Monday
23 Apr 2018

അയ്യോ! അറിഞ്ഞില്ല പെണ്ണേ! കാലനവൻ കയറുമായി കാത്തിരുപ്പുണ്ടെന്ന്

By: Web Desk | Thursday 25 January 2018 10:45 AM IST

തൃശൂർ: മുളങ്കുന്നത്തുകാവിൽ റെയിൽവേ ട്രാക്കിനരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഡോ. തുഷാരയുടെ ഭർത്താവ് ഡോ. അനൂപ് മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിച്ച കവിത അറംപറ്റിയോ. അനൂപിന്റെ കവിത വായിച്ചവരിൽ  നൊമ്പരത്തിന്റെ വേലിയേറ്റമുണർത്തുന്നതാണ് അവസാനഭാഗം.

ഫെയ്സ്ബുക്കിൽ ഡോ. അനൂപ് ഈ വരികൾ കുറിച്ചു നാലാംദിനമാണ് ട്രെയിൻ യാത്രയിൽ മരണം തുഷാരയെ കവർന്നെടുക്കുന്നത്.

പതിവായി കവിതകളെഴുതുന്ന ഡോ. അനൂപ് 19നാണ് ‘അരനാഴികനേരം’ എന്ന കവിത ഫെയ്സ്ബുക്കിൽ എഴുതിയത്.

കവിതയുടെ പൂർണ്ണ രൂപം

അരനാഴിക നേരം

വരികയായി ഞാൻ
പ്രിയേ,കാത്തിരിക്കുക
അരനാഴിക നേരംകൂടി നീ.
വെറുംവാക്കല്ല സഖീ ,
വരുന്നത് വെറുംകൈയ്യോടുമല്ല.
നിനക്കേറയിഷ്ടമുള്ള,യരി
മുറുക്കിന്റെ പൊതിയുണ്ട്
മടിക്കുത്തിലൊപ്പമൊരു
ഡസൻ കരിവളയും !

ആശകളതിരുവിട്ടതുവഴി
യിതുവഴിയിറങ്ങിയോടുന്ന
മനസ്സുമായി വണ്ടിയിലക്ഷമ-
നായിട്ടിരിക്കുന്നു ഞാനോമനേ!
അഴലെല്ലാം പാറ്റിപറത്തി
നീ അഴകോടിരിക്കണം.
മുടിയഴിച്ചിട്ടതിലൊരു
തുളസിക്കതിർ ചൂടണം.
കുഞ്ഞുങ്ങളുറങ്ങിക്കോട്ടേ,
കിണ്ണത്തിലൊരു തവി
കഞ്ഞി കരുതിയേക്കണം.
പരിഭവിക്കണ്ട,പരിഭ്രമിക്കണ്ട
മറന്നിട്ടില്ലമ്മതൻ കുഴമ്പു –
മച്ഛന്റെ ജാപ്പണം പൊയ്ലയും.
പിന്നെ,ചിലവുകൾ ചുരുക്കണം,
മിച്ചം പിടിച്ചതുകൊണ്ടൊരു
കുറി നീ കൂടണം,മകളവൾ
പനപോലെ വളരുകയല്ലോ?

മഴയെത്തും മുമ്പേ മച്ചിലെ
ചോർച്ചകൾ മാറ്റണം,
ഓണത്തിനിക്കുറി നാമെല്ലാം
പുതുചേല ചുറ്റണം.
ഉഷ്ണം പുകയുന്നയുച്ചകൾ
മാത്രം നിറഞ്ഞ ജോലിത്തിരക്കിൽ
നഷ്ടപ്പെടുന്ന പുലർച്ചകളും
സന്ധ്യകളും,
മാസാറുതികളിൽ
കഴുകി കമഴ്ത്തിയ കുടം
പോലെയാകുന്നു കീശ,
വെയിലത്തയയിലിട്ടുടുപ്പു –
പോലുണങ്ങുന്നു ദേഹം!

അയ്യോ! അറിഞ്ഞില്ല പെണ്ണേ!
ഒരു വളവിന്നപ്പുറം
കൊക്കയിലേക്കു
വഴിതെറ്റിക്കുവാൻ
കാലനവൻ കയറുമായി
കാത്തിരുപ്പുണ്ടെന്ന്,
അരനാഴികദൂരമിനിയൊരിക്കലു-
മെത്താത്ത ദൂരമാകുമെന്ന്!

കഴിഞ്ഞദിവസമാണ് ട്രെയിനിൽ നിന്നു തുഷാര അനൂപ് വീണു മരിച്ചത്. എന്നാൽ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നു ഫൊറൻസിക് വിദഗ്ധർ സൂചന നൽകി. ഓടുന്ന ട്രെയിനിൽ നിന്നു സ്വഭാവികമായി വീഴുമ്പോൾ കാണുന്ന ലക്ഷണങ്ങളല്ല മുറിവുകൾക്കുള്ളതെന്നാണു വിദഗ്ധാഭിപ്രായം. നെറ്റിക്കുമുകളിലും താടിയിലും ആഴത്തിൽ രണ്ടു മുറിവുകളുണ്ട്. സാധാരണ ട്രെയിനിൽ നിന്നു വീഴുമ്പോൾ ഇത്തരം മുറിവുണ്ടാവാറില്ല. ആരെങ്കിലും ബലമായി തള്ളിയിടുമ്പോഴോ സ്വയം ചാടുമ്പോഴോ സംഭവിക്കാവുന്നതരം മുറിവുകളാണെന്നാണു ഫൊറൻസിക് വിദഗ്ധർ സൂചിപ്പിക്കുന്നത്. അപകടമരണമാവാൻ സാധ്യത കുറവാണെന്ന നിലപാടിലാണു പൊലീസും.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പത്തനംതിട്ട കൂടൽ സ്വദേശി ഡോ. അനൂപിന്റെ (ഭാരത് ക്ളിനിക്) ഭാര്യ ഡോ. വി. തുഷാരയെ (38) ആണു റയിൽവേ ട്രാക്കിനരികിൽ ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. പോട്ടോർ റയിൽവേ ഗേറ്റിനു സമീപം ട്രാക്കിനരികിൽ നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയായ ഡോ. തുഷാര മൂന്നു മക്കളും സഹായിയായ ഹോം നഴ്സുമായി മലബാർ എക്സ്പ്രസിൽ കണ്ണൂരിലേക്കു പോകുമ്പോഴാണു ദുരന്തം സംഭവിച്ചത്.

Related News