Thursday
24 Jan 2019

ദൂരേക്ക് തുറക്കുന്ന ജാലകങ്ങള്‍

By: Web Desk | Sunday 13 May 2018 1:00 AM IST

ബിന്ദു സനില്‍

സൗന്ദര്യാത്മകമായി ജീവിതത്തെ രേഖപ്പെടുത്തുന്ന ഫോട്ടോഗ്രാഫര്‍മാര്‍, ജീവിച്ചുതീര്‍ത്ത കാലത്തില്‍ പിന്നെയും ജീവിക്കാന്‍ സഹായിക്കുന്നവരാണ്. നല്ല ഫോട്ടോഗ്രാഫറാകാന്‍ ഫോട്ടോഗ്രാഫിയുടെ ചരിത്രം പഠിക്കണമെന്നില്ല. കലാകാരന്റെ മനസ്സും കൈയിലിരിക്കുന്ന ക്യാമറയും സൗന്ദര്യാത്മകമായി പ്രതികരിച്ചാല്‍ മതി. എന്നാല്‍ നിലവില്‍ പല സംഘടനകളും സംസ്ഥാനസര്‍ക്കാരും ആഗസ്റ്റ് 19 ലോകഫോട്ടോഗ്രാഫി ദിനമായി ആഘോഷിക്കുമ്പോള്‍, ആഗസ്റ്റ് 19 ഫോട്ടോഗ്രാഫി ചരിത്രത്തിലെ കരിദിനമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് സജി എണ്ണയ്ക്കാടിന്റെ ‘നിശ്ചലം നിശ്ശബ്ദം’ എന്ന ഗ്രന്ഥത്തിന്റെ പിറവി. ‘പൊയന്റ്’ ദെവോ ദെലാ ഫെനിത്രേ’ എന്ന ആദ്യഫോട്ടോഗ്രാഫ് പോലെ തന്നെ, നമുക്ക് അജ്ഞാതമായിരുന്ന ഫോട്ടോഗ്രാഫിചരിത്രം മലയാളിയുടെ വെളിച്ചത്തിലേക്ക് വന്നതും അങ്ങനെയാണ്. മലയാളത്തില്‍- ഒരു പക്ഷേ ഇതര ഇന്ത്യന്‍ ഭാഷകളില്‍ തന്നെ- ആദ്യമായി ഫോട്ടോഗ്രാഫിയുടെ ചരിത്രമെഴുതി, ചരിത്രത്തിലേക്ക് നടന്നു കയറിയിരിക്കുന്നു സജി എണ്ണയ്ക്കാട്. ഫോട്ടോവൈഡ് മാഗസിനില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ‘നിശ്ചലം നിശ്ശബ്ദം’. ഫോട്ടോഗ്രാഫിയിലെ മഹാരഥന്‍മാര്‍ എന്ന പേരിലാണ് ലേഖനപരമ്പര പ്രസിദ്ധീകരിച്ചിരുന്നത്.
ചൈനീസ് തത്ത്വചിന്തകനായ മോസുവിന്റെ സൂര്യഗ്രഹണ പരീക്ഷണം, അരിസ്റ്റോട്ടിലിന്റെ ക്യാമറഒബ്‌സ്‌ക്യൂറാ, പ്രകാശശാസ്ത്രത്തിന്റെ പിതാവ് എറിയപ്പെടുന്ന അബുഅലിഹസന്റെ പരീക്ഷണങ്ങള്‍ എന്നിവയില്‍ തുടങ്ങി ഡിജിറ്റല്‍സാങ്കേതികവിദ്യയുടെ സാദ്ധ്യതകളില്‍ എത്തി നില്ക്കുന്ന ഫോട്ടോഗ്രാഫിയുടെ വികാസപരിണാമങ്ങളുടെ ഓരോ ഘട്ടവും ഈ പുസ്തകത്തിന്റെ 24 അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്നു.
ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫിദിനമല്ല എന്ന് തെളിയിക്കാന്‍ സജി കണ്ടെത്തിയ തെളിവുകള്‍ ആധികാരികവും യുക്തിഭദ്രവുമാണ്. വാസ്തവത്തില്‍ ആഗസ്റ്റ് 19 ഫോട്ടോഗ്രാഫി ചരിത്രത്തിലെ കരിദിനമാണ.് ‘പോയന്റ് ദെവോദെലാ ഫെനിത്രേ’ എന്ന, ആദ്യഫോട്ടോഗ്രാഫ് എടുത്ത, ഫ്രഞ്ചുകാരനായ ജോസഫ് നീസ്ഫര്‍ നീപ്‌സ് ജനിച്ച ദിവസമോ മരിച്ച ദിവസമോ അല്ല ആഗസ്റ്റ് 19. ആദ്യഫോട്ടോഗ്രാഫ് എടുത്തതും അന്നല്ല. ഫോട്ടോഗ്രാഫി എന്ന വാക്ക് ആദ്യമായി പ്രയോഗിച്ച സര്‍ ജോണ്‍ ഹേഴ്‌സല്‍ ആഗസ്റ്റ് പത്തൊന്‍പതിനല്ല ആ പ്രയോഗം നടത്തിയത്. അത് 1839 മാര്‍ച്ച് 14-ന് ആയിരുന്നു. എത്രയോ ലോകദിനങ്ങള്‍ നമ്മള്‍ ആഘോഷിക്കാറുണ്ട്. ആ വിഷയവുമായി ബന്ധപ്പെട്ട അഭിനന്ദനാര്‍ഹവും പ്രചോദനക്ഷമവുമായ ഒരു ദിനമാണ് അതിനായി തെരഞ്ഞെടുക്കുന്നത്. ലോകപ്രശസ്ത കലാചരിത്രകാരി ലേഡി എലിസബത്ത് ഈസ്റ്റ്‌ലേക്ക്, ആഗസ്റ്റ് 19 എന്ന ദിവസത്തെ ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലെ കൊടിയ വഞ്ചന (ഷിക്കെയ്‌നറി) എന്നാണ് വിശേഷിപ്പിക്കുന്നത്. ആദ്യഫോട്ടോഗ്രാഫിന്റെ ഉപജ്ഞാതാവായ ജോസഫ് നീസ്ഫര്‍ നീപ്‌സിന്റെ കഠിനപരീക്ഷണങ്ങളില്‍ ഇടക്കാലത്ത് ഒപ്പം കൂടിയ ഫ്രഞ്ചുകാരനായ ദാഗൈര്‍, നീപ്‌സിന്റെ പരീക്ഷണങ്ങള്‍ തന്റേതാക്കി അത് ലോകത്തെ അറിയിക്കുന്നതിനായി ദാഗുരൈടൈപ്പ് പ്രോസസ്സിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയ ദിവസമാണ് ആഗസ്റ്റ് 19. അതാണ് കൊടിയ വഞ്ചന എന്ന് വിശേഷിപ്പിക്കപ്പെട്ടത്. ആ വസ്തുത കാണാതെപോകുന്നവര്‍ ചരിത്രബോധം ഇല്ലാത്തവരായിത്തീരും.
