Sunday
24 Sep 2017

മരുന്നും മന്ത്രവുമില്ലാതെ വേദനമാറ്റുന്ന ഡോക്ടര്‍

By: Web Desk | Sunday 10 September 2017 1:55 AM IST

കെ എന്‍ ഷാജികുമാര്‍

മരുന്നില്ലാതെ വേദനമാറുമോ? മാറും. ഇടുക്കി  ഉപ്പുതോടിലുള്ള ഡോ. എബ്രഹാം ജോസഫ് മരുന്നില്ലാതെ വേദനമാറ്റുന്ന ചികിത്സകനാണ്.  പലതരം വേദനകള്‍ക്കുള്ള ഔഷധരഹിതചികിത്സ എബ്രഹാം ജോസഫ് വികസിപ്പിച്ചത് ഏറെക്കാലത്തെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ്. എബ്രഹാം ജോസഫിന്റെ പിതാവ് വി ഇ ജോസഫ് പേരുകേട്ട ഹോമിയോ ചികിത്സകനായിരുന്നു. മുത്തച്ഛന്‍ ഇട്ടിയവിരയാകട്ടെ കളരി മര്‍മ്മ ചികിത്സകനും. പിതാവില്‍ നിന്നും മുത്തച്ഛനില്‍ നിന്നും കിട്ടിയ പാരമ്പര്യമായ അറിവും തമിഴ്‌നാട്ടിലുള്ള പരമ്പരാഗതവൈദ്യന്മാരുടെ അടുത്തുനിന്നും കിട്ടിയ പരിശീലനവുമാണ് മരുന്നില്ലാതെ വേദനമാറ്റാമെന്ന നിഗമനത്തില്‍ എബ്രഹാം ജോസഫിനെ എത്തിച്ചത്.

മൈഗ്രേന്‍, പല്ലുവേദന, തലവേദന, കഴുത്തുവേദന, മര്‍മ്മക്ഷതം എന്നിവയെല്ലാം മരുന്നില്ലാതെ  എബ്രഹാം ജോസഫ് മാറ്റുന്നു. മര്‍മ്മഭാഗങ്ങളില്‍ സമ്മര്‍ദ്ദം ഉപയോഗിച്ചാണ്  എബ്രഹാം ജോസഫ് വേദന ശമിപ്പിക്കുന്നത്. ഡൈനാമിക് ടച്ച് എന്നാണ് തന്റെ ചികിത്സാരീതിക്ക് എബ്രഹാം ജോസഫ് നല്‍കിയിരിക്കുന്ന പേര്. വേദനചികിത്സാരംഗത്തെ സംഭാവനകള്‍ക്ക് ഭാരതീയ നാട്ടുവൈദ്യസമിതിയുടെ മര്‍മ്മവൈദ്യരത്‌ന അവാര്‍ഡ് എബ്രഹാം ജോസഫിന് ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് നടന്ന ആറാമത് യൂറോ- ഇന്‍ഡ്യ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ മരുന്നില്ലാതെ വേദന മാറ്റിഎബ്രഹാം ജോസഫ് വിസ്മയമായി. അഞ്ച് അന്താരാഷ്ട്രാ മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ എബ്രഹാം ജോസഫ് ഡൈനാമിക് ടച്ചിന്റെ പ്രബന്ധം അവതരിപ്പിച്ചു. ഡൈനാമിക് ടച്ചിന് പ്രചാരം ലഭിക്കാനായി ഗ്രാമങ്ങള്‍ തോറും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയാണ് അദ്ദേഹം. മൂവായിരത്തിലേറെപ്പേര്‍ക്ക് ഡൈനാമിക് ടച്ച് വഴി വേദനമാറ്റാന്‍ എബ്രഹാം ജോസഫിന് കഴിഞ്ഞിട്ടുണ്ട്. കര്‍മ്മം കൊണ്ട് അധ്യാപകനാണ് എബ്രഹാം ജോസഫ്. അധ്യാപകനായിരിക്കുമ്പോള്‍ കുട്ടികളുടെ വിവിധതരത്തിലുള്ള വേദനകള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. വിരമിച്ച ശേഷമാണ് ചികിത്സാരംഗത്ത് സജീവമായത്. രണ്ടോ മൂന്നോ സിറ്റിംഗുകള്‍ കൊണ്ട് എത്രപഴക്കമേറിയ വേദനയും മാറ്റാന്‍ ഡൈനാമിക് ടച്ചിന് കഴിയുന്നു. ഇത് കൂടാതെ ഉറക്കക്കുറവ്, മാനസികസമ്മര്‍ദ്ദം, രക്തസമ്മര്‍ദ്ദം എന്നിവയും ഡൈനാമിക് ടച്ചിലൂടെ എബ്രഹാം ജോസഫ് മാറ്റുന്നു. ഉറക്കത്തിനായി ഏറെക്കാലം ഉറക്കഗുളിക കഴിക്കുന്നവരെ ഒറ്റ സിറ്റിങ്ങ് കൊണ്ട് ഗുളിക ഉപയോഗിക്കാതെ ഉറങ്ങാന്‍  ഡൈനാമിക് ടച്ച് സഹായിക്കും.  ഡൈനാമിക് ടച്ചിനുപുറമേ പ്രാണിക് ഹീലിങ്ങും അദ്ദേഹം പഠിച്ചിട്ടുണ്ട്, പിതാവില്‍ നിന്നും ഹോമിയോ ചികിത്സയും.  എബ്രഹാംജോസഫിന്റെ പരിശ്രമം കൊണ്ട് ഉപ്പുതോടില്‍ ഹോമിയോ ക്‌ളിനിക്കിന് സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചു. ഡൈങ്കിപ്പനി അടക്കമുള്ള മാരക പകര്‍ച്ചപ്പനികളെ പ്രതിരോധിക്കാന്‍ ഹോമിയോമരുന്നിന് കഴിയുമെന്ന് എബ്രഹാം ജോസഫ് പറയുന്നു. ചികിത്സാരംഗത്തെന്നപോലെ സാമൂഹ്യപ്രവര്‍ത്തനത്തിലും എബ്രഹാം ജോസഫ് സജീവമാണ്. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് പഠനസഹായം നല്‍കുന്നുണ്ട്. നാട്ടിലെ ആരോഗ്യരക്ഷാപ്രവര്‍ത്തനങ്ങളിലും മുന്നിലാണ്. നിര്‍ദ്ധനരായരോഗികള്‍ക്ക് സൗജന്യമായാണ് ചികിത്സ നല്‍കുന്നത്.