Wednesday
22 Aug 2018

പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന രാമന്റെ ലീലകള്‍

By: Web Desk | Thursday 28 September 2017 8:40 PM IST

അജ്മല്‍

ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ അരുണ്‍ ഗോപിയുടെ ദിലീപ് ചിത്രം രാമലീല തിയേറ്ററുകളിലെത്തി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ നിരവധി തവണ മാറ്റിവെക്കപ്പെട്ടതിനുശേഷമായിരുന്നു ചിത്രം ഇന്ന് റിലീസ് ചെയ്തത്. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തുകയും ചെയ്തു. ‘അവള്‍ക്കൊപ്പം’ മുദ്രാവാക്യം ഉയര്‍ത്തി ചിലര്‍ പരസ്യമായി ചിത്രത്തിനെതിരെ നിലകൊണ്ടപ്പോള്‍ ‘സിനിമയ്‌ക്കൊപ്പം’ എന്ന മുദ്രാവാക്യമായിരുന്നു മറുഭാഗം ഉയര്‍ത്തിയിരുന്നത്. ഇത്തരത്തില്‍ ഒരു മലയാള ചിത്രം ഇന്നേവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികള്‍ക്കിടെയായിരുന്നു രാമലീല പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇത്തരം പ്രതിസന്ധകള്‍ക്കിടയില്‍ എത്തുന്ന ചിത്രത്തെ വിജയപ്പിക്കേണ്ടത് ദിലീപ് ഫാന്‍സിന്റെ അനിവാര്യതയായിരുന്നതിനാല്‍ ആദ്യഷോയ്ക്ക് തന്നെ പരമാവധിയാളുകളെ എത്തിക്കാനും തിയേറ്ററിന് മുന്നില്‍ ആരവങ്ങള്‍ തീര്‍ക്കാനും അവര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസുമായി സാമ്യമുള്ള ട്രെയ്‌ലര്‍ ആയിരുന്നു ചിത്രത്തിന്റേതെന്നതിനാല്‍ എന്താണ് ചിത്രത്തിന്റെ ഉള്ളടക്കം എന്ന അറിയാനുള്ള ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. എന്തായാലും ഫാന്‍സിന്റെ പ്രതികരണങ്ങള്‍ക്കപ്പുറം മികച്ച അഭിപ്രായമാണ് രാമലീല നേടിയിരിക്കുന്നത്. പതിവ് ദിലീപ് ചിത്രങ്ങളുടെ രസക്കൂട്ടുകളില്‍ നിന്ന് വ്യത്യസ്തമായാണ് അരുണ്‍ ഗോപി ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കാലത്ത് ആളുകളെ രസിപ്പിക്കുകയും പിന്നീട് വെറുപ്പിക്കുകയും ചെയ്തിരുന്ന ദിലീപ് ചിത്രങ്ങളിലെ പതിവ് ‘കോമാളിത്തരങ്ങള്‍’ ഒഴിവാക്കി അല്‍പം ഗൗരമുള്ള കഥാപാത്രമാണ് രാമലീലയിലെ ദിലീപിന്റെ രാമനുണ്ണി എന്ന കഥാപാത്രം.
കേരള രാഷ്ട്രീയത്തിലെ ഇടത്-വലത് പാര്‍ട്ടികള്‍ പശ്ചാത്തലമായുള്ള ചിത്രം രാഷ്ട്രീയത്തിലെ മോശം പ്രവണതകളേയും ഉള്ളുകള്ളികളേയും ചിത്രം തുറന്നുകാട്ടുന്നു. ഇടത് പാര്‍ട്ടിയായ ഡിസിപിയുടെ എംഎല്‍എയും പാര്‍ട്ടി രക്തസാക്ഷിയുടെ മകനുമായ രാമനുണ്ണി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് വലത് കക്ഷിയായ എന്‍എസ്പിയില്‍ എത്തുന്നതാണ് ചിത്രത്തിന്റെ തുടക്കം. ഡിസിപി പാലക്കാട് ജില്ലാസെക്രട്ടറി അമ്പാടി മോഹനനനുമായി(വിജയരാഘവന്‍) തെറ്റിയാണ് രാമനുണ്ണി ഡിസിപി വിടുന്നത്. അച്ഛന്റെ രക്തസാക്ഷിത്വത്തെ ചൊല്ലിയുള്ള പ്രശ്‌നമാണ് രാമനുണ്ണിയെ മോഹനനുമായി തെറ്റിക്കുന്നത്. മകന്‍ പാര്‍ട്ടി വിടുമ്പോഴും ഏരിയാ കമ്മിറ്റി മെമ്പറായ അമ്മ രാഗിണി (രാധികാ ശരത്കുമാര്‍) ഡിസിപിയില്‍ ഉറച്ചുനില്‍ക്കുന്നു. പാര്‍ട്ടി വിട്ട മകനെ പരസ്യമായി വര്‍ഗവഞ്ചകനെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട് രാഗിണി.
ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്പി സ്ഥാനാര്‍ത്ഥിയായി രാമനുണ്ണി മത്സരിക്കാനിറങ്ങുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി ഡിസിപി രംഗത്തിറക്കുന്നത് രാമനുണ്ണിയുടെ അമ്മ രാഗിണിയെ തന്നെയാണ്. തിരഞ്ഞെടുപ്പ് കാലത്ത് പ്രേക്ഷകന് ദഹിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ കുതന്ത്രങ്ങളുമായി ചിത്രം മുന്നേറുന്നു.
അപ്പോഴും അവസാന കാലത്ത് ഇറങ്ങിയ ദിലീപ് ചിത്രങ്ങളിലെ ഹാസ്യരംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ തന്മയത്തോടെ ചിത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നു. ദീലീപ് ഗൗരവക്കാരനായ രാഷ്ട്രീയക്കാരനായി നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തില്‍ ഹാസ്യം കൈകാര്യം ചെയ്തിരിക്കുന്നത് കലാഭവന്‍ ഷാജോണാണ്. ഷാജോണും വേഷം ഗംഭീരമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിനോട് അടുത്ത ദിവസം നടക്കുന്ന ഒരു ഫുട്‌ബോള്‍ മത്സരത്തിനിടെ ഡിസിപി ജില്ലാ സെക്രട്ടറി അമ്പാടി മോഹനന്‍ വെടിയേറ്റ് മരിക്കുന്നതോടെ ചിത്രം കൂടുല്‍ ഗൗരവത്തിലേക്ക് കടക്കുന്നു. ചിത്രത്തില്‍ പ്രേക്ഷകന്‍ അതുവരെ പ്രതീക്ഷിക്കാത്ത ഒരു ട്വിസറ്റ് ആയിരുന്നു മോഹനന്റെ മരണം. രാമനുണ്ണി വേദിയിലിരിക്കേയുള്ള മോഹനന്റെ മരണം സ്വാഭാവികമായും സംശയമുനകള്‍ അദ്ദേഹത്തിലേക്കെത്തുന്നു. സാഹചര്യത്തെളിവുകളും രാമനുണ്ണിത്ത് എതിരാവുന്നതോടെ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള രാമനുണ്ണിയുടെ ശ്രമങ്ങളും നിര്‍ണ്ണായകമായ ട്വിസ്റ്റുകളുമായി സിനിമ മുന്നേറുമ്പോള്‍ ഒരു ഘട്ടത്തിലും പ്രേക്ഷകനെ മടുപ്പിക്കുന്നില്ല.
എന്‍എസ്പി ജില്ലാ പ്രസിഡന്റ് ഉദയഭാനുവായി എത്തുന്ന സിദ്ധീഖ്, പോലീസ് ഓഫീസറായി എത്തിയ മുകേഷ്, പ്രയാഗാ മാര്‍ട്ടിന്‍, രണ്‍ജിപണിക്കര്‍ തുടങ്ങിയവരും തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തു. സമകാലിക സംഭവങ്ങള്‍ മാറ്റിനിര്‍ത്തി വീക്ഷിച്ചാല്‍ ദിലീപിന്റെ കരിയറില്‍ വളരെ നിര്‍ണ്ണായകമാകുമായിരുന്ന ചിത്രമാണ് രാമലീല. ഡോണില്‍ പാളിപ്പോയ ഗൗരവമുള്ള മാസ് കഥാപാത്രം ചെയ്യാനുള്ള ദിലീപിന്റെ ശ്രമം രാമലീലയില്‍ വിജയം കാണുന്നു. റണ്‍ബേബി റണ്‍ എന്ന ചിത്രത്തില്‍ കൈകാര്യം ചെയ്തിട്ടുള്ള ചില സീക്വന്‍സുകള്‍ രാമലീലയിലും സച്ചി അവതരിപ്പിക്കുന്നുണ്ട്. പ്രതിസന്ധികള്‍ തരണം ചെയ്ത് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടുമ്പോള്‍ സംവിധായകന്‍ അരുണ്‍ ഗോപിക്ക് ആശ്വസിക്കാം.
എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വീണ്ടും കോടതി റിമാന്‍ഡ് കാലാവധി നീട്ടിയതോടെ ദിലീപിന് ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷം പകരുമെങ്കിലും അതിന്റെ ആനുകൂല്യം ഏത് തരത്തിലാണ് അദ്ദേഹത്തിന് കിട്ടുക എന്ന് കണ്ടറിയേണ്ടതുണ്ട്…