Sunday
24 Sep 2017

ദിലീപിന്റെ വക്കാലത്തെടുത്ത സിനിമാക്കാര്‍ക്കെതിരെ ആഷിക് അബു

By: Web Desk | Monday 11 September 2017 9:45 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ചവര്‍ക്കെതിരെയും വിഷയത്തില്‍ നീതിയുടെ ഭാഗത്തുനില്‍ക്കുന്ന സര്‍ക്കാരിനെ അഭിനന്ദിച്ചും സംവിധായകന്‍ ആഷിക് അബു രംഗത്ത്. ദിലീപിനെ പിന്തുണച്ച നടന്‍ ശ്രീനിവാസന്‍ അടക്കമുള്ളവരെ വിമര്‍ശിച്ച് ആഷിക് അബു ഫെയ്‌സ് ബുക്കിലാണ് പോസ്റ്റിട്ടത്. കേസില്‍ പൊലീസ് നടത്തിയ നീക്കം അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞെന്നും സെന്‍സിറ്റീവായ വിഷയത്തില്‍ സര്‍ക്കാര്‍ നീതിയുടെ ഭാഗത്തുനിന്നുവെന്നും അവള്‍ക്കൊപ്പം, അവള്‍ക്കൊപ്പം മാത്രം എന്ന ഹാഷ്ടാഗിലെ പോസ്റ്റില്‍ പറയുന്നു.
പോസ്റ്റില്‍നിന്ന്- വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ബലാല്‍ക്കാരം നടത്തി അത് മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരാന്‍ ക്വട്ടേഷന്‍ കൊടുത്തു എന്നതാണ് കേരള പൊലീസ് ദിലീപ് എന്ന വ്യക്തിയില്‍ ചാര്‍ത്തിയ കുറ്റം. ശ്രീനിയേട്ടന്‍ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികള്‍ അയാള്‍ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുന്‍പ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ (ഞാനടക്കം) ഉറച്ച വിശ്വാസം. പക്ഷെ, പൊലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയ വിഷയത്തില്‍ നീതിയുടെ ഭാഗത്തുനില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. കോടതികള്‍ പ്രഥമദൃഷ്ടിയില്‍ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു. പൊലീസിനെയും സര്‍ക്കാരിനെയും കോടതിയെയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതില്‍ സംശയം വേണ്ട ശ്രീ സെബാസ്റ്റിയന്‍ പോള്‍….വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെപോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍- ആഷിക് അബു പറഞ്ഞു.

Related News