജെപി സംഘത്തില്‍ നിന്ന് ശബരിമലയെ രക്ഷിക്കാന്‍ വിശ്വാസികളും അവിശ്വാസികളും ഒരുമിച്ചു നില്‍ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേവലം നാല് വോട്ടിനു വേണ്ടി ശബരിമലയെ കലാപ ഭൂമിയാക്കുകയാണ് ആര്‍എസ്എസും ബിജെപിയും. ഇന്ന് കാസര്‍കോട് ജില്ലയിലെ മധൂര്‍ ക്ഷേത്ര പരിസരത്തു നിന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ആരംഭിച്ച രഥയാത്ര അവരുടെ രാഷ്ട്രീയ കാപട്യം വെളിപ്പെടുത്തുന്നതാണ്. അയ്യപ്പ വിഗ്രഹം വഹിച്ചുകൊണ്ടാണ് പിള്ളയുടെ യാത്ര. രാഷ്ട്രീയ പാര്‍ട്ടികള്‍ മതചിഹ്നങ്ങളെ പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല എന്ന സദാചാരമാണ് പിള്ള നഗ്നമായി ലംഘിക്കുന്നത്. രാഷ്ട്രീയ യാത്ര വര്‍ഗീയത വളര്‍ത്താനുള്ള വേദിയാക്കുന്നത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലെന്ന് പിള്ള വ്യക്തമാക്കണം.

2004 ല്‍ എന്‍ഡിഎ പിന്തുണയോടെ ജയിച്ച പി സി തോമസിന്റെ തെരഞ്ഞെടുപ്പ് വിജയം കോടതി അസാധുവാക്കിയത് 1951 ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ്. തെരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗപ്പെടുത്തിയതിനായിരുന്നു തോമസിനെ അയോഗ്യനാക്കിയത്.
ആര്‍എസ്എസ് അനുകൂല സംഘം തന്നെ സുപ്രീംകോടതിയില്‍ പോയി അവര്‍ക്ക് അനുകൂലമായി വിധി നേടുകയും അതിനെ സ്വാഗതം ചെയ്യുകയുമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ശബരിമല കേരളത്തിലെ മതേതര സര്‍ക്കാരിനെതിരെ സമരായുധമാക്കാം എന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നതും വിധിയുടെ കാര്യത്തില്‍ മലക്കം മറിയുന്നതും. നവോത്ഥാനത്തിന്റെ ചരിത്രമുള്ള കോണ്‍ഗ്രസും സംഘപരിവാറിനൊപ്പം ചേരുകയായിരുന്നു. ബിജെപി ഒരു യാത്ര നടത്തുമ്പോള്‍ പാരമ്പര്യം മറന്ന കോണ്‍ഗ്രസ് മൂന്നോ നാലോ യാത്രയാണ് നടത്തുന്നത്.

ഇടതുമുന്നണിയും സര്‍ക്കാരും വിശ്വാസികള്‍ക്ക് എതിരല്ല. ശബരിമലയില്‍ കലാപം സൃഷ്ടിക്കുകയും അതിനെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിനെതിരാണ് ഇടതു സര്‍ക്കാര്‍. രാഷ്ട്രീയം കളിക്കുന്ന സംഘപരിവാര്‍- ബിജെപി സംഘത്തില്‍ നിന്ന് ശബരിമലയെ രക്ഷിക്കാന്‍ യഥാര്‍ത്ഥ വിശ്വാസികള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകും, കാനം പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപിഐ സംസ്ഥാന സെറകട്ടറി കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു

Related News