Thursday
24 Jan 2019

ദളിതനെ ചവിട്ടിത്താഴ്ത്തരുത്

By: Web Desk | Saturday 7 April 2018 10:17 PM IST

ജോസ് ഡേവിഡ്

ദളിതര്‍ എക്കാലവും ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയിലെ ഏറ്റവും താഴേത്തട്ടില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരാണ്? ഈയടുത്ത ദിവസങ്ങളില്‍ രാജ്യവ്യാപകമായി കത്തിപ്പടര്‍ന്ന ദളിത്പ്രക്ഷോഭവും അതിനെ നിര്‍ലജ്ജം ഭരണകൂടം അടിച്ചമര്‍ത്തിയതും ഒരു ഡസന്‍ ദളിതര്‍ കൊല്ലപ്പെട്ടതും സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ജനതയുടെ നാലിലൊന്നു വരുന്ന ഈ വിഭാഗത്തിന്റെ ദുരവസ്ഥ ഇല്ലാതാവാന്‍ ഇനിയും സമൂഹം ബഹുദൂരം പോകേണ്ടിവരുമെന്നാണ്.
ചാതുര്‍വര്‍ണ്യ ജാതിവ്യവസ്ഥയ്ക്കും വരേണ്യവര്‍ഗമേല്‍ക്കോയ്മയ്ക്കും ഏതാണ്ട് പ്രാചീന ഇന്ത്യാചരിത്രത്തോളം പഴക്കമുണ്ട്. അത് തകര്‍ക്കപ്പെടാതെ ഇന്ത്യയെ കെട്ടിപ്പടുക്കാനാവില്ല.

“നിങ്ങള്‍ക്ക് ജാതിയുടെ അടിസ്ഥാനശിലയിന്മേല്‍ ഒന്നും കെട്ടിപ്പടുക്കാനാവില്ല. നിങ്ങള്‍ക്കൊരു രാഷ്ട്രം ഉയര്‍ത്താനാവില്ല. നിങ്ങള്‍ക്കൊരു സാന്മാര്‍ഗികതയും- ബി  ആര്‍ അംബേദ്കര്‍”.

ബി ആര്‍ അംബേദ്ക്കര്‍

പട്ടികജാതി, പട്ടികവര്‍ഗ അതിക്രമനിയമ (1989) ത്തില്‍ അടിസ്ഥാനപരമായ ചില ഭേദഗതികള്‍ വരുത്തിക്കൊണ്ടു സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയാണ് ദളിതരെ തെരുവിലിറക്കിയത്. ഈ നിയമം രണ്ട് ദശകം ആവുമ്പോള്‍ പൊടുന്നനെ പിശകുള്ളതാണെന്ന ബുദ്ധി ഇന്ത്യയ്ക്ക് ഉദിക്കുമ്പോള്‍ ഒരു വരേണ്യവര്‍ഗ രാഷ്ട്രീയത്തിന്റെ തേരോട്ടം ദളതിര്‍ക്കുമേല്‍ ദര്‍ശിച്ചാല്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. ദളിതര്‍ അതിക്രമിക്കപ്പെട്ടുവെന്നു പരാതിപ്പെട്ടാല്‍ അത് അന്വേഷിച്ച ശേഷം കേസെടുത്താല്‍ മതിയെന്നാണ് ഭേദഗതിവന്നത്. പിന്നീട്, വിധിയെ ആശ്രയിച്ച് അവര്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കാമെന്ന സുപ്രിം കോടതിയുടെ വ്യാഖ്യാനമുണ്ടായെങ്കിലും ഈ വിഷയത്തിന്റെ ഗൗരവവും ആഴവും അത്രമാത്രമല്ല. ഒരു നഷ്ടപരിഹാരത്തിന്റെയോ എന്നെങ്കിലും വരികയോ വരാതിരിക്കുകയോ ചെയ്യുന്ന ഒരു വിധിന്യായത്തിന്റെയോ മാത്രം കാര്യമായി ഇതിനെ ചുരുക്കിക്കെട്ടാനാവില്ല. 1989 ലെ നിയമമനുസരിച്ച് ഇന്ത്യയില്‍ ചാര്‍ജ് ചെയ്ത കേസുകളില്‍ ബഹുഭൂരിപക്ഷവും തീര്‍പ്പാകാതെ കിടക്കുമ്പോള്‍ ദളിതന്റെ ആരോപണം തെറ്റാവാം എന്നു പരമോന്നത കോടതി എങ്ങനെ നിഗമനത്തിലെത്തിയെന്നതു വ്യക്തമല്ല. ഏതു കീഴ്ക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണിതെന്നും.

ദളിതന്‍ ഇന്ത്യയിലെവിടെയും അതിക്രമത്തിനു വിധേയനാവുന്നത് എങ്ങനെ എന്നു സൂക്ഷ്മനിരീക്ഷണം നടത്തിയാലേ ഇപ്പോഴത്തെ സുപ്രിംകോടതി നിലപാടിന്റെ ‘രാഷ്ട്രീയം’ മനസിലാക്കാനാവൂ. ഏറ്റവും ഒടുവില്‍ ദളിതര്‍ സംഘടിതമായി ആക്രമിക്കപ്പട്ടത് രാജസ്ഥാനി തെരുവുകളിലാണ്. സ്വന്തം അവകാശത്തിനുവേണ്ടി തെരുവില്‍ പ്രക്ഷോഭത്തിനിറങ്ങിയവരെ ഉയര്‍ന്ന ജാതിക്കാര്‍ മറുപ്രക്ഷോഭത്തിലൂടെ നേരിട്ടു. അതെ, ശബ്ദിക്കാനുള്ള, പ്രതിഷേധിക്കാനുള്ള, അവകാശം പോലും അവന് നല്‍കില്ലെന്ന ഒരുതരം ജന്മിത്തമ്പ്രാശാഠ്യം.

