Sunday
19 Nov 2017

ദിലീപ് രണ്ടാംപ്രതി; കുറ്റപത്രം ഈ ആഴ്ച

By: Web Desk | Tuesday 24 October 2017 11:51 PM IST

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന സംബന്ധിച്ച കേസില്‍ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. നടന്‍ ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനിയും സംഘവും കൃത്യം ചെയ്തതെന്ന ഉള്ളടക്കത്തോടെ ദിലീപിനെ രണ്ടാംപ്രതിയാക്കിയാണ് കുറ്റപത്രം. ആക്രമണത്തിനു മുന്നോടിയായി ഇതിന്റെ ഗൂഢാലോചനയ്ക്ക് പലവട്ടം ദിലീപ് നേതൃത്വം നല്‍കിയെന്ന് പറയുന്ന കുറ്റപത്രത്തില്‍ കേസില്‍ ഒന്നാംപ്രതി പര്‍സര്‍ സുനിക്കെതിരെ ചുമത്തിയ ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്. ഇതുവരെ പുറത്തുവരാത്ത നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടെയുള്ള കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുക. അതേസമയം, കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പ് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ചില നിണായക നീക്കങ്ങള്‍ അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സൂചനയുണ്ട്.
ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന. മജിസ്‌ട്രേറ്റിനു മുന്നില്‍ പള്‍സര്‍ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവര്‍ അടക്കം പതിനാറു പേര്‍ നല്‍കിയ രഹസ്യമൊഴികള്‍ കേസില്‍ നിര്‍ണായകമാകും. ഈ രഹസ്യമൊഴികള്‍, കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, സൈബര്‍ തെളിവുകള്‍, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാഹചര്യത്തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. ഇതില്‍ പലതും പ്രതികളുടെ ജാമ്യാപേക്ഷ വേളയില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ നേരിട്ടു സമര്‍പ്പിച്ചവയാണ്.
ബലാല്‍സംഗത്തിനു പുറമെ, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, പ്രതിയെ സഹായിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐടി ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയും ദിലീപിനെതിരെ ചുമത്തും. കേസിന്റെ പ്രധാന്യവും സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന നിലയിലും പ്രതികളുടെ സമൂഹത്തിലെ സ്വധീനവും സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും അന്വേഷണ സംഘം ഉന്നയിക്കുമെന്നാണ് വിവരം. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന വിവരവും കോടതിയെ അറിയിക്കും.
ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം യുവനടിയെ ആക്രമിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. കേസില്‍ അറസ്റ്റിലായ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസിലാണ് ഇപ്പോള്‍ കുറ്റപത്രം നല്‍കുന്നത്. മൂന്നു മാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്.

Related News