Tuesday
22 Aug 2017

ധവാനും പൂജാരയ്ക്കും സെഞ്ചുറി: ഇന്ത്യയ്ക്ക്‌ മികച്ച തുടക്കം

By: Web Desk | Thursday 27 July 2017 4:45 AM IST

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക്‌ സ്വന്തം. ഓപ്പണർ ശിഖർ ധവാന്റെയും മധ്യനിരതാരം ചേതേശ്വർ പുജാരയുടെയും സെഞ്ചുറികളുടെ മികവിൽ ഇന്ത്യ ഒന്നാം ദിനം മൂന്ന്‌ വിക്കറ്റിന്‌ 399 എന്ന നിലയിലാണ്‌.
സെഞ്ചുറിയോടെ പുജാര(144)യും 39 റൺസുമായി അജിൻക്യ രഹാനെയുമാണ്‌ ക്രീസിൽ. വിദേശത്ത്‌ ആദ്യദിനം ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ്‌ ഗാലെയിൽ ഇന്ത്യ അടിച്ചുകൂട്ടിയത്‌.
ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യൻ നായകൻ വിരാട്‌ കോലിക്ക്‌ തുടക്കത്തിൽതന്നെ തിരിച്ചടി ലഭിച്ചു. സ്കോർ 27 ൽ എത്തിയപ്പോൾ 12 റൺസ്‌ നേടിയ ഓപ്പണർ അഭിനവ്‌ മുകുന്ദിനെ നുവാൻ പ്രദീപ്‌ പുറത്താക്കി. എന്നാൽ പിന്നീട്‌ ഒത്തുചേർന്ന ധവാൻ-പൂജാര സഖ്യം അനായാസം സ്കോർ ചെയ്ത്‌ മുന്നേറി. ധവാന്റെ ബാറ്റിൽ നിന്നും വേഗത്തിൽ റൺസ്‌ ഒഴുകിയതോടെ സ്കോർ ബോർഡ്‌ കുതിച്ചു കയറി. ഇരുവരും ചേർന്ന്‌ രണ്ടാം വിക്കറ്റിൽ 253 റൺസ്‌ അടിച്ചുകൂട്ടി.
167 പന്ത്‌ മാത്രം നേരിട്ട ധവാൻ 31 ബൗണ്ടറികളുടെ സഹായത്തോടെ 190 റൺസ്‌ നേടി പുറത്തായി. 110 പന്തിൽ 100 കടന്ന ധവാൻ 147 പന്തിൽ 150ൽ എത്തി. പിന്നാലെയെത്തിയ നായകൻ വിരാട്‌ കോലി(3)ക്ക്‌ പക്ഷേ തിളങ്ങാൻ കഴിഞ്ഞില്ല. പ്രദീപിന്റെ പന്തിൽ വിക്കറ്റ കീപ്പർ ഡിക്‌വെല്ല പിടിച്ചാണ്‌ നായകൻ പുറത്തായത്‌.
എന്നാൽ പുജാരയ്ക്കു കൂട്ടായി രഹാനെ എത്തിയതോടെ ഇന്ത്യ വീണ്ടും ശക്തമായ നിലയിലെത്തി. ഇരുവരും ചേർന്ന്‌ നാലാം വിക്കറ്റിൽ ഇതേവരെ 113 റൺസ്‌ കൂട്ടിച്ചേർത്തിട്ടുണ്ട്‌. 173 പന്തിലാണ്‌ പുജാര സെഞ്ചുറി തികച്ചത്‌. പുജാരയുടെ കരിയറിലെ 12ാ‍ം സെഞ്ച്വറിയാണ്‌ പിറന്നത്‌. ആദ്യദിനം വീണ മൂന്നു വിക്കറ്റുകളും നുവാൻ പ്രദീപ്‌ സ്വന്തമാക്കി.
രോഹിത്‌ ശർമ്മയെ ഒഴിവാക്കിയാണ്‌ ഇന്ത്യ ഇറങ്ങിയത്‌. ഹർദിക്‌ പാണ്ഡ്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.

Related News