ഇന്ത്യന്‍ ഗ്രാമങ്ങളുടെ ഇരുളടഞ്ഞ, അടച്ചുറപ്പില്ലാത്ത ചെറ്റക്കൂരകളില്‍ സ്വന്തം മാനം കാത്തുസൂക്ഷിക്കാന്‍പോലും പെടാപ്പാടുപെടുന്ന ജനത ഒരു പരാതി നല്‍കിയാല്‍ അതിന്റെ നെല്ലും പതിരും തിരിച്ചറിഞ്ഞ്, സുദീര്‍ഘമായ നിയമപ്പെരുവഴികളിലൂടെ അവനെ നടത്തി ഒടുവില്‍ ദളിതന്‍ തളരട്ടെ എന്ന് ഇനിയും നാം വാശിപിടിക്കുന്നത് സത്യത്തില്‍ ദളിതനോടുള്ള ക്രൂരതയാണ്.

കേരളത്തില്‍ കുറച്ചുപേരെങ്കിലും ഓര്‍ത്തിരിക്കുന്ന മാച്ചി എന്ന അടിയാത്തിയുടെ ഒറ്റ ഉദാഹരണം മതി, ദളിതന്റെ ദുരവസ്ഥയെ അളന്നെടുക്കാന്‍. വയനാട്ടിലെ അടിയാത്തിക്കൂരയില്‍ മാച്ചി അവിഹിതമായി ഗര്‍ഭിണിയാവുകയും അവളെ ക്രൂരമായ നാട്ടു ഗര്‍ഭഛിദ്രത്തിനു വിധേയമാക്കി അവശയാക്കുകയും ചെയ്യുന്നു. ഇത് പ്രമാദമായ കേസായി, ജനങ്ങള്‍ ഒന്നടങ്കം മാച്ചിക്ക് മാനസിക പിന്തുണ അര്‍പ്പിക്കുമ്പോള്‍… മാച്ചിയെ ഇവ്വിധമാക്കിയവര്‍ അവളെ കോഴിക്കോട് പ്രസ് ക്ലബില്‍ കൊണ്ടുവന്നു പത്രക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. ഒന്നും പറയാന്‍ അറിഞ്ഞുകൂടാത്ത അവള്‍ ആരോ എഴുതിയുണ്ടാക്കിയ ഒരു പത്രക്കുറിപ്പ് പത്രക്കാര്‍ക്കുനേരെ നീട്ടുന്നു. കുറ്റക്കാര്‍ക്ക് അനുകൂലമായി മാച്ചിയുടെ പ്രസ്താവന. അതുവരെ മാച്ചിക്ക് പിന്നില്‍ നിന്നവര്‍, ഈ സാമൂഹ്യവിഷയത്തിലൂടെ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാന്‍ ശ്രമിച്ചവര്‍ അതോടെ നിശ്ശബ്ദരാക്കപ്പെടുന്നു.

മാച്ചിമാരുടെ ആര്‍ക്കും തടുക്കാന്‍ കഴിയാത്ത ഈ നിസ്സഹായാവസ്ഥ ജനാധിപത്യത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്കെത്തിയ ഇന്ത്യയില്‍ തുടരാന്‍ ശ്രമിക്കുന്നവര്‍ക്കാണ് സുപ്രിം കോടതിയുടെ വിധി ഉപയുക്തമാവുക.

അട്ടപ്പാടിയിലെ മധുവിനെപ്പോലെ കൊല്ലപ്പെട്ടാല്‍ അഥവാ മാനഭംഗത്തിനിരയായാല്‍, അവരുടെ ഭൂമി തട്ടിപ്പറിച്ചാല്‍, തൊട്ടുകൂടാത്തവനായി അകറ്റിനിര്‍ത്തിയാല്‍, നീചമായ ജാതിപ്പദങ്ങള്‍ വിളിച്ച് ആക്ഷേപിച്ചാല്‍ അവര്‍ നല്‍കുന്ന പരാതിയുടെ നിജസ്ഥിതി പൊലീസ് അന്വേഷിച്ചുറപ്പിച്ചശേഷം (എന്നുവച്ചാല്‍ പൊലീസ് വിധി പ്രസ്താവിച്ചശേഷം) മാത്രം മതി കേസെന്നു പരമോന്നത കോടതി നിശ്ചയിക്കുന്നു.

ദളിതന് ഇന്ത്യയില്‍ ഭൂസ്വത്തില്ല. അധികാരശ്രേണികളില്‍ അവനു ശബ്ദമില്ല. ഭരണകക്ഷിയുടെ രണ്ട് പട്ടികവിഭാഗ എംപിമാര്‍ പ്രധാമന്ത്രിയോട് നേരിട്ടു പരാതിപ്പെടുന്നു, തങ്ങള്‍ ജാതീയമായി വിവേചനത്തിനു വിധേയരാകുന്നുവെന്ന്. ഇപ്പോഴും സംവരണത്തിന്റെ ആനുകൂല്യത്തിന്മേല്‍ ഒരു തൊഴിലോ സമൂഹത്തില്‍ എന്തെങ്കിലും സ്ഥാനമോ ലഭിക്കാന്‍ നിര്‍ബന്ധിതരാവുന്നവര്‍. അവരെ ആദരിക്കേണ്ട, അനുവദിക്കപ്പെട്ട അവകാശമെങ്കിലും നാം അവര്‍ക്ക് നല്‍കണം, അത്രയെങ്കിലും. അതെങ്കിലും അവരില്‍ നിന്നും കവര്‍ന്നെടുക്കാതിരിക്കൂ.