ചരിത്രം പലപ്പോഴും വ്യാഖ്യാനമായി മാറുന്നത് കാണാം. കാരണം ചരിത്രകാരന്റെ സാമൂഹികവും രാഷ്ട്രീയവും മതപരവും സാമുദായികവുമായ കാഴ്ചപ്പാടുകള്‍ പലപ്പോഴും രചനയെ ബാധിക്കും. എന്നാല്‍ സജിയുടെ മതവും രാഷ്ട്രീയവും സമുദായവും എല്ലാം ഫോട്ടോഗ്രാഫിയാണ്. അതുകൊണ്ട് തന്നെ ചരിത്രപാഠങ്ങളില്‍ വെള്ളം ചേര്‍ക്കാതെയുള്ള ആഖ്യാനത്തിന് സജിക്ക് സാധിച്ചിട്ടുണ്ട്. ബ്രിട്ടനിലും ഫ്രാന്‍സിലും മറ്റുമായി പല നൂറ്റാണ്ടുകളിലായി നടന്ന ഫോട്ടോഗ്രാഫിപരീക്ഷണങ്ങളില്‍ ഒരുപാട് വ്യക്തികളുടെ കഠിനമായ പരിശ്രമവും നഷ്ടങ്ങളും നേട്ടങ്ങളും ത്യാഗങ്ങളുമൊക്കെയുണ്ട്. ഫോട്ടോഗ്രാഫിയുടെ ഗോഡ്ഫാദര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തോമസ് വേജ് വുഡ,് ഫോട്ടോഗ്രാഫി എന്ന വാക്ക് ഔദ്യോഗികമായി ആദ്യം ഉപയോഗിച്ച സര്‍ ജോഹേഴ്‌സല്‍, ആദ്യത്തെ ഫോട്ടോനെഗറ്റീവ് കണ്ടുപിടിച്ച ഹെന്റിഫോക്‌സ് താല്‍ബോട്ട്, ഡയോരമ എന്ന തീയറ്റര്‍കലയുടെ സ്ഥാപകനും പ്രചാരകനുമായ ലൂയിസ് ദാഗൈര്‍, ആദ്യകാല പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫര്‍ ജൂലിയമാര്‍ഗരറ്റ് കാമറൂ, ആദ്യമായി ഫോട്ടോ എടുത്ത വനിതയായ അന്ന അറ്റ്കിന്‍സ്, ഫോട്ടോ ജേര്‍ണലിസത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാത്യു ബ്രാഡി, പ്രമുഖ യുദ്ധഫോട്ടോഗ്രാഫര്‍ റോജര്‍ ഫെന്റന്‍, ഏരിയല്‍ ഫോട്ടോഗ്രാഫിക്ക് തുടക്കമിട്ട നാടാര്‍ (ജാസ്പാഡ് ഫെലിക്‌സ്) ആദ്യ സ്‌പോട്ട് ന്യൂസ് ഫോട്ടോഗ്രാഫ് എടുത്ത ജോര്‍ജ് നോര്‍മന്‍ ബര്‍ണാഡ്, ഫോട്ടോഗ്രാഫിയുടെ ആദ്യ ചരിത്രകാരി ലേഡി എലിസബത്ത് ഈസ്റ്റ്‌ലേക്ക,് ആദ്യ ഫോട്ടോജേര്‍ണലിസ്റ്റ് എറിയപ്പെടുന്ന മാര്‍ഗരറ്റ് ബ്രൂക്ക് വൈറ്റ് എന്നിവര്‍ ഫോട്ടോഗ്രാഫി ചരിത്രത്തിന്റെ ഏതേതിടങ്ങളില്‍ നില്ക്കുന്നു എന്ന് ഈ പുസ്തകം കൃത്യമായി അടയാളപ്പെടുത്തുമ്പോള്‍, ഫോട്ടോഗ്രാഫിയുടെ ഭൂതകാലം നിശ്ചലവും നിശ്ശബ്ദവുമല്ല എന്ന് നാം തിരിച്ചറിയുന്നു.
ഫോട്ടോഗ്രാഫിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച ഓരോ വ്യക്തിയെയും പരിചയപ്പെടുത്തുമ്പോള്‍ അര്‍ഹിക്കുന്ന വിശേഷണങ്ങള്‍ ഗ്രന്ഥകാരന്‍ കൊടുക്കുന്നു. മാര്‍ഗരറ്റ് ബ്രൂക്ക് വൈറ്റിന് കൊടുക്കുന്ന വിശേഷണം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ചര്‍ക്കയുടെ സമീപത്തിരുന്ന് പത്രം വായിക്കുന്ന ഗാന്ധിജിയുടെ, ലോകപ്രശസ്തമായ ചിത്രം എടുത്തത് ആരെന്ന് എത്രപേര്‍ക്കറിയാം. ആ ചിത്രമെടുത്ത മാര്‍ഗരറ്റ് ബ്രൂക്ക് വൈറ്റ് തന്നെയാണ് ആദ്യ യുദ്ധ കറസ്‌പോണ്ടന്റും ആദ്യ ഇന്‍ഡസ്ട്രിയല്‍ ഫോട്ടോഗ്രാഫറും. ഫോട്ടോഗ്രാഫിയില്‍, ലോകത്തിലെ ആദ്യ എന്ന വിശേഷണം പലതും മാര്‍ഗരറ്റിന്റേതാണ്.
