Monday
18 Dec 2017

ട്രംപിന്റെ ട്വിറ്റര്‍ ഓഫ് ആക്കിയ ജീവനക്കാരനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിക്കുമോ

By: Web Desk | Friday 3 November 2017 12:47 PM IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് വ്യാഴാഴ്ച രാത്രി പെട്ടെന്ന് അപ്രത്യക്ഷമായി. ലോകം മുഴുവന്‍ ചര്‍ച്ചയായ വലിയ പിഴവിന് പിന്നില്‍ ട്വിറ്റര്‍ വിട്ടുപോകുന്ന ജീവനക്കാരന്റെ ഇടപെടലാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. പതിനൊന്ന് മിനിട്ടിന് ശേഷം അക്കൗണ്ട് പുന:സ്ഥാപിച്ചു. ട്രംപിന്റെ ട്വിറ്റര്‍ ഓഫ് ആക്കിയ ജീവനക്കാരനെ അമേരിക്കന്‍ ഹീറോ എന്നാണ് സോഷ്യല്‍ മീഡിയ വാഴ്ത്തുന്നത്,ഇയാളെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിക്കണമെന്നുകൂടി ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് ‘ഡീആക്ടിവേറ്റ്’ ചെയ്തുവെന്ന വാര്‍ത്ത പരക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ട് സന്ദര്‍ശിച്ചവര്‍ക്കെല്ലാം ഈ പേജ് നിലവിലില്ല എന്ന സന്ദേശമാണ് ലഭിച്ചത്. പലപ്പോഴും വിവാദമായ പോസ്റ്റുകളുമായി ട്രംപ് സ്ഥിരമായി ഇടപെടാറുള്ള @realdonaldtrump എന്ന അക്കൗണ്ടാണ് കാണാതായത്.

സംഭവത്തിന് പിന്നാലെ ട്വിറ്റര്‍ ജീവനക്കാരന്റെ ഭാഗത്ത് സംഭവിച്ച പിഴവാണെന്ന്‌ കാണിച്ച് ട്വിറ്റര്‍ അധികൃതര്‍ വിശദീകരണം നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ട്വീറ്റില്‍ അവര്‍ വ്യക്തമാക്കി.