Monday
22 Oct 2018

ട്രംപിനും വെയിന്‍സ്‌റ്റെയിന്റെ ഗതിയാകും: മൂന്ന് സ്ത്രീകള്‍

By: Web Desk | Monday 23 October 2017 10:34 PM IST

വാഷിങ്ടണ്‍:

ലോകമാധ്യമങ്ങള്‍ ഈ മാസം ആദ്യവാരം മുതല്‍ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിനു പിന്നാലെയാണ്. ഗുരുതര ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വെയ്ന്‍സ്റ്റെയിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇതു തന്നെയായിരിക്കും അവസ്ഥയെന്നാണ് ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചവരുടെ പ്രതീക്ഷ.
ട്രംപ് നിര്‍ബന്ധിച്ച് ചുംബിച്ചുവെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ തന്നെ പത്തോളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. 2005 വിവാദ ടേപ്പും ഈ സമയത്ത് പ്രചരിച്ചിരുന്നു.
വെയ്ന്‍സ്റ്റെയിനെതിരായ ആരോപണങ്ങള്‍ പുറത്തുവന്നത് ഏറെ പ്രതീക്ഷനല്‍കുന്ന കാര്യമാണ്. ട്രംപിന്റെയും ഗതി ഇതുതന്നെയാകണമെന്ന് ആരോപണമുന്നയിച്ചവരില്‍ മൂന്ന് പേര്‍ ദ ഗാര്‍ഡിയനോട് പറഞ്ഞു. കാതി ഹെല്ലര്‍, കാരി വെല്‍സ് , ജസീക്ക ലീഡ്‌സ് എന്നിവരാണ് ട്രംപിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സിനിമാ ലോകത്തെ ഞെട്ടിക്കുന്ന ലൈംഗികാരോപണങ്ങളാണ് ലോക പ്രശസ്ത നിര്‍മ്മാതാവിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി സിനിമാലോകത്തെ പ്രമുഖ നടിമാരെ വിവിധ സ്ഥലങ്ങളില്‍ വച്ച് വെയ്ന്‍സ്റ്റെയിന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരം ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടതിന് പിന്നാലെ നവമാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു.
ലണ്ടനില്‍ വച്ച് ഹോളിവുഡ് നടി ലെനറ്റ് ആന്റണി ഉള്‍പ്പെടെ മൂന്നുപേരെ പലപ്പോഴായി വെയ്ന്‍സ്റ്റെയിന്‍ പീഡനത്തിനിരയാക്കിയ വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. 1980ല്‍ ഹാര്‍വി വെയ്ന്‍സ്റ്റെയിന്‍ തന്നെ ലണ്ടനില്‍വച്ചു ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നു കഴിഞ്ഞദിവസം സണ്‍ഡേ ടൈംസിനോടാണ് ലെനറ്റ് വെളിപ്പെടുത്തിയത്.
ഹോളിവുഡ് താരം ആഞ്ജലീന ജോലിയും ഗിനത്ത് പാള്‍ട്രോയും അടക്കം നിരവധി പ്രമുഖ താരങ്ങളെ ഹാര്‍വി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നു ന്യൂയോര്‍ക്ക് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ലിയ സെയ്ദു, റോസ് മഗവന്‍, ആസിയ അര്‍ജന്റോ, ആംബ്ര ഗുറ്റിയെറസ്, ആഷ്‌ലി ജൂഡ്, കാറ ഡെലവിന്‍, ഹെതര്‍ ഗ്രഹാം, ലുസിയ ഇവാന്‍സ് തുടങ്ങി ഇരുപത്തഞ്ചോളം നടിമാരും മോഡലുകളും സിനിമാ പിന്നണി പ്രവര്‍ത്തകരായ യുവതികളുമടക്കം 43 ഓളം പേരാണ് ഇതിനോടകം ഹാര്‍വിയുടെ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അദ്ദേഹം ശക്തമായി നിഷേധിച്ചിട്ടുണ്ട്.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഓസ്‌കാര്‍ പുരസ്‌കാര വിതരണ കമ്പനിയായ അക്കാഡമി ഒഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് അംഗത്വത്തില്‍ നിന്ന് വെയ്ന്‍സ്റ്റെയിനെ പുറത്താക്കിയിരുന്നു. സഹോദരന്‍ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ പ്രൊഡക്ഷന്‍ കമ്പനിയുടെ അദ്ധ്യക്ഷസ്ഥാനത്തുനിന്നു ഹാര്‍വിയെ പുറത്താക്കി. ആരോപണങ്ങളെ തുര്‍ന്ന് ഭാര്യ ജോര്‍ജിയന വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related News