ലോകഫോട്ടോഗ്രാഫിചരിത്രത്തെക്കുറിച്ച് ഗൗരവമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ഫോട്ടോജേര്‍ണലിസത്തിലെ കൈരളിയുടെ സംഭാവനകളെക്കുറിച്ചും ലോകത്തെ സ്വാധീനിച്ച ഫോട്ടോഗ്രാഫുകളെക്കുറിച്ചും പറയുന്നിടത്ത് ലളിതവും വൈകാരികവുമായ ഭാഷയിലേക്ക് ചുവട് മാറ്റുത് കാണാം. ആവിഷ്‌കരിക്കുന്ന വിഷയത്തിനനുസരിച്ച് ഭാഷ മാറ്റുക എന്നത് കൃതഹസ്തരായ എഴുത്തുകാരുടെ സിദ്ധിയാണ്. ഫോട്ടോ ജേര്‍ണലിസത്തിന് കൈരളിയുടെ ഒരു ക്ലിക്ക് എന്ന അദ്ധ്യായം കേരളത്തിലെ ഫോട്ടോജേര്‍ണലിസത്തിന്റെ ചരിത്രം തെയാണ്; ഗവേഷണകുതുകികള്‍ക്ക് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ പ്രചോദകവും. വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്ക ബോംബ് ഇട്ടതിനെതുടര്‍ന്ന് തെരുവിലൂടെ നഗ്നയായി ഓടിയ കിം ഫുക്ക് എന്ന പെണ്‍കുട്ടിയുടെ ചിത്രത്തെക്കുറിച്ച് പറയുമ്പോള്‍ വിയറ്റ്‌നാം യുദ്ധവും അതിന്റെ ചരിത്ര പശ്ചാത്തലവും സജി വിശദീകരിക്കുുണ്ട്. നിക്ഉട്ട് ആണ് ആ ചിത്രം എടുത്തത്. സമീപകാലത്ത് കേരളത്തിലെത്തിയ നിക്ഉട്ട് ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെട്ടത് ‘The terror of war’ എന്ന ആ ചിത്രത്തിന്റെ പേരില്‍ തന്നെയാണ്. ലോകത്തെ സ്വാധീനിച്ച ഫോട്ടോഗ്രാഫുകളെക്കുറിച്ച് പറയുന്നിടത്ത്, ആ ഫോട്ടോകളുടെ ചരിത്രപശ്ചാത്തലവും അവ സമൂഹത്തിലുണ്ടാക്കിയ സ്വാധീനവും അവതരിപ്പിക്കുമ്പോള്‍ ഫോട്ടോഗ്രാഫിക്കപ്പുറമുള്ള ചരിത്രം കൂടി ഗ്രന്ഥത്തിന്റെ ഭാഗമാകുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പുറത്തിറക്കുന്ന ‘നിശ്ചലം നിശ്ശബ്ദം’ വിന്‍സെന്റ്‌മൊണാലിസ, കെ ജെ വിന്‍സെന്റ് എന്നിവര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. സജി എണ്ണയ്ക്കാടിന്റെ ദീര്‍ഘനാളത്തെ പ്രയത്‌നം, ‘നിശ്ചലം നിശ്ശബ്ദം’ എന്ന ഈ ഗ്രന്ഥത്തിലൂടെ സഫലമാകുമ്പോള്‍, ഫോട്ടോഗ്രാഫിയുടെ ഭൂതകാലത്തിലേക്കുള്ള ആദ്യ ജാലകക്കാഴ്ചയായി മാറുന്നു.