Monday
25 Sep 2017

ദിലീപിനെ അനുകൂലിച്ചു; സെബാസ്റ്റ്യന്‍പോളിനെ സമ്മേളനത്തില്‍നിന്നും ഒഴിവാക്കി

By: Web Desk | Wednesday 13 September 2017 6:59 PM IST

കോഴിക്കോട്: ദിലീപിനെ അനുകൂലിച്ചുകൊണ്ട് ലേഖനമെഴുതിയതിന്റെ പേരില്‍ സെബാസ്റ്റ്യന്‍ പോളിനെ നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ നിന്നും ഒഴിവാക്കി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ സേവ് ഇന്ത്യാ ഫോറത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ഫാസിസ്റ്റ് വിരുദ്ധ സംഗമത്തില്‍ നിന്നാണ് സെബാസ്റ്റ്യന്‍ പോളിനെ ഒഴിവാക്കിയത്. പരിപാടിയ്ക്ക് സെബാസ്റ്റ്യന്‍ പോളിനെ വിളിക്കുകയും അദ്ദേഹം വരാമെന്ന് സമ്മതിച്ചതുമായിരുന്നു. എന്നാല്‍ ലേഖനം പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് പറയുകയായിരുന്നുവെന്ന് സംഘാടകനായ സേവ് ഇന്ത്യാ ഫോറം പ്രസിഡന്റ് ഗോപാല്‍ മോനോന്‍ പറഞ്ഞു. സ്ത്രീകളില്ലാതെ പോരാട്ടങ്ങള്‍ സാധ്യമല്ല. അക്രമിക്കപ്പെട്ട സ്ത്രീയായ ഇരയ്‌ക്കൊപ്പം നില്‍ക്കാത്ത സെബാസ്റ്റ്യന്‍ പോളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായും ഗോപാല്‍ മേനോന്‍ വ്യക്തമാക്കി.
15ന് വൈകീട്ട് മൂന്നിന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ദലിത് നേതാവ് ജിഗ്‌നേഷ് മെവാനിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഗൗരി ലങ്കേഷ് പത്രികയുടെ ചീഫ് കോളമിസ്റ്റ് ശിവസുന്ദര്‍, ഗൗരി ലങ്കേഷ് അനുസ്മരണ പ്രഭാഷണം നടത്തും.
സംഗമത്തിന്റെ ഭാഗമായി പ്രഭാഷണങ്ങള്‍, തല്‍സമയ ഫാസിസ്റ്റ് വിരുദ്ധ ചിത്രരചന, ആട്ടക്കളം ഏകപാത്രം നാടകം എന്നിവയും നടക്കും. കക്കൂസ് എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയയായ വിദ്യാഭാരതി, കെ ഇ എന്‍ തുടങ്ങിയര്‍ സംബന്ധിക്കും.