Saturday
22 Sep 2018

മതത്തിന്റെ പേരില്‍ കൊലപാതകങ്ങളെ ന്യായീകരിക്കരുത്: സുപ്രിം കോടതി

By: Web Desk | Thursday 15 February 2018 10:43 PM IST

ന്യൂഡല്‍ഹി:

മതത്തിന്റെ പേരില്‍ പ്രകോപിതരായെന്നു പറഞ്ഞ് കൊലപാതകങ്ങളെ ന്യായീകരിക്കരുതെന്ന് സുപ്രിം കോടതി. മൂന്ന് വര്‍ഷം മുന്‍പ് രാത്രി യാത്രക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ബോംബെ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രിം കോടതിയുടെ ശക്തമായ നിരീക്ഷണം. ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
വ്യക്തി വൈരാഗ്യമല്ല മതവികാരം വ്രണപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. 2014 ജൂണ്‍ 2ന് രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന ഷേയ്ക്ക് മുഹ്‌സിനെ 23 പേരടങ്ങിയ സംഘം ഹോക്കി സ്റ്റിക്കുകളുമായി ആക്രമിക്കുകയായിരുന്നു. ശിവജി മഹാരാജിന്റെ പ്രതിമയെ അപമാനിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

ഹിന്ദുരാഷ്ട്ര സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. ഇവര്‍ മൊഹ്‌സിനെ ആക്രമിക്കുവാനായി പദ്ധതി തയാറാക്കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കൊലപാതക സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളും ഉള്‍പ്പെട്ടിരുന്നു. ആക്രമണത്തിന് അരമണിക്കൂര്‍ മുമ്പ് പ്രതികളെല്ലാം ഹിന്ദു രാഷ്ട്ര സേനയുടെ മീറ്റിങില്‍ പങ്കെടുത്തിരുന്നെന്നും സമ്മേളനത്തിന് ശേഷം ഇവര്‍ ഏറെ പ്രകോപിതരായിരുന്നെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നേരത്തെ പ്രതികള്‍ക്ക് മുഹ്‌സിനോട് വ്യക്തി വിദ്വേഷമില്ലെന്നും അന്യമതസ്ഥനാണ് എന്നത് മാത്രമാണ് കൊലപാതകത്തിന് കാരണമെന്നും നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി ജാമ്യമനുവദിച്ചത്.

ജസ്റ്റിസ് മൃദുല ഭക്ടറിന്റേതായിരുന്നു വിവാദമായ വിധി. ഒരാളുടെ മതമാണ് അയാളെ കൊല്ലാന്‍ കാരണമായതെന്ന വാദം കൊലപാതകത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ലെന്നും കേസില്‍ ഹൈക്കോടതിയുടേത് തികച്ചും അനഭിലഷണീയമായ കാഴ്ചപ്പാടാണെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.

രാജ്യത്തിന്റെ വൈവിധ്യപൂര്‍ണമായ പാരമ്പര്യം കാത്തു സംരക്ഷിക്കുന്നതിലും വിവിധ വിഭാഗത്തില്‍പ്പെട്ട ജനങ്ങളെ ഒരുമിച്ച് നിര്‍ത്തുന്നതിലും നീതിന്യായ വ്യവസ്ഥയ്ക്ക് ബാധ്യതയുണ്ടെന്നും പരമോന്നത കോടതി വിലയിരുത്തി. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും സുപ്രിംകോടതി താക്കീത് ചെയ്തു.
പ്രതികളെല്ലാം വിചാരണ കോടതിയിലെത്തി കീഴടങ്ങണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിട്ടുണ്ട്.

Related News